കോഴിക്കോട്: അമേരിക്കയും ഇസ്രഈലും ചേര്‍ന്ന് നടത്തുന്ന സംയുക്തക്രമണത്തെ പ്രതിരോധിക്കാന്‍ ഇറാന്‍ ഗള്‍ഫ് രാജ്യങ്ങളില്‍ പ്രത്യാക്രമണം നടത്തുന്നതിന്റെ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി സാമൂഹിക നിരീക്ഷകന്‍ ടി.ടി. ശ്രീകുമാര്‍. ഇറാന്‍ ഗള്‍ഫ് രാജ്യങ്ങളിലെ യു.എസ് സൈനിക കേന്ദ്രങ്ങള്‍ ലക്ഷ്യമിടുന്നതിന്റെ 15 കാരണങ്ങളാണ് ടി.ടി. ശ്രീകുമാര്‍ ചൂണ്ടിക്കാട്ടുന്നത്.
ഇറാന്‍ എന്തിനാണ് അയല്‍രാജ്യങ്ങളില്‍ ആക്രമണം നടത്തുന്നതെന്ന ചോദ്യം കേവലം പൊതുവിജ്ഞാന സമസ്യയല്ലെന്നും ശീതയുദ്ധകാലത്തും അതിനുശേഷവും അമേരിക്ക ആഗോളതലത്തില്‍ നടത്തിയിട്ടുള്ള സാമ്രാജ്യത്വയുദ്ധങ്ങളുടെ അടിസ്ഥാനം അവര്‍ ലോകമെമ്പാടും സ്ഥാപിക്കുന്ന സൈനികത്താവളങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു എന്നതാണ് ഇതിന്റെ ഉത്തരമെന്നും ടി.ടി. ശ്രീകുമാര്‍ പറഞ്ഞു. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം.
സ്വന്തം സഖ്യകക്ഷികള്‍ എന്ന് കരുതപ്പെടുന്നവര്‍ക്കെതിരെ അമേരിക്ക ഒരുക്കിവെച്ചിട്ടുള്ളത് എത്ര വലിയ കെണിയാണ്. ഇത് സാമ്രാജ്യത്വ ചതിയുടെ നേര്‍ക്കാഴ്ചയാണെന്നും ശ്രീകുമാര്‍ ചൂണ്ടിക്കാട്ടി. ഇന്ത്യയില്‍ ഇപ്പോള്‍ നാല് ആഴ്ചത്തേക്ക് ബാര്‍ക്ക് റേറ്റിങ് നിരോധിച്ചിരിക്കുന്നത് ഇറാന്‍ തിരിച്ചടിക്കുന്നണ് വാര്‍ത്തകള്‍ പ്രേക്ഷകരില്‍ എത്താതിരിക്കാനാണെന്നും ടി.ടി. ശ്രീകുമാര്‍ പറഞ്ഞു.
ഗള്‍ഫ് മേഖലയില്‍ സദ്ദാമിന്റെ കാലത്തെ ഇറാഖും ഇറാനും ഒഴിച്ചാല്‍ മറ്റു രാജ്യങ്ങള്‍ പലതും അമേരിക്കന്‍ സൈനികസന്നാഹങ്ങളുടെ സമുച്ചയങ്ങള്‍ക്ക് സ്വന്തം മണ്ണ് തുറന്നുകൊടുക്കേണ്ടി വന്നവരാണ്. ശീതയുദ്ധകാലത്തെ അവധാനതക്ക് അവര്‍ കൊടുക്കേണ്ടിവന്ന വിലയാണിതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
സൈനികത്താവളങ്ങള്‍ എന്ന് വെറുതെ പറഞ്ഞാല്‍ തീരില്ല. വലിയ വ്യോമസേനാത്താവളങ്ങള്‍, നാവികാസ്ഥാനങ്ങള്‍, സൈനിക ലോജിസ്റ്റിക് കേന്ദ്രങ്ങള്‍, പ്രീ-പൊസിഷന്‍ഡ് ആയുധ-വസ്തു സംഭരണശാലകള്‍, തുറമുഖ സൗകര്യങ്ങള്‍, റഡാര്‍-മിസൈല്‍ പ്രതിരോധ കേന്ദ്രങ്ങള്‍, താത്കാലിക മുന്‍നിര ഔട്ട്പോസ്റ്റുകള്‍, കൂടാതെ ഗള്‍ഫിനോട് ചേര്‍ന്നിരിക്കുന്ന ഇറാഖ്, ജോര്‍ദാന്‍, സിറിയ, തുര്‍ക്കി തുടങ്ങിയ മേഖലകളിലെ പ്രവര്‍ത്തനകേന്ദ്രങ്ങള്‍ എന്നിവ ചേര്‍ന്ന ഒരു വ്യാപകശൃംഖലയായിട്ടാണ് ഗള്‍ഫ് രാജ്യങ്ങളില്‍ അത് നിലകൊള്ളുന്നതെന്നും ടി.ടി. ശ്രീകുമാര്‍ പറയുന്നു.
