| Wednesday, 27th August 2025, 11:03 am

സ്വകാര്യത കിട്ടില്ലെന്ന തിരിച്ചറിവുണ്ട്; ചില കാര്യങ്ങളെ പ്രോത്സാഹിപ്പിക്കാറില്ല: ഐശ്വര്യ ലക്ഷ്മി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഞണ്ടുകളുടെ നാട്ടില്‍ ഒരു ഇടവേള എന്ന ചിത്രത്തിലൂടെ കരിയര്‍ തുടങ്ങിയ നടിയാണ് ഐശ്വര്യ ലക്ഷ്മി. മായാനദി, വരത്തന്‍, വിജയ് സൂപ്പറും പൗര്‍ണമിയും തുടങ്ങിയ സിനിമകളിലൂടെ ശ്രദ്ധ നേടിയ ഐശ്വര്യ അന്യഭാഷകളിലും തന്റെ സാന്നിധ്യമറിയിച്ചിട്ടുണ്ട്.

മണിരത്‌നത്തിന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ പൊന്നിയിന്‍ സെല്‍വന്‍ എന്ന ചിത്രത്തില്‍ പൂങ്കുഴലി എന്ന കഥാപാത്രത്തെ ഐശ്വര്യ ലക്ഷ്മി അവതരിപ്പിച്ചിരുന്നു. കമല്‍ ഹാസനൊപ്പം തഗ് ലൈഫിലും ഐശ്വര്യ വേഷമിട്ടിട്ടു. ഇപ്പോള്‍ സിനിമാതാരങ്ങളുടെ സ്വകാര്യതയെക്കുറിച്ച് സംസാരിക്കുകയാണ് ഐശ്വര്യ ലക്ഷ്മി.

‘പൊതുവിടങ്ങളില്‍ സ്വകാര്യത കിട്ടില്ല എന്നത് ഈ ജോലിയുടെ ഭാഗമാണെന്ന തിരിച്ചറിവ് എനിക്കുണ്ട്. സിനിമയുടെ ഭാഗമായതില്‍പ്പിന്നെ ഒരുപാട് സുഖങ്ങളും സന്തോഷങ്ങളും അനുഭവിച്ചു. സ്വാഭാവികമായും അതിന്റെ മറ്റുവശങ്ങളും അനുഭവിക്കേണ്ടിവരും. പൊതുവിടങ്ങളില്‍ കൂടുതല്‍ സ്വകാര്യത കിട്ടിയിരുന്നുവെങ്കില്‍ എന്ന് ഇടയ്ക്കാലോചിക്കും. പുറത്തുള്ളവര്‍ ഒരു അഭിനേത്രി എന്നനിലയില്‍ മാത്രം എന്നെ കണ്ടിരുന്നുവെങ്കിലെന്ന് തോന്നാറുണ്ട്. എന്നാല്‍, ഇതൊക്കെ ഇപ്പോള്‍ ജീവിതത്തിന്റെ ഭാഗമായി,’ ഐശ്വര്യ ലക്ഷ്മി പറയുന്നു.

എങ്കിലും ചില സന്ദര്‍ഭങ്ങളില്‍ പ്രതികരിക്കാറുണ്ടെന്നും കുറച്ച് മാസങ്ങള്‍ക്ക് മുമ്പ് രണ്ടുപേര് തന്റെ ഫ്‌ളാറ്റ് കണ്ടുപിടിച്ച് ഫോട്ടോയെടുക്കാന്‍ വന്നിരുന്നെന്നും അത്തരം കാര്യങ്ങളെ താന്‍ പ്രോത്സാഹിപ്പിക്കില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

അത്തരം സംഭവങ്ങള്‍ വേറെയും ഉണ്ടായിട്ടുണ്ടെന്നും കൊറിയര്‍ തന്റെ വീട്ടിലേക്കാണെന്നറിഞ്ഞ് അത് ഡെലിവര്‍ ചെയ്യാന്‍ സുഹൃത്തുക്കളെയും കൂട്ടി ചിലർ വന്നിരുന്നെന്നും പറഞ്ഞ ഐശ്വര്യ ലക്ഷ്മി, ഫ്‌ളാറ്റില്‍ അറ്റകുറ്റപ്പണിക്ക് വന്നൊരാള്‍ വൈകിട്ട് ഒരു കൂട്ടം ആളുകളെയും കൂട്ടി തന്നെ കാണാന്‍ വന്നുവെന്നും കൂട്ടിച്ചേര്‍ത്തു.

അതൊക്കെ തനിക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന കാര്യമാണെന്നും ഇത് താന്‍ പ്രോത്സാഹിപ്പിക്കില്ലെന്നും അവര്‍ പറഞ്ഞു. തനിക്ക് കുടുംബത്തിന്റെ സുരക്ഷയും സമാധാനവും കൂടി നോക്കേണ്ട ചുമതലയുണ്ടെന്നും ഐശ്വര്യ ലക്ഷ്മി കൂട്ടിച്ചേര്‍ത്തു.

Content Highlight: There is a realization that privacy is not available in cinema Industry

We use cookies to give you the best possible experience. Learn more