| Wednesday, 26th February 2025, 8:37 am

സാക്ഷികള്‍ക്ക് കുറഞ്ഞ പ്രായപരിധിയില്ല; കുട്ടികളുടെ സാക്ഷിമൊഴിക്കും സാധുതയെന്ന് സുപ്രീം കോടതി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: കുട്ടികളുടെ സാക്ഷിമൊഴിക്കും സാധുതയുണ്ടെന്ന് സുപ്രീം കോടതി. തെളിവുനിയമത്തില്‍ മൊഴികള്‍ നല്‍കുന്ന സാക്ഷികളുടെ കുറഞ്ഞ പ്രായം സംബന്ധിച്ച വ്യവസ്ഥകള്‍ ഇല്ലാത്തതിനാല്‍ കോടതികള്‍ കുട്ടികളുടെ മൊഴികള്‍ തള്ളിക്കളയരുതെന്ന് സുപ്രീം കോടതി പറഞ്ഞു. ജസ്റ്റിസുമാരായ ജെ.ബി. പര്‍ധിവാല, മനോജ് മിശ്ര എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് വിധി.

മൊഴി നല്‍കാന്‍ പ്രാപ്തിയുള്ളയിടത്തോളം കുട്ടികളുടെ മൊഴിക്ക്, മറ്റുള്ളവരുടെ മൊഴികള്‍ക്ക് നല്‍കുന്ന അതേ പരിഗണന ഉറപ്പുനല്‍കണമെന്നും കോടതി പറഞ്ഞു. ഭാര്യയെ കൊലപ്പെടുത്തിയ കേസില്‍ ഭര്‍ത്താവിനെ കുറ്റവിമുക്തനാക്കിയ വിധി റദ്ദാക്കിക്കൊണ്ടായിരുന്നു കോടതിയുടെ നിരീക്ഷണം. കേസിലെ ഏക സാക്ഷി ദമ്പതികളുടെ മകളായ ഏഴുവയസുകാരിയായിരുന്നു.

മധ്യപ്രദേശിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. സാഹചര്യ തെളിവുകളുടെ അടിസ്ഥാനത്തില്‍ വിചാരണ കോടതി പ്രതിയെ ജീവപര്യന്തം തടവിന് വിധിച്ചിരുന്നു. എന്നാല്‍ ഈ വിധി മധ്യപ്രദേശ് ഹൈക്കോടതി റദ്ദാക്കുകയായിരുന്നു.

ഇതിനെ ചോദ്യം ചെയ്ത് നല്‍കിയ ഹരജിയിലാണ് സുപ്രീം കോടതിയുടെ നിര്‍ണായക വിധി. സ്ഥിരതയുള്ളതും വിസ്തരിച്ചുള്ളതുമായ മൊഴിയാണ് കുട്ടി നല്‍കിയതെന്നും കോടതി പറഞ്ഞു. മകളുടെ മൊഴി വിശ്വസനീയമാണെന്നും കോടതി ചൂണ്ടിക്കാട്ടി.

വിചാരണ കോടതിയുടെ നടപടി ശരിവെച്ച സുപ്രീം കോടതി, കുട്ടികളുടെ മൊഴികള്‍ സാക്ഷ്യപ്പെടുത്തുന്നതിനും രേഖപ്പെടുത്തുന്നതിനുമായി മാര്‍ഗനിര്‍ദേശവും പുറപ്പെടുവിച്ചു.

സാക്ഷികള്‍ക്ക് കുറഞ്ഞ പ്രായപരിധിയില്ലെന്നും ചോദ്യം മനസിലാക്കി യുക്തിസഹമായി പ്രതികരിക്കാന്‍ കഴിയുന്ന കുട്ടികളുടെ മൊഴി തെളിവായി പരിഗണിക്കണമെന്നും മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നു.

മൊഴികളില്‍ വിചാരണ കോടതി പ്രാഥമിക പരിശോധന നടത്തണം, കുട്ടികളുടെ മൊഴി തൃപ്തികരമാണോയെന്ന് കോടതികള്‍ രേഖപെടുത്തണം, മൊഴി പഠിപ്പിച്ച് പറയിപ്പിക്കുന്നതാണോയെന്ന് പരിശോധിക്കണം തുടങ്ങിയ നിര്‍ദേശങ്ങളും കോടതി പുറപ്പെടുവിച്ചു. കുട്ടികളുടെ മൊഴി സ്വീകരിക്കുന്ന വിചാരണ കോടതികള്‍ പ്രായോഗികമായി ചിന്തിക്കണമെന്നും സുപ്രീം കോടതി പറഞ്ഞു.

Content Highlight: There is no minimum age limit for witnesses; Supreme Court says children’s testimony is valid

We use cookies to give you the best possible experience. Learn more