| Thursday, 15th October 2026, 11:03 am

പി.എം ശ്രീ പദ്ധതി ഏകപക്ഷീയമായി പിന്മാറാൻ സംസ്ഥാനത്തിന് വ്യവസ്ഥയില്ല; കേന്ദ്രം തടഞ്ഞുവെച്ചത് 1607 കോടി രൂപയെന്ന് വിദ്യാഭ്യാസ മന്ത്രി

ശ്രീലക്ഷ്മി പി.പി

തിരുവനന്തപുരം: പി.എം ശ്രീ ധാരണാപത്രത്തിൽനിന്ന് ഏകപക്ഷീയമായി പിന്മാറാൻ സംസ്ഥാനത്തിന് വ്യവസ്ഥയില്ലെന്ന് വിദ്യാഭ്യാസ മന്ത്രി നിയമസഭയിൽ അറിയിച്ചു.

പൊതുതാത്പര്യപ്രകാരം 30 ദിവസത്തെ നോട്ടീസ് നൽകി കരാർ റദ്ദാക്കാനോ അവസാനിപ്പിക്കാനോ ഉള്ള അവകാശം കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിലെ ഡിപ്പാർട്ട്മെന്റ് ഓഫ് സ്കൂൾ എജ്യുക്കേഷൻ ആൻഡ് ലിറ്ററസിക്ക് മാത്രമാണുള്ളതെന്നും, കരാർ വ്യവസ്ഥകളിൽ മാറ്റം വരുത്തണമെങ്കിൽ ഇരു കക്ഷികളുടെയും പരസ്പര സമ്മതം ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ നിലവിലുള്ള സിലബസ് അല്ലാതെ മറ്റൊരു പാഠ്യപദ്ധതിയും അനുവദിക്കില്ലെന്നതാണ് സർക്കാരിന്റെ നയമെന്നും എന്നാൽ, കഴിഞ്ഞ സർക്കാർ പദ്ധതി നടപ്പിലാക്കാമെന്ന് ഒപ്പുവെച്ച കരാറിൽ പിന്മാറാനുള്ള വ്യവസ്ഥ ഇല്ലാത്തതാണ് നിലവിലെ പ്രതിസന്ധിക്ക് കാരണമെന്നും അദ്ദേഹം സഭയിൽ പറഞ്ഞു.

ഈ സാഹചര്യത്തിൽ സ്വീകരിക്കേണ്ട തുടർനടപടികൾ പഠിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ വിദ്യാഭ്യാസ മന്ത്രിയുടെ അധ്യക്ഷതയിൽ മന്ത്രിസഭാ ഉപസമിതിയെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും, ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും അന്തിമ തീരുമാനമെന്നും മന്ത്രി മറുപടി നൽകി.

പദ്ധതി നടപ്പിലാക്കാത്തതിനാൽ സമഗ്ര ശിക്ഷ കേരളം (എസ്.എസ്.കെ), പി.എം ജൻമൻ, ഡയറ്റ്സ് ഓഫ് എക്സലൻസ്, ഡി.എ.ജെ.ജി.യു.എ എന്നിവയിലൂടെ ലഭിക്കേണ്ട 1607 കോടി രൂപയുടെ കേന്ദ്രവിഹിതം തടഞ്ഞുവെച്ചിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.

2023-24 മുതൽ എസ്.എസ്.കെ ഇനത്തിൽ 2023-24ൽ 280 കോടിയും, 2024-25ൽ 513 കോടിയും, 2025-26ൽ 357 കോടിയും, 2026-27ൽ 433 കോടിയും ലഭിക്കാനുണ്ട്. ഇതിനുപുറമെ പി.എം ജൻമനിൽ 5.5 കോടിയും, ഡയറ്റ്സ് ഓഫ് എക്സലൻസിൽ 12 കോടിയും, ഡി.എ.ജെ.ജി.യു.എ വഴി മൂന്ന് കോടിയും ഉൾപ്പെടെയാണ് ഭീമമായ തുക കുടിശ്ശികയായിട്ടുള്ളതെന്നും ഷംസുദീൻ സഭയിൽ വിശദമാക്കി.

പഞ്ചാബ് സർക്കാർ 2022 ഒക്ടോബറിൽ ധാരണാപത്രത്തിൽ ഒപ്പുവെച്ച് 241 സ്കൂളുകളെ തെരഞ്ഞെടുത്തെങ്കിലും പിന്നീട് പിന്മാറുകയും, തുടർന്ന് 2024 ജൂലൈയിൽ വീണ്ടും തീരുമാനം മാറ്റി നിലവിൽ 419 സ്കൂളുകളിൽ പദ്ധതി നടപ്പാക്കുകയും ചെയ്യുന്നുണ്ട്. തമിഴ്നാട് ഒഴികെയുള്ള ഭൂരിഭാഗം സംസ്ഥാനങ്ങളും ഇതിൽ ഒപ്പുവെച്ചിട്ടുണ്ടെന്ന കാര്യവും സഭയിൽ ചർച്ചയായി.

എന്നാൽ പഞ്ചാബ് ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളുടെ രീതിയിലേക്ക് മാറുമോ എന്ന ചോദ്യത്തിന്, സ്വന്തം പാഠ്യപദ്ധതി സംരക്ഷിക്കുമെന്ന നിലപാടിൽ സർക്കാർ ഉറച്ചുനിൽക്കുകയാണെന്നും ഉപസമിതിയുടെ റിപ്പോർട്ട് വന്ന ശേഷമേ തുടർകാര്യങ്ങൾ വ്യക്തമാകൂ എന്നും മന്ത്രി മറുപടി നൽകി.

Content Highlight:There is no provision for the state to unilaterally withdraw from the PM SHRI scheme; the Centre has withheld Rs 1,607 crore, says the Education Minister.

ശ്രീലക്ഷ്മി പി.പി

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയിനി. കണ്ണൂര്‍ സര്‍വകലാശാലയില്‍ നിന്നും ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more