| Wednesday, 2nd July 2025, 3:03 pm

സര്‍ക്കാര്‍ പദവികളില്‍ ഇനി ചെയര്‍മാനില്ല; പകരം 'ചെയര്‍പേഴ്‌സണ്‍' മാത്രം

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: സര്‍ക്കാര്‍ പദവികളില്‍ നിന്ന് ‘ചെയര്‍മാന്‍’ പ്രയോഗം നീക്കി ഭരണപരിഷ്‌കരണ വകുപ്പ്. ഇനിമുതല്‍ ‘ചെയര്‍പേഴ്‌സണ്‍’ എന്നായിരിക്കും ഉപയോഗിക്കുക. ഇതുസംബന്ധിച്ച് സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിറക്കി.

സര്‍ക്കാര്‍ രേഖകളിലും പദവികളിലും ലിംഗനിക്ഷ്പക്ഷമായ വാക്കുകള്‍ ഉപയോഗിക്കുന്നതിന്റെ ഭാഗമായാണ് ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്. ഭാഷാ മാര്‍ഗനിര്‍ദേശക വിദഗ്ധസമിതിയുടെ ശുപാര്‍ശയുടെ അടിസ്ഥാനത്തിലാണ് തീരുമാനം.

ഉത്തരവ് അനുസരിച്ച് ചെയര്‍മാന്‍ എന്ന് രേഖപ്പെടുത്തിയ പഴയ നേം ബോര്‍ഡുകള്‍ ഇനി ഉപയോഗിക്കാന്‍ പാടില്ല. നിലവില്‍ വനിതാ കമ്മീഷന്‍, യുവജന കമ്മീഷന്‍ തുടങ്ങിയവയുടെ അധ്യക്ഷസ്ഥാനത്തെ ചെയര്‍പേഴ്സണ്‍ എന്നാണ് വിളിക്കുന്നത്.

എന്നാല്‍ മുന്‍കാലങ്ങളില്‍ രൂപീകരിച്ച പല കമ്മീഷനുകളിലും വകുപ്പുകളിലും ഇപ്പോഴും ചെയര്‍മാന്‍ പ്രയോഗമാണ് ഉപയോഗിക്കുന്നത്. ഈ സാഹചര്യത്തിലാണ് സര്‍ക്കാര്‍ പുതിയ ഉത്തരവിറക്കിയത്. ഇനിമുതല്‍ ഭരണതലത്തിലെ കമ്മിറ്റികളിലും സമാനസ്വഭാവമുള്ള സംവിധാനങ്ങളിലും നേതൃത്വം വഹിക്കുന്ന വ്യക്തിയെ ചെയര്‍പേഴ്‌സണ്‍ എന്നാണ് അഭിസംബോധന ചെയ്യേണ്ടത്.


തീരുമാനത്തെ പിന്തുണച്ച് സംസ്ഥാന മന്ത്രിമാര്‍ ഉള്‍പ്പെടെ പ്രതികരിച്ചു. ‘ചെയര്‍മാന്‍’ എന്നത് ‘ചെയര്‍പേഴ്‌സണ്‍’ ആക്കി മാറ്റിയ ഉദ്യോഗസ്ഥ-ഭരണപരിഷ്‌കാര വകുപ്പിന്റെ തീരുമാനം സ്വാഗതാര്‍ഹമാണെന്ന് വിദ്യാഭ്യാസമന്ത്രി വി. ശിവന്‍കുട്ടി പറഞ്ഞു.

നീതിയുക്തമായ സമൂഹത്തിനായി ലിംഗസമത്വം അനിവാര്യമാണെന്നും ഈ മാറ്റം ലിംഗസമത്വത്തിലേക്കുള്ള നിര്‍ണായക ചുവടുവെപ്പാണെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു. തീരുമാനം തുല്യത ഉറപ്പാക്കാനുള്ള സര്‍ക്കാരിന്റെ പ്രതിബദ്ധത വ്യക്തമാക്കുന്നുവെന്നും മന്ത്രി പറഞ്ഞു.

നേരത്തെ ക്യാമ്പസ് രാഷ്ട്രീയത്തിനുള്ളിലും സമാനമായ മാറ്റത്തിന് തുടക്കമിട്ടിരുന്നു. കെ.എസ്.യു, എസ്.എഫ്.ഐ ഉള്‍പ്പെടെയുള്ള വിദ്യാര്‍ത്ഥി സംഘടനകളുടെ ഭാരവാഹികള്‍ ചെയര്‍മാന്‍ പ്രയോഗം നീക്കി ചെയര്‍പേഴ്‌സണ്‍ എന്ന പദം ഉപയോഗിക്കണമെന്ന നിര്‍ദേശം മുന്നോട്ടുവെക്കുകയായിരുന്നു.

Content Highlight: There is no longer a chairman in government positions; instead, only a chairperson.

We use cookies to give you the best possible experience. Learn more