ന്യൂദല്‍ഹി: രാജ്യത്ത് അസഹിഷ്ണുതയില്ലെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ടി.എസ് താക്കൂര്‍. രാജ്യത്ത് ഒരു സമുദായത്തിനെതിരെയും അസഹിഷ്ണുതയില്ല. നിയമവാഴ്ചയുള്ളിടത്തോളം അത് ഒരിക്കലും സംഭവിക്കുകയില്ല. ജന വിഭാഗങ്ങളുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കാന്‍ ജുഡീഷ്യറിയുണ്ട്. അദ്ദേഹം പറഞ്ഞു. ദിവസങ്ങള്‍ക്ക് മുമ്പാണ് ജസ്റ്റിസ് ടി.എസ് താക്കൂര്‍ സുപ്രീംകോടതി 43ാം ചീഫ് ജസ്റ്റിസ് ആയി ചുമതലയേറ്റത്.
അസഹിഷ്ണുതയുമായി ബന്ധപ്പെട്ട് ഉയരുന്ന വിവാദങ്ങള്‍ക്ക് പിന്നില്‍ രാഷ്ട്രീയ ഇടപെടലുകളുണ്ടെന്നും അതില്‍ ഇടപെടാന്‍ താന്‍ ആഗ്രഹിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ ജുഡീഷ്യറി ഇവിടെ ഉള്ളിടത്തോളം ആരും അതിന് ഇരയാവില്ലെന്നും ആരും രാജ്യം വിട്ട് പോവേണ്ടി വരില്ലെന്നും അദ്ദേഹം പറഞ്ഞു. വിവിധങ്ങളായ സാംസ്‌കാരങ്ങളില്‍ നിന്നും മതങ്ങളില്‍ നിന്നും വരുന്ന ജനങ്ങള്‍ ഒന്നിച്ചു കഴിയുന്ന ഇന്ത്യയുടെ പൊതുസ്വഭാവമാണ് സഹിഷ്ണുതയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
“രാജ്യത്തെ പൗരന്മാരുടെയും പലപ്പോഴും അല്ലാത്തവരുടെയും ഭരണഘടനാപരമായ അവകാശങ്ങള്‍ സംരക്ഷിക്കുന്ന ഒരു സ്ഥാപനത്തിനാണ് ഞാന്‍ നേതൃത്വം നല്‍കുന്നത്. അവിടെ നിയമവാഴ്ച്ചയുണ്ടാകുന്നിടത്തോളം, ജുഡിഷ്യറി പ്രവര്‍ത്തിക്കുന്നിടത്തോളം, ആരും ഭീഷണിയിലാണെന്ന് കരുതേണ്ടതില്ല. ജാതി മത വിവേചനങ്ങള്‍ക്കതീതമായി ജനങ്ങളുടെ അവകാശങ്ങള്‍ സംരക്ഷിക്കാന്‍ ഞങ്ങള്‍ പ്രാപ്തരാണ്.” അദ്ദേഹം പറഞ്ഞു.