| Tuesday, 21st January 2025, 5:12 pm

കൂസലില്ല; ജയിലിനുള്ളിലേക്ക് പോകുമ്പോഴും റീൽ എടുത്ത് മണവാളൻ

ഡൂള്‍ന്യൂസ് ഡെസ്‌ക്

തൃശ്ശൂര്‍: റിമാൻഡ് ചെയ്ത ജയിലിലേക്ക് പോകുമ്പോഴും കൂസലില്ലാതെ റീലിസ് എടുത്ത് യൂട്യൂബര്‍ മണവാളന്‍. കേരളവര്‍മ കോളേജ് വിദ്യാര്‍ത്ഥികളെ കാറിടിച്ച് കൊല്ലാന്‍ ശ്രമിച്ച കേസില്‍ പിടിയിലായ യൂട്യൂബര്‍ മണവാളന്‍ എന്ന മുഹമ്മദ് ഷഹീന്‍ ഷായെ റിമാന്‍ഡ് ചെയ്തിരുന്നു. ജില്ലാ ജയിലിന് മുന്നിലാണ് മുഹമ്മദ് ഷഹീന്‍ ഷായുടെ റീല്‍സ് ചിത്രീകരണം.

തൃശ്ശൂര്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ ശേഷം പ്രതിയെ റിമാന്‍ഡ് ചെയ്യുകയായിരുന്നു. പത്ത് മാസം ഒളിവിലായിരുന്ന മുഹമ്മദ് ഷഹീന്‍ ഷായെ കുടകില്‍ നിന്ന് തൃശ്ശൂര്‍ ടൗണ്‍ വെസ്റ്റ് പൊലീസാണ് അറസ്റ്റ് ചെയ്തത്.

മുഹമ്മദ് ഷെഹിന്‍ഷാ ജയിലില്‍ കവാടത്തില്‍ കാത്തു നില്‍ക്കുമ്പോഴായിരുന്നു റീൽസ് ചിത്രീകരണം. ശക്തമായി തിരിച്ചു വരുമെന്ന് മണവാളനെക്കൊണ്ട് കൂട്ടുകാര്‍ പറയിക്കുന്നുമുണ്ട്. തൃശ്ശൂര്‍ പൂരദിവസം കേരള വര്‍മ കോളജിന് സമീപം വിദ്യാര്‍ഥികളെ വണ്ടികയറ്റിക്കൊല്ലാന്‍ ശ്രമിച്ചതാണ് മണവാളനെ ജയിലിലെത്തിച്ചത്.

മണവാളന്‍ മീഡിയ എന്ന യൂട്യൂബ് ചാനലിന്റെ ഉടമയായ മുഹമ്മദ് ഷഹീന്‍ ഷായ്ക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ് പൊലീസ് പുറത്തിറക്കിയിരുന്നു. വിദ്യാര്‍ത്ഥികളെ കാറിടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലായിരുന്നു ലുക്ക് ഔട്ട് നോട്ടീസ്.

ഏപ്രില്‍ 19നാണ് കേസിനാസ്പദമായ സംഭവം ഉണ്ടായത്. കേരളവര്‍മ്മ കോളേജ് റോഡില്‍ വച്ച് മോട്ടോര്‍ സൈക്കിളില്‍ യാത്ര ചെയ്യുകയായിരുന്നു രണ്ട് കോളേജ് വിദ്യാര്‍ത്ഥികളെ കാറിടിച്ചു കൊലപ്പെടുത്താന്‍ മുഹമ്മദ് ഷഹീന്‍ ഷാ ശ്രമിക്കുകയായിരുന്നു. ഈ സംഭവത്തിലാണ് പൊലീസ് ഇപ്പോള്‍ തുടര്‍ നടപടികള്‍ സ്വീകരിച്ചിരിക്കുന്നത്. തൃശ്ശൂര്‍ വെസ്റ്റ് പൊലീസാണ് ലുക്ക് ഔട്ട് സര്‍ക്കുലര്‍ പുറപ്പെടുവിച്ചത്.

യൂട്യൂബിൽ 15 ലക്ഷം ഫോളോവേഴ്സ് ഉള്ള മണവാളൻ മീഡിയ എന്ന യൂട്യൂബ് ചാനലുടമയാണ്. കേരളവർമ്മ കോളേജിന് സമീപത്തു വച്ച് മദ്യപാന തർക്കത്തിലാണ് വിദ്യാർത്ഥികളെ പിന്തുടർന്നെത്തി അപായപ്പെടുത്താൻ ശ്രമിച്ചത്. സംഭവത്തിൽ പൊലീസ് കേസെടുത്തതിന് പിന്നാലെയാണ്  മണവാളൻ ഒളിവിൽ പോയത്.

Content Highlight: There is no cooing; The groom took the reel while going inside the jail

We use cookies to give you the best possible experience. Learn more