എറണാകുളം: അയ്യപ്പ സംഗമവുമായി ബന്ധപ്പെട്ട് രാഷ്ട്രീയ തീരുമാനമാണ് യു.ഡി.എഫും കോൺഗ്രസും സ്വീകരിച്ചതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. തെരഞ്ഞെടുപ്പ് അടുത്ത് വരുന്ന സമയത്ത് കപട ഭക്തിയുമായി സർക്കാർ വരുമ്പോൾ യഥാർത്ഥ മുഖം വിശ്വാസികൾക്ക് മുന്നിൽ തുറന്നു കാട്ടേണ്ട ഉത്തരവാദിത്തം പ്രതിപക്ഷത്തിനുണ്ടെന്നും അദ്ദേഹം പറഞ്ഞു. എറണാകുളത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു. വി.ഡി. സതീശൻ.
‘മൂന്ന് ചോദ്യങ്ങളാണ് ഞങ്ങൾ സർക്കാരിനോട് ചോദിച്ചത്. ഇപ്പോൾ അയ്യപ്പ ഭക്തി കാട്ടുന്ന സർക്കാർ സുപ്രീം കോടതിയിൽ നൽകിയിരിക്കുന്ന സത്യവാങ്മൂലം പിൻവലിക്കുമോ? എൻ.എസ്.എസ് പ്രവർത്തകരും സ്ത്രീകളും ഉൾപ്പെടെ ആയിരക്കണക്കിന് പേർക്കെതിരെ എടുത്ത കേസുകൾ പിൻവലിക്കുമോ? പത്ത് വർഷക്കാലം ശബരിമലയുടെ വികസനത്തിന് ചെറുവിരൽ അനക്കാത്ത സർക്കാർ ഇപ്പോൾ മാസ്റ്റർ പ്ലാനുമായി വന്നത് ആരെ കബളിപ്പിക്കാനാണ്? ഈ ചോദ്യങ്ങൾക്ക് ഇതുവരെ മുഖ്യമന്ത്രിയും സർക്കാരും മറുപടി പറഞ്ഞിട്ടില്ല,’ വി.ഡി സതീശൻ പറഞ്ഞു.
കഴിഞ്ഞ കാലങ്ങളിൽ ശബരിമലയിൽ പിണറായി സർക്കാർ ചെയ്തത് എല്ലാവർക്കും അറിയാം. അതിൽ നിന്നും മാറ്റമുണ്ടാകാനുള്ള ഒരു നടപടിയും ഇതുവരെ ഉണ്ടായിട്ടില്ല. എൻ.എസ്.എസ് ഉൾപ്പെടെയുള്ള സമുദായ സംഘടനങ്ങൾക്ക് അവരവരുടെ തീരുമാനം എടുക്കാം. പല സമുദായ സംഘടനകളും അവർക്ക് ഇഷ്ടമുള്ള തീരുമനം എടുത്തു. അത് അവരുടെ സ്വാതന്ത്ര്യമാണ്. പ്രതിപക്ഷം അയ്യപ്പ സംഗമത്തിന് പോയിരുന്നെങ്കിൽ പിണറായി വിജയനെ പോലെ തങ്ങളും പരിഹാസപാത്രമാകുമായിരുന്നുവെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
4200 പേർ പങ്കെടുക്കുമെന്ന് പറഞ്ഞിട്ട് അറുനൂറോളം പേർ മാത്രം പങ്കെടുത്ത പരിപാടിയിലേക്കാണ് വിദ്വേഷ പ്രസംഗം നടത്തുന്ന ആളുകളെ കൊണ്ടുവന്നതെന്നും മോദിയേക്കാൾ വലിയ വർഗീയ വാദിയായ യോഗി അദിത്യനാഥിന്റെ പ്രസംഗം വായിച്ച് മന്ത്രി കോൾമയിർ കൊണ്ടതിന് തങ്ങളും സാക്ഷിയാകേണ്ടി വരുമായിരുന്നെന്നും അദ്ദേഹം പറഞ്ഞു.
