| Tuesday, 25th March 2025, 11:19 am

ആക്ഷേപ ഹാസ്യത്തിന് പരിധിയുണ്ട്; കുനാല്‍ കമ്രയുടെ പരാമര്‍ശത്തില്‍ മൗനം വെടിഞ്ഞ് ഏകനാഥ് ഷിന്‍ഡെ

ഡൂള്‍ന്യൂസ് ഡെസ്‌ക്

മുംബൈ: സ്റ്റാന്‍ഡപ്പ് കൊമേഡിയന്‍ കുനാല്‍ കമ്രയുടെ പരാമര്‍ശത്തില്‍ ആദ്യ പ്രതികരണവുമായി മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ഏക്‌നാഥ് ഷിന്‍ഡെ. ആക്ഷേപഹാസ്യം എന്താണെന്ന് തങ്ങള്‍ക്ക് മനസിലാകുമെന്നും എന്നാല്‍ എല്ലാത്തിനും ഒരുപരിധി വേണമെന്നായിരുന്നു ഷിന്‍ഡെയുടെ പ്രതികരണം.

അതേസമയം ഷിന്‍ഡെയ്‌ക്കെതിരായ പരാമര്‍ശത്തെ തുടര്‍ന്ന് ശിവസേന പ്രവര്‍ത്തകര്‍ മുംബൈയിലെ സ്റ്റുഡിയോ തകര്‍ത്തതിനെയും ഷിന്‍ഡെ ന്യായീകരിച്ചു. എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും ഒരു പ്രതികരണമുണ്ടാവുമെന്നായിരുന്നു ഷിന്‍ഡെയുടെ മറുപടി. ആക്രമണത്തിനെതിരെ പ്രതിപക്ഷ നേതാക്കളില്‍ നിന്നടക്കം രൂക്ഷ വിമര്‍ശനങ്ങള്‍ ഉയരുന്നതിനിടയിലാണ് അദ്ദേഹത്തിന്റെ പ്രസ്താവന.

‘ആളുകള്‍ ചില അതിര്‍വരമ്പുകള്‍ പാലിക്കേണ്ടതുണ്ട്. അല്ലെങ്കില്‍ അതിനനുസരിച്ചുള്ള റിയാക്ഷന്‍സ് ഉണ്ടായെന്ന് വരാം. അഭിപ്രായ സ്വാതന്ത്ര്യം ഉണ്ടെന്നത് സത്യം തന്നെയാണ്. ഞങ്ങള്‍ക്ക് ആക്ഷേപഹാസ്യവും മനസിലാവും, എന്നാല്‍ അതിന് ഒരു പരിധിയുണ്ട്. ഇവിടെ എനിക്കെതിരെ കരാര്‍ എടുത്തത് പോലെയാണ് സംസാരിക്കുന്നത്,’ ഷിന്‍ഡെ പറഞ്ഞു.

കഴിഞ്ഞ ദിവസം മഹാരാഷ്ട്ര മുന്‍ മുഖ്യമന്ത്രിയും ശിവസേന മേധാവിയുമായ ഏക്നാഥ് ഷിന്‍ഡെ രാജ്യദ്രോഹിയാണെന്ന കുനാല്‍ കമ്രയുടെ പരാമര്‍ശം ഏറെ വിവാദമായിരുന്നു. ഒരു പരിപാടിക്കിടെ ‘ദില്‍ തോ പാഗല്‍ ഹെ’ എന്ന ഗാനത്തിന്റെ പാരഡി പാടിയാണ് ഷിന്‍ഡെ രാജ്യദ്രോഹിയാണെന്ന് കമ്ര പറഞ്ഞത്‌.

കമ്രയുടെ പരാമര്‍ശങ്ങള്‍ ഉള്‍പ്പെടുന്ന വീഡിയോ വൈറലായതോടെ, ഷോ നടന്ന മുംബൈ ഖറിലെ ഹാബിറ്റാറ്റ് കോമഡി ക്ലബ്ബും ക്ലബ് സ്ഥിതി ചെയ്യുന്ന ഹോട്ടലും ശിവസേന അംഗങ്ങള്‍ അടിച്ചു തകര്‍ത്തു. തുടര്‍ന്ന് കമ്ര രണ്ട് ദിവസത്തിനുള്ളില്‍ മാപ്പ് പറയണമെന്നും അദ്ദേഹത്തിനെതിരെ നടപടി എടുക്കണമെന്നും ശിവസേന നേതാക്കള്‍ ആവശ്യപ്പെട്ടിരുന്നു. പരാമര്‍ശത്തില്‍ പൊലീസ് കേസെടുത്തിരുന്നു.

അതേസമയം ഷിന്‍ഡെയ്ക്കെതിരായ പരാമര്‍ശത്തില്‍ മാപ്പ് പറയില്ലെന്ന് കമ്ര ഇതിനകം വ്യക്തമാക്കിയിട്ടുണ്ട്. താന്‍ ജനക്കൂട്ടത്തെ ഭയപ്പെടുന്നില്ലെന്നും അഭിപ്രായത്തിന്റെ പേരില്‍ മാപ്പ് പറയില്ലെന്നും കമ്ര പറഞ്ഞു.

‘ഏക്‌നാഥ് ഷിന്‍ഡെയെക്കുറിച്ച് അജിത് പവാര്‍ പറഞ്ഞതാണ് ഞാന്‍ പറഞ്ഞത്. ജനക്കൂട്ടത്തെ ഞാന്‍ ഭയപ്പെടുന്നില്ല. ഇത് അവസാനിക്കുന്നതുവരെ ഞാന്‍ എന്റെ കട്ടിലിനടിയില്‍ ഒളിച്ചിരിക്കാനുമില്ല,’ കുനാല്‍ കമ്ര എക്‌സില്‍ കുറിച്ചു.

Content Highlight: There is a limit to satire; Eknath Shinde breaks silence on Kunal Kamra’s remarks

We use cookies to give you the best possible experience. Learn more