| Wednesday, 3rd September 2025, 3:12 pm

ലാല്‍ അമ്പിളിച്ചേട്ടനെക്കുറിച്ച് പറഞ്ഞത് വിവാദമാക്കേണ്ട ആവശ്യമില്ല: ജോണി ആന്റണി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

സിനിമാപ്രേമികള്‍ക്ക് ഏറെ പ്രിയപ്പെട്ട നടനാണ് ജഗതി ശ്രീകുമാര്‍. അദ്ദേഹത്തിന്റെ കൂടെ വര്‍ക്ക് ചെയ്തിട്ടുള്ളവരില്‍ പലരും പറഞ്ഞിട്ടുള്ള കാര്യമാണ് സീന്‍ ഷൂട്ട് ചെയ്യുന്ന സമയത്ത് ജഗതി പ്രതീക്ഷിക്കാതെ ഡയലോഗുകള്‍ പറയുമെന്ന്.

എന്നാല്‍ സംവിധായകന്‍ ലാല്‍ കുറച്ച് നാളുകള്‍ക്ക് മുമ്പ് ഷോട്ടിന്റെ സമയത്ത് പ്രതീക്ഷിക്കാതെ ഡയലോഗുകള്‍ കയ്യില്‍ നിന്നും ഇടുന്ന രീതി ഒട്ടും പ്രോത്സാഹിപ്പിക്കാന്‍ പാടില്ലെന്ന് പറഞ്ഞിരുന്നു. അതൊരു കഴിവായി കാണുന്നത് ശരിയല്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഇപ്പോള്‍ അതിനെക്കുറിച്ച് സംസാരിക്കുകയാണ് സംവിധായകന്‍ ജോണി ആന്റണി.

‘ഷോട്ടുകള്‍ക്ക് ഇടക്കുള്ള ചെറുരംഗങ്ങളില്‍ എക്സ്ട്രാ ആക്ടിങ് ചെയ്യുന്നുണ്ടങ്കില്‍ ജഗതി ചേട്ടനത് പറയും. ഷോട്ട് തീരാന്‍ പോകുന്ന സമയത്താണെങ്കില്‍ പുള്ളി കട്ട് ചെയ്യല്ലേ, ഒരു കാര്യം കൂടിയുണ്ട് എന്ന് പറയും. അത് കേള്‍ക്കുമ്പോ നമുക്ക് മനസിലാകും എന്തോ ഒരു സംഭവം പുള്ളി കാണിക്കാന്‍ പോകുന്നുണ്ടെന്ന്.

ആ ചെറുരംഗം പുള്ളി നേരത്തേതന്നെ അഭിനയിച്ച് കാണിക്കാത്തതെന്താണെന്ന് ചോദിച്ചാല്‍ പുള്ളിക്ക് ഓഡിയന്‍സ് റെസ്പോണ്‍സ് അറിയണം. തമാശ ഫലിക്കുമെന്ന് തോന്നിയാല്‍ വേറെയൊന്നും നോക്കില്ല. പുള്ളി അഭിനയിച്ച് തകര്‍ക്കും.

ജഗതിച്ചേട്ടനെ നല്ല പരിചയമുള്ളതു കൊണ്ടും അസാമാന്യ പ്രതിഭയായതു കൊണ്ടുമെല്ലാം നമുക്ക് ആദ്യമേ ബോധ്യമുണ്ടാകും എന്തോ എക്സ്ട്രാ ഇടാന്‍ പോകുന്നുണ്ടെന്ന്,’ ജോണി ആന്റണി പറയുന്നു.

സിനിമയില്‍ എക്കാലത്തും ഹാസ്യം കൈകാര്യം ചെയ്തിരുന്നയാള്‍ എന്ന നിലയില്‍ അദ്ദേഹത്തെ പോലൊരാള്‍ എടുക്കുന്ന എക്സ്ട്രാ മാനറിസങ്ങളെ പ്രേക്ഷകരെന്നും സ്വീകരിച്ചിട്ടേയുള്ളുവെന്നും അദ്ദേഹത്തിന് അതിനുള്ള ലൈസന്‍സും പ്രേക്ഷകര്‍ നല്‍കിയിട്ടുണ്ടെന്നും ജോണി ആന്റണി കൂട്ടിച്ചേര്‍ത്തു.

സംവിധായകന്‍ ലാല്‍ പറഞ്ഞതിനെ വിവാദമാക്കേണ്ട കാര്യമില്ലെന്നും ജഗതി ശ്രീകുമാറിന് മികച്ച കഥാപാത്രങ്ങളെ നല്‍കിയ സംവിധായകരില്‍ ഒരാളാണ് അദ്ദേഹമെന്നും അദ്ദേഹം പറയുന്നു.

കാബൂളിവാലയിലെ കടലാസ് എന്ന കഥാപാത്രം കാണിക്കുന്ന ഓരോ മാനറിസവും പ്രേക്ഷകനെ ചിരിപ്പിക്കുകയും ഈറനണിയിപ്പിക്കുകയും ചെയ്തതാണെന്നും ജഗതി ശ്രീകുമാര്‍ പൂര്‍ണ ആരോഗ്യവാനായിരുന്നെങ്കില്‍ ഇത് ചിരിച്ച് തള്ളിയേനെയെന്നും ജോണി ആന്റണി കൂട്ടിച്ചേര്‍ത്തു.

Content Highlight: There is no need to make what he said about Lal Jagathy controversial: Johny Antony

We use cookies to give you the best possible experience. Learn more