പനാജി: യുവജനങ്ങളെ ജെന്‍ സി , ജെന്‍ ആല്‍ഫ എന്നിങ്ങനെ വ്യത്യസ്ത തലമുറകളായി തരംതിരിക്കുകയോ വിഭജിക്കുകയോ ചെയ്യേണ്ടതില്ലെന്ന് ബി.ജെ.പി ദേശീയ അധ്യക്ഷന്‍ നിതിന്‍ നബിന്‍.
കഠിനാധ്വാനത്തിലൂടെയും സ്ഥിരോത്സാഹത്തിലൂടെയും മാറ്റങ്ങള്‍ കൊണ്ടുവരാന്‍ ആഗ്രഹിക്കുന്ന ആരെയും യുവാക്കളായി കണക്കാക്കണമെന്നും അദ്ദേഹം പറഞ്ഞു. ഗോവയിലെ പനാജിയില്‍ ബി.ജെ.പി സംഘടിപ്പിച്ച ‘യുവ സംവാദ്’ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘യുവത്വത്തെ കേവലം പ്രായത്തിന്റെ പരിധിയില്‍ ഒതുക്കരുതെന്ന് നിതിന്‍ നവിന്‍ ചൂണ്ടിക്കാട്ടി. ജീവിതത്തില്‍ മുന്നേറാനും മാറ്റങ്ങള്‍ സൃഷ്ടിക്കാനുമുള്ള ആഗ്രഹം ഉള്ളിടത്തോളം കാലം ഒരാള്‍ യുവാവായിത്തന്നെ തുടരും. അതിന് പ്രായം 15 ആണോ 45 ആണോ എന്നത് പ്രസക്തമല്ല. സ്വന്തം ഭാവി കെട്ടിപ്പടുക്കുന്നതിനൊപ്പം രാജ്യത്തിന്റെയും സംസ്ഥാനത്തിന്റെയും പുരോഗതിക്കായി സംഭാവന നല്‍കുക എന്ന പൊതുവായ ലക്ഷ്യമാണ് ഇന്നത്തെ യുവാക്കള്‍ക്കുള്ളത്. അതിനാല്‍ അവരെ പല തട്ടുകളാക്കി മാറ്റരുത്,’ ബി.ജെ.പി നേതാവ് പറഞ്ഞു.
ഇത്തരം പാശ്ചാത്യ ജനസംഖ്യാപരമായ തരംതിരിവുകള്‍ അനാവശ്യമാണെന്ന് നേരത്തെ വാരണാസിയില്‍ നടന്ന ചടങ്ങിലും നബിന്‍ പറഞ്ഞിരുന്നു. യുവാക്കളെ ആല്‍ഫ, ബീറ്റാ, ഗാമാ എന്നിങ്ങനെ വിഭജിക്കുന്ന രാഷ്ട്രീയം പാടില്ലെന്നും യുവാക്കളുടെ ഐഡന്റിറ്റി അവരുടെ ചിന്തകളിലും കഴിവുകളിലുമാണ് അടങ്ങിയിരിക്കുന്നു എന്നായിരുന്നു നിതിന്‍ നബിന്റെ പരാമര്‍ശം.
രാജ്യവ്യാപകമായി യുവജനങ്ങളെ കേന്ദ്രീകരിച്ച് പ്രതിപക്ഷ പാര്‍ട്ടികള്‍ വിവിധ പരിപാടികള്‍ നടത്തുന്ന പശ്ചാത്തലത്തിലാണ് ബി.ജെ.പി തങ്ങളുടെ യുവജന വിഭാഗം വഴി നേരിട്ടുള്ള ഇത്തരം സംവാദ പരിപാടികള്‍ സജീവമാക്കുന്നത്. പാശ്ചാത്യ പദങ്ങളായ ‘ജെന്‍ സി’ പോലുള്ള വിഭജനങ്ങള്‍ ഒഴിവാക്കി, കൂടുതല്‍ ഉള്‍ക്കൊള്ളുന്നതും ഇന്ത്യന്‍ സംസ്‌കാരത്തിന് അനുയോജ്യവുമായ ‘യുവ’ , ‘ഛാത്ര’ തുടങ്ങിയ പദങ്ങള്‍ക്ക് പ്രാധാന്യം നല്‍കാനാണ് പാര്‍ട്ടി ലക്ഷ്യമിടുന്നതെന്നും അദ്ദേഹം പറഞ്ഞു.
Content Highlight: There is no need to categorize young people as ‘Gen Z’ or ‘Gen Alpha’: BJP