അമേരിക്കയുടെ തന്നെ ഏറ്റവും സാന്ദ്രവും വിപുലവുമായ വിദേശ ആയുധശേഖരമാണിത്. അതായത് ഇറാന്‍ തിരിച്ചാക്രമിച്ചാല്‍ ഗള്‍ഫ് മേഖലയാകെ അതിന്റെ തീ പടരട്ടെ എന്ന മുന്‍നിശ്ചയത്തോടെ സാമ്രാജ്യത്വം നടപ്പിലാക്കിയ ആസൂത്രണത്തിന്റെ ഭാഗമാണ് ഈ അരക്ഷിതത്വമെന്നും ശ്രീകുമാര്‍ പറഞ്ഞു.
2025 മധ്യത്തോടെ പശ്ചിമേഷ്യയില്‍ ഏകദേശം 40,000 മുതല്‍ 50,000വരെ അമേരിക്കന്‍ സൈനികരെയാണ് വിവിധ സ്ഥിരതാവളങ്ങളിലും ചെറുകിടമുന്നണി കേന്ദ്രങ്ങളിലുമായി വിന്യസിച്ചിരുന്നതെന്ന് പ്രമുഖ മാപ്പിങ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. വലിയ സ്ഥിരത്താവളങ്ങള്‍ മാത്രമല്ല, ചെറുകിട സൈനികസൗകര്യങ്ങള്‍, നാവികോപയോഗ കേന്ദ്രങ്ങള്‍, പ്രവേശന-ലോജിസ്റ്റിക് പോയിന്റുകള്‍, നിരീക്ഷണ-റഡാര്‍ സ്ഥാനങ്ങള്‍ എന്നിവയും ഉള്‍പ്പെടുത്തി കൂടുതല്‍ വ്യാപകമായ സൈനിക മേഖലയാണ് അമേരിക്ക ഗള്‍ഫില്‍ സമാഹരിച്ചിട്ടുള്ളതെന്നും ശ്രീകുമാര്‍ പറയുന്നു.
ഡൊണാൾഡ് ട്രംപ് (അമേരിക്കൻ പ്രസിഡന്റ്)
ഗള്‍ഫ് രാജ്യങ്ങളില്‍ തങ്ങളുടെ ചൊല്‍പ്പടിക്ക് നില്‍ക്കുന്നവയെ സ്വന്തം സൈനികവിന്യാസത്തിനായി ദുരുപയോഗം ചെയ്യുന്ന അമേരിക്ക ഇപ്പോള്‍ ഇറാനെ ആക്രമിക്കാനും ഈ താവളങ്ങള്‍ ഉപയോഗിക്കുന്നു. സാമ്രാജ്യത്വ താത്പര്യമല്ലാതെ, കുത്തക വിഭാവാധികാര താത്പര്യമല്ലാതെ മറ്റെന്ത് ന്യായീകരണമാണ് ഇതിനുള്ളത്?
