| Sunday, 26th July 2026, 1:23 pm

ഗംഗാനദിയില്‍ വെച്ച് ചിക്കന്‍ കഴിക്കുന്നത് നിരോധിക്കുന്ന ഒരു നിയമവുമില്ല: ജസ്റ്റിസ് ഉജ്ജ്വല്‍ ഭുയാന്‍

നിഷാന. വി.വി

ഭോപ്പാല്‍: ഗംഗാ നദിയില്‍ ചിക്കന്‍ കഴിക്കുന്നത് നിരോധിക്കുന്ന ഒരു നിയമവുമില്ലെന്നും അത് കുറ്റകരമായി കാണാന്‍ കഴിയില്ലെന്നും സുപ്രീം കോടതി ജഡ്ജി ഉജ്ജ്വല്‍ ഭുയാന്‍. ഗംഗാ നദിയില്‍ ഒരു ഹൗസ് ബോട്ടില്‍ ഇഫ്താര്‍ പാര്‍ട്ടി നടത്തി ചിക്കന്‍ ബിരിയാണി കഴിച്ചുവെന്നാരോപിച്ച് മാസങ്ങള്‍ക്ക് മുമ്പ് മുസ്‌ലിം യുവാക്കളെ അറസ്റ്റ് ചെയ്തിരുന്നു.

ഈ വിഷയത്തിലായിരുന്നു ജഡ്ജിയുടെ പരാമര്‍ശം. ഭോപ്പാലിലെ നാഷണല്‍ ലോ ഇന്‍സ്റ്റിറ്റ്യൂട്ട് യൂണിവേഴ്സിറ്റിയില്‍ അഞ്ചാമത് ജസ്റ്റിസ് ജി.പി സിങ് അനുസ്മരണ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

‘ ഗംഗാ നദിയുടെ തീരത്ത് വെച്ച് ചിക്കന്‍ കഴിക്കുന്നത് തടയുന്ന ഒരു നിയമവുമില്ല. നിയമപരമല്ലാത്ത കാര്യങ്ങളുടെ പേരില്‍ ആളുകള്‍ ജയിലില്‍ കഴിയേണ്ടി വരുന്നത് ആശങ്കാ ജനകമാണ്,’ ഭുയാന്‍ പറഞ്ഞു.

ഇത്തരം കേസുകള്‍ ക്രിമിനല്‍ നീതിന്യായ വ്യവസ്ഥയെക്കുറിച്ച് ഗുരുതരമായ ആശങ്കകള്‍ ഉയര്‍ത്തുന്നുണ്ടെന്നും പൊതുജനങ്ങള്‍ ഇവ സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ക്യാംപസുകളിലെ സമാധാനപരമായ പ്രതിഷേധങ്ങളില്‍ പങ്കെടുത്തതിന്റെ പേരില്‍ നിരവധി വിദ്യാര്‍ത്ഥി പ്രവര്‍ത്തകരെ 30 മുതല്‍ 40 ദിവസം വരെ തടങ്കലില്‍ വെച്ചതിനെക്കുറിച്ചും അദ്ദേഹം പരാമര്‍ശിച്ചു.

ഇത് വിദ്യാര്‍ത്ഥികളെ നീണ്ട നിയമപോരാട്ടങ്ങളിലേക്ക് തള്ളിവിടുകയും അവരുടെ വിദ്യാഭ്യാസത്തെയും ജോലി സാധ്യതകളെയും പ്രതിസന്ധിയിലാക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. കര്‍ശനമായ ജാമ്യ വ്യവസ്ഥകള്‍ ഏര്‍പ്പെടുത്തുമ്പോള്‍ മൗലികാവകാശങ്ങളെ തന്നെ ഹനിക്കുന്ന തരത്തിലുള്ള കോടതികളുടെ നടപടിയേയും ജസ്റ്റിസ് ഭുയാന്‍ വിമര്‍ശിച്ചു.

വിചാരണ നേരിടുന്നവരെ പൊതുയോഗങ്ങളില്‍ പ്രസംഗിക്കുന്നതില്‍ നിന്ന് വിലക്കുക, രാജ്യം വിട്ടുപോകാന്‍ സാധ്യതയില്ലാതിരുന്നിട്ടും പാസ്പോര്‍ട്ട് കൊടുക്കാന്‍ നിര്‍ബന്ധിക്കുക, അല്ലെങ്കില്‍ സോഷ്യല്‍ മീഡിയ ഉപയോഗിക്കുന്നതില്‍ നിന്ന് തടയുക തുടങ്ങിയ നിര്‍ദേശങ്ങള്‍ കോടതികള്‍ അടിച്ചേല്‍പ്പിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

ഫലസ്തീന്‍ ഐക്യദാര്‍ഢ്യ പരിപാടിക്ക് അനുമതി നിഷേധിച്ച ബോംബെ ഹൈക്കോടതി നടപടിയെയും അദ്ദേഹം വിമര്‍ശിച്ചു. കോടതിയുടെ നിരീക്ഷണങ്ങള്‍ വളരെ വിചിത്രമായിട്ടാണ് തനിക്ക് തോന്നിയതെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യയ്ക്കകത്തുള്ള പ്രശ്‌നങ്ങളില്‍ പ്രതികരിക്കുന്നതിന് പകരം ഗസയിലെ സംഭവങ്ങളില്‍ എന്തിനാണ് പ്രതിഷേധിക്കാന്‍ പോവുന്നതെന്ന ഹരജിക്കാരോട് ചോദിച്ച ഹൈക്കോടതി പരാമര്‍ശം ഓര്‍മിപ്പിച്ചായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

Content Highlight: There is no law prohibiting the consumption of chicken on the River Ganges: Justice Ujjal Bhuyan.

നിഷാന. വി.വി

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. വാദി ഹുദ കോളേജില്‍ നിന്നും ബി.എ ഇംഗ്ലീഷില്‍ ബിരുദം. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.

Latest Stories

We use cookies to give you the best possible experience. Learn more