അത് മുൻകൂട്ടി കണ്ടുകൊണ്ടുള്ള രാഷ്ട്രീയ തീരുമാനമാണ് യു.ഡി.എഫ് സ്വീകരിച്ചതെന്ന് പറഞ്ഞ വി.ഡി. സതീശൻ, ആ തീരുമാനത്തിൽ ഉറച്ചു നിൽക്കുന്നുവെന്നും കൂട്ടിച്ചേർത്തു. സമുദായ നേതാക്കൾക്കും സംഘടനകൾക്കും അവരവരുടേതായ തീരുമാനമുണ്ടാകുമെന്നും അതിൽ വിരോധമില്ലെന്നും അദ്ദേഹം പറഞ്ഞു.
സമദൂര സിദ്ധാന്തത്തിൽ മാറ്റമില്ലെന്ന് എൻ.എസ്.എസ് ജനറൽ സെക്രട്ടറി വ്യക്തമാക്കിയിട്ടുണ്ട്. തെരഞ്ഞെടുപ്പുമായി ഇപ്പോഴത്തെ നിലപാടിന് ബന്ധമില്ല. ഇതൊക്കെ ഓരോ വിഷയങ്ങൾ വരുമ്പോഴുള്ള നിലപാടുകളാണ്. വിശദമായി ചർച്ച ചെയ്ത ശേഷമാണ് അയ്യപ്പ സംഗമവുമായി ബന്ധപ്പെട്ട് യു.ഡി.എഫ് നിലപാടെടുത്തത്. ആ നിലപാട് ശരിയാണെന്ന് അയ്യപ്പ സംഗമം ഏഴ് നിലയിൽ പൊട്ടിയപ്പോൾ എല്ലാവർക്കും മനസിലായി. തങ്ങൾ അതിന്റെ ഭാഗമായില്ല എന്ന സന്തോഷമാണ് ഇപ്പോഴുമുള്ളത്. തങ്ങളുടെ തീരുമാനം നൂറ് ശതമാനം ശരിയായിരുന്നെന്ന് തങ്ങൾക്ക് ബോധ്യമുണ്ട്. അവിടെ എന്ത് കാപട്യമാണ് നടന്നത്. മുഖ്യമന്ത്രി കപട ഭക്തനായി അഭിനയിച്ച് വിശ്വാസികളെ കബളിപ്പിക്കുകയായിരുന്നുവെന്നും വി.ഡി. സതീശൻ കൂട്ടിച്ചേർത്തു.
ആരുമായും തങ്ങൾക്ക് ഒരു വിരോധവുമില്ലെന്നും എൻ.എസ്.എസും എസ്.എൻ.ഡി.പിയും ഉൾപ്പെടെ ഒരു സമുദായ സംഘടനകളുമായും കോൺഗ്രസിനോ യു.ഡി.എഫ് നേതൃത്വത്തിനോ ഒരു തർക്കവുമില്ല. അവർ നിലപാടുകൾ എടുക്കുന്നതിലും തങ്ങൾക്ക് പരാതിയില്ല. തങ്ങളുടെ നിലപാട് ആലോചിച്ച് ചർച്ച ചെയ്ത് എടുത്തതാണ്. ശബരിമലയിൽ ആചാരലംഘനം നടക്കുന്ന സമയത്ത് ആചാരങ്ങളെ സംരക്ഷിക്കാൻ നിലപാടെടുത്ത് കൂടെ നിന്നത് തങ്ങളാണ്. സർക്കാർ എന്ത് വൃത്തികേടാണ് കാട്ടിയത്. ആചാരലംഘനം നടത്തുന്നതിന് പൊലീസിന്റെ പിൻബലത്തോടെ രണ്ട് സ്ത്രീകളെ കൊണ്ടുവന്ന് ഇരുട്ടിന്റെ മറവിൽ ദർശനം നടത്തി. ലോകം കീഴ്മേൽ മറിഞ്ഞാലും ഒരു മാറ്റവും ഉണ്ടാകില്ലെന്ന് പിണറായി വിജയൻ പറഞ്ഞു. പിന്നീട് നവോത്ഥാന സംരക്ഷണ സമിതിയുണ്ടാക്കി. ആചാരലംഘനം നടത്തുന്നത് നവോത്ഥാനമാണെന്നു പറഞ്ഞു. ഇതൊക്കെ കേരളം കണ്ടതാണെന്നും വി.ഡി. സതീശൻ പറഞ്ഞു.