മനുഷ്യര്‍ക്കും ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും അവിടെ വന്ന് ജോലി ചെയ്യുന്ന മലയാളികള്‍ അടക്കമുള്ള വിദേശികള്‍ക്കും അരക്ഷിതത്വവും ഭീതിയും സൃഷ്ടിക്കുന്ന സാമ്രാജ്യത്വ ഇടപെടലിനെ ഖാംനഇയുടെ ടിറണി എന്ന ഏകവ്യവഹാരത്തിലേക്ക് ചുരുക്കുന്നത് അല്‍പ്പബുദ്ധിയല്ല, കാഞ്ഞ സാമ്രാജ്യത്വ ദാസ്യബോധമാണെന്നും ശ്രീകുമാര്‍ പറഞ്ഞു.
ഗള്‍ഫ് മേഖലയിലെ അമേരിക്കന്‍ സൈനികസാന്നിധ്യത്തിന്റെ ഹൃദയം ഖത്തറിലെ അല്‍ ഉദൈദ് എയര്‍ ബേസാണ്. മിഡില്‍ ഈസ്റ്റിലെ ഏറ്റവും വലിയ അമേരിക്കന്‍ സൈനികത്താവളമായി കണക്കാക്കപ്പെടുന്ന ഈ കേന്ദ്രം വെറുമൊരു എയര്‍ബേസ് മാത്രമല്ല. യു.എസ് സെന്‍ട്രല്‍ കമാന്‍ഡിന്റെ വ്യോമപ്രവര്‍ത്തന നിയന്ത്രണഘടനയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന നിര്‍ണായക സൈനിക-കമാന്‍ഡ് കേന്ദ്രവുമാണ്.
അതിനൊപ്പം ഖത്തറില്‍ ക്യാമ്പ് അസ് സയ്‌ലിയപോലുള്ള ലോജിസ്റ്റിക്-സംഗ്രഹസൗകര്യങ്ങളും അമേരിക്കന്‍ സൈനികവിന്യാസത്തെ പിന്തുണയ്ക്കുന്ന ഘടനയുടെ ഭാഗമാണെന്നും ടി.ടി. ശ്രീകുമാര്‍ ചൂണ്ടിക്കാട്ടി.
ബഹ്‌റൈനില്‍ അമേരിക്കയുടെ നാവികസാന്നിധ്യമാണ് ഏറ്റവും നിര്‍ണായകമായത്. മനാമയില്‍ സ്ഥിതിചെയ്യുന്ന Naval Support Activity Bahrainഉം യു.എസ് Fifth Fleet ആസ്ഥാനവും ചേര്‍ന്ന് അമേരിക്കയുടെ പേര്‍ഷ്യന്‍ ഗള്‍ഫ്, അറേബ്യന്‍ കടല്‍, ചുറ്റുമുള്ള സമുദ്രപാതകള്‍ എന്നിവയിലെ നാവികമേല്‍നോട്ടത്തിന്റെ കേന്ദ്രമായി പ്രവര്‍ത്തിക്കുന്നു. ബഹ്‌റൈന്റെ ഭൗമസ്ഥാനം തന്നെ ഈ താവളത്തെ അത്യന്തം അപകടകരമാംവിധം പ്രാധാന്യമുള്ളതാക്കുന്നു.
ഹോര്‍മുസ് കടലിടുക്കിനും ഗള്‍ഫ് കടല്‍ഗതാഗതത്തിനും അടുത്തുള്ള ഈ കേന്ദ്രത്തില്‍ നിന്നാണ് അമേരിക്കയുടെ സമുദ്രസാന്നിധ്യവും കപ്പല്‍ഗതാഗത സുരക്ഷയും ഭാഗികമായി നിയന്ത്രിക്കപ്പെടുന്നത്. അതിനാല്‍ ഗള്‍ഫ് മേഖലയിലെ അമേരിക്കന്‍ സൈനികശൃംഖലയില്‍ ബഹ്‌റൈന്‍ ഒരു ‘നാവിക ഹബ്’ എന്ന നിലയിലാണ് കാണപ്പെടുന്നത്.
