| Thursday, 22nd May 2025, 12:44 pm

ജനാധിപത്യവും തീവ്രഹിന്ദുത്വ രാഷ്ട്രീയവും തമ്മില്‍ ഒരു ബന്ധവുമില്ല; കെ.പി. ശശികലയ്ക്ക് വേടന്റെ മറുപടി

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: വംശീയ അധിക്ഷേപത്തില്‍ ഹിന്ദു ഐക്യവേദി നേതാവ് കെ.പി. ശശികലയ്ക്ക് മറുപടിയുമായി റാപ്പര്‍ വേടന്‍.

‘നിങ്ങള്‍ ഇതൊക്കെ ചെയ്താല്‍ മതി’ എന്ന ധാര്‍ഷ്ട്യത്തില്‍ നിന്നുകൊണ്ടാണ് കെ.പി. ശശികല സംസാരിച്ചതെന്നാണ് തനിക്ക് മനസിലായതെന്ന് വേടന്‍ പറഞ്ഞു. മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെയായിരുന്നു വേടന്റെ പ്രതികരണം.

‘ഞാന്‍ റാപ്പ് ചെയ്യും. എനിക്ക് പറ്റുമായിരുന്നെങ്കില്‍ ഗസലും ചെയ്‌തേനെ… ക്ലാസിക്ക് പാടാനുള്ള തൊണ്ട ഇല്ലാതെ പോയി, ഇല്ലെങ്കില്‍ ക്ലാസിക്കും പാടിയേനെ,’ വേടന്‍ പറഞ്ഞു.

എല്ലാ ജനാധിപത്യ മര്യാദകളോടും കൂടി ജനങ്ങള്‍ തെരഞ്ഞെടുത്ത ഒരു സര്‍ക്കാരിന്റെ പരിപാടിയിലാണ് പങ്കെടുത്തത്. അതിനുപിന്നാലെ താന്‍ ഒരു പാര്‍ട്ടിയുടെ ഭാഗമാണെന്ന് ചിത്രീകരിക്കാന്‍ ശ്രമിക്കുന്നത് മണ്ടത്തരമാണെന്നാണ് തോന്നുന്നതെന്നും വേടന്‍ പ്രതികരിച്ചു.

വേടന്‍ എന്ന വ്യക്തി ഒരു ഇന്‍ഡിപെന്‍ഡന്റ് ആയ ആര്‍ട്ടിസ്റ്റാണ്. ഏതെങ്കിലും ഒരു കക്ഷിരാഷ്ട്രീയത്തിന്റെ കൂടെ നിന്ന് പ്രവര്‍ത്തിക്കുകയാണെങ്കില്‍ തന്റെ സ്വാതന്ത്ര്യം പോകുമെന്നാണ് കരുതുന്നതെന്നും വേടന്‍ പറഞ്ഞു. അതേസമയം ജനങ്ങളാല്‍ തെരഞ്ഞെടുക്കപ്പെട്ട ഒരു സര്‍ക്കാരിന്റെ കൂടെ നില്‍ക്കുക എന്നത് പൗരനെന്ന നിലയില്‍ തന്റെ കടമയാണെന്നും വേടന്‍ പറഞ്ഞു.

തന്നെയൊരു വിഘടനവാദിയാക്കാനും സമൂഹത്തിന് മുന്നില്‍ ഒരു പ്രശ്‌നക്കാരനാക്കാനുമാണ് ചിലരെല്ലാം ശ്രമിക്കുന്നതെന്നും വേടന്‍ കൂട്ടിച്ചേര്‍ത്തു. ധൈര്യമായി മുന്നോട്ടുപോകാനുള്ള എല്ലാ വഴിയും ജനങ്ങള്‍ തനിക്ക് തരുന്നുണ്ടെന്നും പേടിയില്ലെന്നും വേടന്‍ പറഞ്ഞു.

‘സര്‍ക്കാര്‍ രേഖകളില്‍ ഇല്ലാത്ത ഒരു പണവും എന്റെ പക്കലില്ല. നിങ്ങളുടെ മുന്നിലാണ് ഞാന്‍ പാട്ട് പാടുന്നത്. നിങ്ങള്‍ തരുന്ന പണം കൊണ്ടാണ് ജീവിക്കുന്നത്. എന്തായാലും ജനാധിപത്യവും തീവ്രഹിന്ദുത്വ രാഷ്ട്രീയവും തമ്മില്‍ ഒരു ബന്ധവുമില്ല,’ വേടന്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.

കഞ്ചാവോളികള്‍ പറഞ്ഞാല്‍ മാത്രമേ ഭരണകൂടം കേള്‍ക്കൂ എന്ന് പറഞ്ഞുകൊണ്ടാണ് കെ.പി. ശശികല വേടനെ അധിക്ഷേപിച്ചത്. ഇന്നലെ പാലക്കാട് നടന്ന ഹിന്ദു ഐക്യവേദിയുടെ പരിപാടിയിലായിരുന്നു അധിക്ഷേപം. റാപ്പ് സംഗീതത്തിന് പട്ടികജാതി-പട്ടികവര്‍ഗ വിഭാഗവുമായി പുലബന്ധം പോലുമില്ലെന്നും കെ.പി. ശശികല പറഞ്ഞിരുന്നു.

ശശികലയ്ക്ക് പുറമെ കേസരിയുടെ മുഖ്യപത്രാധിപനും ആര്‍.എസ്.എസ് നേതാവുമായ എന്‍.ആര്‍. മധുവും വേടനെതിരെ വിദ്വേഷ പരാമര്‍ശം നടത്തിയിരുന്നു. വേടന്റെ അമ്മയെ മുന്‍നിര്‍ത്തി വംശീയപരമായ അധിക്ഷേപവും സംഘപരിവാര്‍ നടത്തുന്നുണ്ട്.

Content Highlight: There is no connection between democracy and Hindutva politics; Vedan’s reply to KP Sasikala

We use cookies to give you the best possible experience. Learn more