ടെഹ്‌റാൻ: ഉപരോധം നേരിടുന്ന ഗസയ്‌ക്കൊപ്പമാണോ അതോ കുട്ടികളെ പീഡിപ്പിക്കുന്നവർക്കൊപ്പമാണോ എന്ന് ലോകം തീരുമാനിക്കണമെന്നും അതിനിടയിൽ നിഷ്പക്ഷ നിലപാടില്ലെന്നും ഇറാൻ പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബഖർ ഖാലിബാഫ്.
ഒരു വയസുള്ള കുട്ടിയെ പീഡിപ്പിക്കുന്ന ഇസ്രഈൽ പട്ടാളക്കാരുടെ ദൃശ്യങ്ങൾ പുറത്തുവന്നതിന് പിറകെയാണ് ഖാലിബാഫിന്റെ ഈ പ്രതികരണം.
‘ഇറാൻ മനുഷ്യത്വത്തിനുവേണ്ടി പോരാടുകയാണ്. ലോകം ഒന്നുകിൽ ഗാസയോടൊപ്പം നിന്ന് സാമ്രാജ്യത്വ ഭീകരതയെ ചെറുക്കണം അല്ലെങ്കിൽ അവർ എപ്‌സ്റ്റീന്റെ കൂട്ടാളികൾക്കൊപ്പവും കുട്ടികളെ പീഡിപ്പിക്കുന്നവർകൊപ്പവും നിൽക്കണം. ഇതിനിടയിൽ ഒരു നിഷ്പക്ഷ നിലപാടില്ല,’ ഇറാൻ പാർലമെന്റ് സ്പീക്കർ എക്‌സിൽ പ്രതികരിച്ചു.
ഗസയിലെ അൽ മഗാസി അഭയാർത്ഥി ക്യാമ്പിന് സമീപമുള്ള സൈനിക ചെക്ക്‌പോസ്റ്റിൽ പിതാവ് ഒസാമ അബു നാസറിനെ ചോദ്യം ചെയ്യാനായി തടഞ്ഞുവെച്ചപ്പോൾ, കരീം എന്ന 18 മാസം പ്രായമുള്ള കുട്ടിയെ പീഡിപ്പിക്കുന്ന ദൃശ്യങ്ങളാണ് കഴിഞ്ഞ ദിവസം പുറത്തുവന്നത്.
പിതാവിനെ ചോദ്യം ചെയ്യുന്നതിനിടെ കുഞ്ഞിന്റെ കാലിൽ സിഗരറ്റ് ഉപയോഗിച്ച് പൊള്ളിച്ചതായും അച്ഛന്റെ മുന്നിൽവച്ചുതന്നെ കുട്ടിയുടെ കാലിൽ ആണി തറച്ചതായും ഫലസ്തീൻ മാധ്യമപ്രവർത്തകൻ ഒസാമ അൽ കഹ്‌ലൂട്ട് റിപ്പോർട്ട് ചെയ്തു. ഈ പീഡനങ്ങൾ സ്ഥിരീകരിക്കുന്ന മെഡിക്കൽ റിപ്പോർട്ടുകളുമുണ്ട്.
വീട്ടിലേക് സാധനങ്ങൾ വാങ്ങാൻ പോയ കരീമും പിതാവും വെടിവെപ്പിനിടയിൽ ഇസ്രഈൽ സേനയുടെ കയ്യിലകപ്പെടുകയായിരുന്നെന്നും മകനെ നിലത്തുപേക്ഷിച്ച് അടുത്തുള്ള സൈനിക ചെക്ക്‌പോസ്റ്റിലേക്ക് വരാൻ ഇസ്രഈൽ സൈനികർ ആവശ്യപ്പെട്ടുവെന്നും തുർക്കി മാധ്യമമായ ടി.ആർ.ടി വേൾഡ് റിപ്പോർട്ട് ചെയ്യുന്നു.
ചെക്ക്‌പോസ്റ്റിലെത്തിയ അച്ഛനെ വിവസ്ത്രനാക്കി ചോദ്യം ചെയ്‌തെന്നും റിപ്പോർട്ടിൽ പറയുന്നു.
പത്ത്മണിക്കൂറുകൾക്ക് ശേഷം ഇന്റർനാഷണൽ റെഡ്ക്രോസ് കമ്മറ്റിയുടെ നേതൃത്വത്തിൽ കുട്ടിയെ രക്ഷിതാക്കൾക്ക് കൈമാറിയെന്നും റിപ്പോർട്ട്ചെയ്യുന്നുണ്ട്.
അതേസമയം കുട്ടിയുടെ പിതാവ് ഒസാമ അബു നാസർ ഇപ്പോഴും കസ്റ്റഡിയിൽ തുടരുകയാണ്.
Content Highlight: There is no neutrality in the killing of even the youngest children in Gaza, the world must choose a side: Iranian speaker