കുവൈത്ത് അമേരിക്കയുടെ കരസേനാ-ലോജിസ്റ്റിക് പ്രവര്‍ത്തനങ്ങളിലേക്കുള്ള പ്രധാന കവാടമാണ്. ക്യാമ്പ് അരിഫ്ജാന്‍, അലി അല്‍ സലേം എയര്‍ ബേസ്, ക്യാമ്പ് ബ്യൂഹ്രിങ്, അഹമ്മദ് അല്‍-ജാബര്‍ തുടങ്ങിയ കേന്ദ്രങ്ങള്‍ അമേരിക്കന്‍ കരസേന, വ്യോമപിന്തുണ, സപ്ലൈറൂട്ടുകള്‍, ഇറാഖിലേക്കുംമറ്റും നീങ്ങുന്ന സൈനിക സജ്ജീകരണങ്ങള്‍ എന്നിവയ്ക്കുള്ള താവളങ്ങളാണ്.
കുവൈത്ത്, ഗള്‍ഫിന്റെ പടിഞ്ഞാറന്‍ കരയില്‍ സ്ഥിതിചെയ്യുന്നതിനാല്‍ ഇറാനും ഇറാഖും ഉള്‍പ്പെടുന്ന വിപുലമായ യുദ്ധഭൂപ്രദേശങ്ങളിലേക്കുള്ള അമേരിക്കയുടെ കര-വ്യോമ പ്രവേശന കേന്ദ്രമായിട്ടാണ് ഇത് പ്രവര്‍ത്തിക്കുന്നത്.
യു.എ.ഇയില്‍ സ്ഥിതിചെയ്യുന്ന അല്‍ ദഫ്ര എയര്‍ ബേസ് അമേരിക്കയുടെ വ്യോമനിരീക്ഷണത്തിനും ഡ്രോണ്‍-ഓപ്പറേഷനുകള്‍ക്കും ദീര്‍ഘപരിധിയുള്ള വിമാനപ്രവര്‍ത്തനങ്ങള്‍ക്കും അത്യന്തം പ്രധാനപ്പെട്ട കേന്ദ്രമാണ്. അതിനൊപ്പം ജബല്‍ അലി തുറമുഖം അമേരിക്കന്‍ നാവികസേനയ്ക്ക് വിദേശത്തുള്ള ഏറ്റവും തിരക്കേറിയ ലോജിസ്റ്റിക് തുറമുഖങ്ങളിലൊണന്നാണ്.
യു.എ.ഇയുടെ അമേരിക്കന്‍ പങ്കാളിത്തം വെറും സൈനിക ഹോസ്റ്റിങ്കില്‍ ഒതുങ്ങുന്നില്ല. നിരീക്ഷണം, വായുമേഖലനിയന്ത്രണം, കടല്‍മാര്‍ഗ സുരക്ഷ, പ്രാദേശിക ശക്തിപ്രക്ഷേപണം എന്നിവയുടെ അടിസ്ഥാനഘടകമായിട്ടാണ് അത് പ്രവര്‍ത്തിക്കുന്നതെന്നും ടി.ടി. ശ്രീകുമാര്‍ ചൂണ്ടിക്കാട്ടി.
സൗദി അറേബ്യയിലെ അമേരിക്കന്‍ സൈനികസാന്നിധ്യം ഒന്നാം ഇറാഖ് യുദ്ധത്തിന്റെ കാലം മുതല്‍ ശ്രദ്ധിക്കപ്പെട്ടിട്ടുള്ളതാണ്. Prince Sultan Air Base പോലുള്ള കേന്ദ്രങ്ങള്‍ കൂടാതെ Eskan Village പോലുള്ള കമാന്‍ഡ് സൗകര്യങ്ങളും ഗള്‍ഫിലെ അമേരിക്കന്‍ സൈനികത്താവളഘടനയില്‍ ഉള്‍പ്പെടുന്നു. യെമനിലെ സംഘര്‍ഷം, ഹൂത്തി ആക്രമണങ്ങള്‍, ഇറാന്‍-സൗദി സംഘര്‍ഷങ്ങള്‍ എന്നിവയുടെ അടിസ്ഥാനത്തില്‍ സൗദിയിലെ വ്യോമപ്രതിരോധ-സഹകരണഘടനകള്‍ അമേരിക്ക വിപുലീകരിച്ചിട്ടുണ്ട്.