അന്നത്തെ ആ നിലപാടിൽ നിന്നും എന്ത് മാറ്റമാണ് പിണറായി സർക്കാരിനുണ്ടായതെന്നും മാറ്റമുണ്ടായെങ്കിൽ അന്ന് സുപ്രീം കോടതിയിൽ നൽകിയ സത്യവാങ്മൂലം പിൻവലിക്കണമെന്നും വി.ഡി. സതീശൻ ആവശ്യപ്പെട്ടു. വിശ്വാസികൾക്കെതിരായ കേസ് പിൻവലിക്കാനും കഴിഞ്ഞ 9 വർഷം ശബരിമലയുടെ വികസനത്തിന് ഒന്നും ചെയ്യാൻ പറ്റിയില്ലെന്ന് പറയണമെന്നും പത്താമത്തെ വർഷം മാസ്റ്റർ പ്ലാനുണ്ടാക്കി ശബരിമലയെ ഞെട്ടിച്ചു കളയും എന്നു പറഞ്ഞാൽ തങ്ങളും വിശ്വാസികളും ഞെട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
എല്ലാ സമുദായങ്ങളോടും യു.ഡി.എഫിന് ഒരേ നിലപാടാണ്. പ്രത്യേക പരിഗണന ആരോടുമില്ല. ശുദ്ധവും സത്യസന്ധവുമായ മതേതര നിലപാടാണ് യു.ഡി.എഫ് സ്വീകരിക്കുന്നത്. ഓരോ വിഷയങ്ങൾ വരുമ്പോഴും നിലപാടുകളിൽ വെള്ളം ചേർക്കാറില്ല. ഏത് മത വിഭാഗത്തിൽപ്പെട്ടവർക്ക് പ്രശ്നങ്ങളുണ്ടായാലും തങ്ങൾ സഹായിക്കാറുണ്ട്. വിശ്വാസികൾക്കൊപ്പം നിൽക്കാറുണ്ട്. തങ്ങൾക്ക് കൃത്യമായ നിലപാടുണ്ട്. അതേസമയം ഭൂരിപക്ഷ വർഗീയതയെയും ന്യൂനപക്ഷ വർഗീയതയെയും ഒരു പോലെ എതിർക്കും. എന്നാൽ പാർലമെന്റ് തെരഞ്ഞെടുപ്പ് വരെ പിണറായി വിജയൻ ന്യൂനപക്ഷ വർഗീയതയെ പ്രീണിപ്പിക്കുകയായിരുന്നു. ഇപ്പോൾ ഭൂരിപക്ഷ വർഗീയതയെ പ്രീണിപ്പിക്കുകയാണ്. 2026ലെ കനത്ത തോൽവി മുന്നിൽക്കണ്ടുള്ള വിഭ്രാന്തിയാണ് സർക്കാരിന്. അതിന്റെ ഭാഗമായാണ് അയ്യപ്പ സംഗമം സംഘടിപ്പിച്ചത്. അയ്യപ്പ സംഗമത്തിന്റെ പേരിൽ കേരളം മുഴുവൻ വച്ച ബോർഡുകളിൽ ഒരിടത്ത് പോലും അയ്യപ്പന്റെ ഒരു ചിത്രം പോലുമില്ല. പേര് അയ്യപ്പ സംഗമാണ് എന്നാണെങ്കിലും പിണറായി വിജയന്റെയും വി.എൻ. വാസവന്റെയും ചിത്രങ്ങളാണ്. രാഷ്ട്രീയമായി ശബരിമലയെ ദുരുപയോഗം ചെയ്താൽ പ്രതിപക്ഷം അത് തുറന്ന് കാട്ടും. അത് പ്രതിപക്ഷ ധർമമാണ്. അത് തുറന്ന് കാട്ടുമെന്നതിൽ ഒരു സംശയവും വേണ്ടെന്നും വി.ഡി. സതീശൻ പറഞ്ഞു.
