| Sunday, 31st May 2026, 7:11 pm

പശുവിനെ ദേശീയ മൃഗമാക്കാനോ ഗോവധനിരോധനം നടപ്പിലാക്കാനോ നിലവില്‍ ഉദ്ദേശമില്ല; സമയമാവുമ്പോള്‍ അറിയിക്കും: കേന്ദ്രമന്ത്രി

നിഷാന. വി.വി

ന്യൂദല്‍ഹി: പശുവിനെ ദേശീയ മൃഗമായി പ്രഖ്യാപിക്കാനോ ഗോവധനിരോധനം നടപ്പിലാക്കാനോ നിലവില്‍ സര്‍ക്കാരിന് ആലോചനയില്ലെന്ന് കേന്ദ്ര മന്ത്രി അര്‍ജുന്‍ റാം മേഘ്‌വാള്‍. വിവിധ ഗ്രൂപ്പുകള്‍ ഈ ആവശ്യങ്ങള്‍ ഉന്നയിക്കുന്നത് തുടരുകയാണെന്നും അദ്ദേഹം പറഞ്ഞു.

ഗോവധവുമായി ബന്ധപ്പെട്ട നിയമങ്ങള്‍ സംസ്ഥാനങ്ങള്‍ തോറും വ്യത്യാസപ്പെട്ടിരിക്കുമെന്നും പ്രാദേശിക പരിഗണനകളുടെ അടിസ്ഥാനത്തിലാണ് പലപ്പോഴും തീരുമാനങ്ങളെടുക്കുന്നതെന്നും മേഘ് വാള്‍ പറഞ്ഞു.

പശുവിനെ ദേശീയ മൃഗമായി പ്രഖ്യാപിക്കണമെന്നും രാജ്യത്തുടനീളം ഗോവധം നിരോധിക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ടുള്ള നിവേദനങ്ങള്‍ സര്‍ക്കാരിനും എം.പിമാര്‍ക്കും പതിവായി ലഭിക്കാറുണ്ടെന്നും അദ്ദേഹം പറഞ്ഞു. വിവിധ ഗ്രൂപ്പുകള്‍ ഈ ആവശ്യമുന്നയിച്ച് രംഗത്തെത്തിയതുമായി ബന്ധപ്പെട്ടുള്ള ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം. പി.ടി.ഐയ്ക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം.

ഈ വിഷയം പരിഗണനയിലുണ്ടാവുകയോ സര്‍ക്കാര്‍ തീരുമാനമോ മന്ത്രി സഭയുടെ ഇടപെടലോ ആവശ്യം വരുന്ന ഘട്ടത്തില്‍ സമയാവുമ്പോള്‍ അതിനെക്കുറിച്ച് അറിയിക്കുമെന്നും മേഘ് വാള്‍ പറഞ്ഞു.

ഹിന്ദുത്വ സംഘടനകള്‍ ഗോവധനിരോധനത്തിനായി മുറവിളി കൂട്ടുകയും ആള്‍ക്കൂട്ട ആക്രമണങ്ങള്‍ പതിവാകുകയും ചെയ്യുന്ന സാഹചര്യത്തില്‍ ഒരു വിഭാഗം മുസ്‌ലിം സംഘടനകളും പണ്ഡിതന്മാരും പശുവിനെ ദേശീയ മൃഗമായി പ്രഖ്യാപിക്കണമെന്നും ഗോവധനിരോധനം നടപ്പിലാക്കണമെന്നും ആവശ്യപ്പെടുന്നുണ്ട്. ഇതുമായി ബന്ധപ്പെട്ട് നിരവധി പ്രതിഷേധ പ്രകടനങ്ങളും അരങ്ങേറിയിരുന്നു.

ഇത്തരം വിഷയങ്ങളുമായി ബന്ധപ്പെട്ട് ഉണ്ടാകുന്ന സംഘര്‍ഷങ്ങളെ ഒഴിവാക്കാന്‍ ഈ തീരുമാനത്തിലൂടെ കഴിയുമെന്നാണ് ജാമിയത്ത് ഉലമ – ഇ- ഹിന്ദ് മേധാവി മൗലാന അര്‍ഷാദ് മദാനി പറഞ്ഞത്.

Content Highlight: There is currently no intention to make the cow the national animal or implement a ban on cow slaughter; will announce when the time is right: Union Minister

നിഷാന. വി.വി

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. വാദി ഹുദ കോളേജില്‍ നിന്നും ബി.എ ഇംഗ്ലീഷില്‍ ബിരുദം. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.

We use cookies to give you the best possible experience. Learn more