സൗദി അമേരിക്കയുടെ ‘ഫോര്‍വേഡ് പ്രസന്‍സ്’ന്റെ ഏകകേന്ദ്രമല്ലെങ്കിലും മിസൈല്‍ പ്രതിരോധം, വ്യോമനിരീക്ഷണം, സ്ട്രാറ്റജിക് മേഖലാതല കോര്‍ഡിനേഷന്‍ എന്നിവയ്ക്ക് സൗദിയെ അമേരിക്ക ഉപയോഗിക്കുന്നുണ്ടെന്നും ടി.ടി. ശ്രീകുമാര്‍ പറയുന്നു.
ഒമാനും അമേരിക്ക നിര്‍ലജ്ജം ഉപയോഗിക്കുന്ന ആക്‌സസ്-ലോജിസ്റ്റിക്‌സ് പങ്കാളിയാണ്. Masirah, Thumrait, Duqm പോലുള്ള സൗകര്യങ്ങള്‍, അറേബ്യന്‍ കടല്‍മുഖവും ഹോര്‍മുസിനപ്പുറമുള്ള സമുദ്രപ്രവേശനങ്ങളും കൈവശം വെക്കാന്‍ അമേരിക്കയെ സഹായിക്കുന്നു. വന്‍ സൈനികത്താവളങ്ങള്‍ക്കുപകരം ആവശ്യത്തിനനുസരിച്ച് ഉപയോഗിക്കാവുന്ന ‘ആക്‌സസ് പോയിന്റുകള്‍’ എന്ന നിലയിലാണ് ഒമാനിലെ സൗകര്യങ്ങള്‍ സജ്ജീകരിച്ചിട്ടുള്ളതെന്നും ശ്രീകുമാര്‍ ചൂണ്ടിക്കാട്ടുന്നു.
‘വൈഡര്‍ മിഡില്‍ ഈസ്റ്റ്’ സൈനിക ശൃംഖലയും ഇതോടൊപ്പം പ്രധാനമാണ്. അതിലാണ് ഇറാഖിലെ Ain al-Asad, Erbil പോലുള്ള കേന്ദ്രങ്ങള്‍, ജോര്‍ദാനിലെ സൈനികസൗകര്യങ്ങള്‍, സിറിയയിലെ അല്‍-തന്‍ഫ് പോലുള്ള മുന്നണി ഔട്ട്പോസ്റ്റുകള്‍, തുര്‍ക്കിയിലെ ഇന്‍സിര്‍ലിക്, ക്യൂറജിക് പോലുള്ള സൗകര്യങ്ങള്‍ എന്നിവ ഉള്‍പ്പെടുന്നത്. ഇവ ഗള്‍ഫ് അറബ് രാജ്യങ്ങള്‍ക്കുള്ളില്‍ അല്ലെങ്കിലും, ഇറാനെ നിരീക്ഷിക്കുന്നതിലും ഇറാഖ്-സിറിയ ഭൂഭാഗങ്ങളിലെ അമേരിക്കന്‍ സൈനികനീക്കങ്ങള്‍ നിയന്ത്രിക്കുന്നതിലും, മിസൈല്‍ പ്രതിരോധ-റഡാര്‍ ശൃംഖല പ്രവര്‍ത്തിപ്പിക്കുന്നതിലും നിര്‍ണായകമാണ്.
അതിനാലാണ് ചില വിശകലനങ്ങളില്‍ ‘ഗള്‍ഫ് മേഖലയില്‍ 30ലധികം അമേരിക്കന്‍ സൗകര്യങ്ങള്‍’ എന്ന വാചകം വരുന്നത്. അത് ഗള്‍ഫ് കോര്‍ മേഖലയിലെ വലിയ താവളങ്ങളെ മാത്രമല്ല, അവയോടൊപ്പം പ്രവര്‍ത്തിക്കുന്ന ചുറ്റുമുള്ള സൈനിക കേന്ദ്രങ്ങളെയും ഉള്‍ക്കൊള്ളുന്ന ഒരു വിശാല തന്ത്രപ്രദേശത്തെ സൂചിപ്പിക്കുന്നതാണെന്നും ടി.ടി. ശ്രീകുമാര്‍ ചൂണ്ടിക്കാട്ടി.