എൻ.എസ്.എസുമായി ഒരു അഭിപ്രായഭിന്നതയുമില്ല. എല്ലാ സമുദായങ്ങൾക്കും അവരുടേതായ അഭിപ്രായമുണ്ടാകും. രാഷ്ട്രീയ പാർട്ടിയെന്ന നിലയിൽ തങ്ങൾക്കും അഭിപ്രായമുണ്ട്. എസ്.എൻ.ഡി.പി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ ഏറ്റവും നിന്ദ്യമായ ഭാഷയിലാണ് തന്നെ അപമാനിച്ചത്. ചതയ ദിനാഘോഷത്തിന്റെ ഭാഗമായി എസ്.എൻ.ഡി.പിയുടെ രണ്ട് പരിപാടികളിൽ താൻ പങ്കെടുത്തു. ഒരു സമുദായവുമായും സംഘർഷത്തിനില്ല. പക്ഷെ യു.ഡി.എഫിന് രാഷ്ട്രീയമായ തീരുമാനങ്ങളുണ്ട്. ആ രാഷ്ട്രീയ തീരുമാനങ്ങൾ എടുക്കുമെന്നതിൽ ഒരു മാറ്റവുമില്ല. വെള്ളാപ്പള്ളി പറഞ്ഞ മോശമായ ഒരു വാക്കും താൻ പറഞ്ഞിട്ടില്ല. ഈ സ്ഥാനത്ത് ഇരിക്കുമ്പോൾ ഇതൊക്കെ കേൾക്കേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു.
രാഹുൽ മാങ്കൂട്ടത്തിലുമായി ബന്ധപ്പെട്ട വിഷയത്തിൽ തീരുമാനം നേരത്തെ പറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം പാർട്ടിയിൽ നിന്നും പാർലമെന്ററി പാർട്ടിയിൽ നിന്നും സസ്പെൻഷനിലാണെന്നും വി.ഡി. സതീശൻ കൂട്ടിച്ചേർത്തു. രാഹുൽ പാലക്കാട് എം.എൽ.എയാണ്. അദ്ദേഹത്തെ മുന്നിൽ കണ്ടാൽ താൻ തിരിച്ച് പോകുമേയെന്നും വി.ഡി. സതീശൻ ചോദിച്ചു.
കോൺഗ്രസ് നേതാക്കൾ എന്തു ചെയ്യണമെന്നാണ് മാധ്യമങ്ങൾ പറയുന്നതെന്നും പി.ജെ. പൗലോസ് എന്ന നേതാവിന്റെ മരണ വീട്ടിൽ വെച്ച് മുതിർന്ന നേതാക്കൾ രാഹുലിന്റെ കണ്ടുവെന്നും പറഞ്ഞ സതീശൻ, അവർ രാഹുലിനെ കണ്ടാൽ ഇതുവരെ ഒരു പരിചയം ഇല്ലാത്ത ആളെ പോലെ തിരികെ പോകണോയെന്നും ചോദിച്ചു.
അദ്ദേഹത്തിനെതിരെ പാർട്ടി എടുത്ത നടപടി നിലനിൽക്കുകയാണ്. അത് മുതിർന്ന നേതാക്കൾ ചേർന്ന് എടുത്ത നടപടിയാണ്. തന്റെ മുന്നിൽ വന്നാലും ഹസ്തദാനം ചെയ്യും. പാർട്ടിയിൽ നിന്നും പുറത്തായ പി.സരിനെ കണ്ടാലും താൻ കൈകൊടുക്കും. കഴിഞ്ഞ ദിവസം ഒരു കല്യാണ വീട്ടിൽ വെച്ച് പത്മജയോട് താൻ സംസാരിച്ചു. മറ്റ് പാർട്ടിയിൽ പോയവരുമായി മിണ്ടാൻ പാടില്ലെന്ന് പറയാൻ ഇതു കേരളമല്ലേ? ഇത്തരം വിഷയങ്ങള് പറഞ്ഞ് കോൺഗ്രസ് സ്വീകരിച്ച നിലപാടിനെ ചെറുതാക്കാൻ നോക്കരുത്. എല്ലാവരും ചേർന്നാണ് തീരുമാനം എടുത്തത്. അതിൽ എല്ലാവരും ഉറച്ചു നിൽക്കുകയാണ്. തന്നെ ഒറ്റപ്പെടുത്തുന്നു എന്ന വാർത്തകൾ നൽകുന്നത് തന്നെ ഒറ്റപ്പെടുത്തണമെന്ന് ആഗ്രഹിക്കുന്നവരാണെന്നും വി.ഡി. സതീശൻ കൂട്ടിച്ചേർ്ത്തു.
Content Highlight: There is no conflict with any community; UDF’s decision at the Ayyappa Sangamam was correct says V.D Satheesan