ഹോര്‍മുസ് കടലിടുക്കിനെയും ഗള്‍ഫ് സമുദ്രപാതകളെയും നിരീക്ഷിച്ച് ആഗോള എണ്ണവിതരണത്തിന്റെ മേല്‍നോട്ടം തങ്ങളുടെ വരുതിയിലാക്കുക എന്നതാണ് ഈ ശൃഖലയുടെ ലക്ഷ്യമെന്നും അദ്ദേഹം പറയുന്നു. ഇറാന്‍, ഇറാഖ്, യെമന്‍, ലെവന്റ് മേഖല എന്നിവിടങ്ങളില്‍ അസ്ഥിരത്വം സൃഷ്ടിക്കുകയും ഏതെങ്കിലും പ്രാദേശിക പ്രതിരോധത്തെ ഭീഷണിയെന്ന് മുദ്രകുത്തി വേഗത്തില്‍ പ്രതികരിക്കാന്‍ കഴിയുന്ന അഗ്രസ്സീവായ ഒരു മുന്‍നിര സൈനികവിന്യാസം നിലനിര്‍ത്തുക എന്നതാണ് മറ്റൊരു ലക്ഷ്യമെന്നും ശ്രീകുമാര്‍ ചൂണ്ടിക്കാട്ടി.
മൂന്നാമത്തെ ലക്ഷ്യം ഡ്രോണുകള്‍, മിസൈലുകള്‍, സമുദ്രാക്രമണങ്ങള്‍, പ്രോക്‌സി മിലീഷ്യ പ്രവര്‍ത്തനങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ട പുതിയ രീതിയിലുള്ള പ്രതിരോധ സാധ്യതകളെ നേരിടാന്‍ വ്യാപകവും ബഹുമുഖവുമായ, പരസ്പരബന്ധമുള്ള താവളശൃംഖല സ്ഥിരപ്പെടുത്തുക എന്നതാണെന്നും അദ്ദേഹം പറയുന്നു.
ഗള്‍ഫ് മേഖലയിലെ അമേരിക്കന്‍ താവളങ്ങളെക്കുറിച്ചുള്ള ധാരണ എന്നാല്‍ ഖത്തര്‍, ബഹ്‌റൈന്‍, കുവൈത്ത്, യു.എ.ഇ, സൗദി അറേബ്യ, ഒമാന്‍ തുടങ്ങിയ രാജ്യങ്ങളിലെ വലിയ സൈനിക കേന്ദ്രങ്ങളാല്‍ മാത്രം നിര്‍വചിക്കപ്പെടുന്ന ഒന്നല്ല. മറിച്ച് നാവികം, വ്യോമം, ലോജിസ്റ്റിക്‌സ്, ഇന്റലിജന്‍സ്, മിസൈല്‍ പ്രതിരോധം, സമുദ്രഗതാഗതം, മേഖലയാത്മക ശക്തിപ്രക്ഷേപണം എന്നിവയെ പരസ്പരം കൂട്ടിചേര്‍ക്കുന്ന പാളികളുള്ള ഒരു സാമ്രാജ്യത്വ സൈനിക അടിസ്ഥാന സൗകര്യമാണ്.
ഖത്തറിലെ അല്‍ ഉദൈദ്, ബഹ്‌റൈന്റെ Fifth Fleet, കുവൈത്തിലെ ലോജിസ്റ്റിക് ക്യാമ്പുകള്‍, യു.എ.ഇയിലെ അല്‍ ധഫ്രയും ജബല്‍ അലിയും, സൗദിയിലെ വ്യോമ-പ്രതിരോധ സഹകരണകേന്ദ്രങ്ങളും, ഒമാനിലെ ആക്‌സസ് പോയിന്റുകളും, ഇവയോടൊപ്പം ഇറാഖ്-ജോര്‍ദാന്‍-സിറിയ-തുര്‍ക്കി വരെയുള്ള വിപുലമായ സൈനിക ശൃംഖലയും ചേര്‍ന്നാലേ ആ സാന്നിധ്യത്തിന്റെ പൂര്‍ണ്ണരൂപം മനസ്സിലാവൂ. അതുകൊണ്ടുതന്നെ ‘ഗള്‍ഫിലെ അമേരിക്കന്‍ താവളങ്ങള്‍’ എന്ന വിഷയം ഒരു പട്ടികയുടെ കാര്യമല്ല. അത് പശ്ചിമേഷ്യയിലെ അമേരിക്കന്‍ സാമ്രാജ്യാത്വ യുദ്ധതന്ത്രത്തിന്റെ അടിസ്ഥാനമാണ്.
ഇറാന്റെ ചുറ്റുമായി കാലാകാലങ്ങളായി വിന്യസിച്ചിട്ടുള്ള സൈനിക സൗകര്യങ്ങളില്‍ നിന്ന് അമേരിക്ക ഇറാനെ ആക്രമിക്കുമ്പോള്‍ ആ സൈനികത്താവളങ്ങള്‍ക്കുനേരെ ഇറാന്‍ നടത്തുന്ന പ്രത്യാക്രമണത്തെ സഹ-മുസ്‌ലിം രാജ്യങ്ങളെ ഇറാന്‍ ആക്രമിക്കുന്നേ എന്ന നിലവിളിയിട്ട് അപലപിക്കുന്നത് നിഷ്‌കളങ്കതയല്ല. തികഞ്ഞ കാപട്യമാണെന്നും ടി.ടി. ശ്രീകുമാര്‍ വിമര്‍ശിച്ചു.
റിപ്പോര്‍ട്ടുകള്‍ പ്രകാരം ഗള്‍ഫ് മേഖലയിലെ വിവിധ രാജ്യങ്ങളിലേക്കായി ഇറാന്‍ ഏകദേശം 380ലേറെ ബാലിസ്റ്റിക് മിസൈലുകളും 1500ഓളം ഡ്രോണുകളും വിക്ഷേപിച്ചുവെന്നാണ് കണക്കാക്കപ്പെടുന്നത്. ചില ആക്രമണങ്ങളില്‍ അമേരിക്കന്‍ സൈനികരും സാധാരണ പൗരന്മാരും കൊല്ലപ്പെട്ടതായും പരിക്കേറ്റതായും റിപ്പോര്‍ട്ടുകളുണ്ട്.
ഈ ആക്രമണങ്ങളില്‍ ഇറാന്‍ പ്രധാനമായും ലക്ഷ്യമിട്ടത് അമേരിക്കയുടെ ഗള്‍ഫ് മേഖലയിലുള്ള പ്രധാന സൈനികത്താവളങ്ങളായിരുന്നു. ബഹ്‌റൈന്റെ തലസ്ഥാനമായ മനാമയില്‍ സ്ഥിതിചെയ്യുന്ന Naval Support Activity Bahrain എന്ന കേന്ദ്രവും അതോടൊപ്പം പ്രവര്‍ത്തിക്കുന്ന യു.എസ് നാവികസേനയുടെ Fifth Fleet ആസ്ഥാനവും ഇറാന്‍ നടത്തിയ മിസൈല്‍ ആക്രമണങ്ങളില്‍ പ്രധാന ലക്ഷ്യങ്ങളിലൊന്നായിരുന്നു.
ഖത്തറിലെ Al Udeid Air Base എന്ന അമേരിക്കയുടെ മിഡില്‍ ഈസ്റ്റിലെ ഏറ്റവും വലിയ സൈനികത്താവളവും ഇറാന്റെ ലക്ഷ്യങ്ങളില്‍ ഒന്നായിരുന്നു. കുവൈത്തിലെ Ali AlSalem Air Base എന്ന അമേരിക്കന്‍ വ്യോമതാവളവും ഇറാന്റെ ആക്രമണ ലക്ഷ്യങ്ങളില്‍ ഉള്‍പ്പെട്ടിരുന്നു. യു.എ.ഇയിലെ അബുദാബിക്ക് സമീപമുള്ള Al Dhafra Air Base എന്ന അമേരിക്കന്‍ വ്യോമതാവളത്തെയും ഇറാന്‍ ആക്രമിച്ചു.
യു.എ.ഇക്കെതിരെ വലിയ തോതില്‍ മിസൈലുകളും ഡ്രോണുകളും ഉപയോഗിച്ചാണ് ആക്രമണം നടത്തിയതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. യു.എ.ഇയുടെ ദിശയില്‍ ഏകദേശം 189 ബാലിസ്റ്റിക് മിസൈലുകളും 900ലേറെ ഡ്രോണുകളും ഇറാന്‍ വിക്ഷേപിച്ചതായി കണക്കുകള്‍ സൂചിപ്പിക്കുന്നു. ഇറാഖിലെ കുര്‍ദിസ്ഥാനില്‍ സ്ഥിതിചെയ്യുന്ന Erbil International Airportനോടനുബന്ധിച്ചുള്ള അമേരിക്കന്‍ സൈനികസൗകര്യങ്ങളും അമേരിക്കന്‍ കോണ്‍സുലേറ്റിനോട് ബന്ധപ്പെട്ട സുരക്ഷാകേന്ദ്രങ്ങളും ഇറാന്‍ ആക്രമിച്ചു.
സൗദി അറേബ്യയിലെ ചില സൈനിക-വ്യവസായ കേന്ദ്രങ്ങളിലേക്കും പ്രത്യേകിച്ച് കിഴക്കന്‍ പ്രവിശ്യയിലേക്കും റിയാദ് മേഖലയിലേക്കും ഇറാന്‍ മിസൈല്‍ ആക്രമണങ്ങള്‍ നടത്തിയിട്ടുണ്ട്. ഇറാന്‍ നടത്തുന്ന ഈ തിരിച്ചടികള്‍ സൈനികത്താവളങ്ങളിലേക്കുള്ള ആക്രമണങ്ങള്‍ മാത്രം ആയിരുന്നില്ല. മറിച്ച് പേര്‍ഷ്യന്‍ ഗള്‍ഫ് മേഖലയിലുടനീളം വ്യാപിച്ചിരിക്കുന്ന അമേരിക്കന്‍ സാമ്രാജ്യത്വ സൈനികസാന്നിധ്യത്തെ ഒരേസമയം ലക്ഷ്യമിടുന്നതാണെന്നും ടി.ടി. ശ്രീകുമാര്‍ പറയുന്നു.
ഈ ആക്രമണങ്ങള്‍ അമേരിക്കയുടെ ഗള്‍ഫ് മേഖലയിലുള്ള വ്യാപക സൈനിക അടിസ്ഥാനസൗകര്യങ്ങളുടെ ആഘാത ദുര്‍ബലതയും ഇറാന്റെ മിസൈല്‍ ശേഷിയും ഒരേസമയം വെളിപ്പെടുത്തിയതായി പല സൈനിക-രാഷ്ട്രീയ വിശകലനങ്ങളും സൂചിപ്പിക്കുന്നുണ്ട്.
അപ്രതീക്ഷിതമായ ഈ തിരിച്ചടിയില്‍ ചൂളുന്ന അമേരിക്ക, ഗള്‍ഫ് രാജ്യങ്ങളിലെ മനുഷ്യജീവിതത്തെ കൂടുതല്‍ അരക്ഷിതമാക്കുന്ന സൈനികനീക്കങ്ങള്‍ക്ക് മുതിരുന്നതാണ് എതിര്‍ക്കപ്പെടെണ്ടത്. അല്ലാതെ പരിമിതവും എന്നാല്‍ ശക്തവുമായ പരമാധികാരബദ്ധമായ പ്രതിരോധത്തെയല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Content Highlight: There is no innocence in the cries that Iran is attacking fellow Muslim countries, it is complete hypocrisy: T.T. Sreekumar