തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദൻ്റെ മരണത്തിൽ അനുശോചനം രേഖപ്പെടുത്തി പേഴ്സണൽ അസിസ്റ്റൻ്റ് സ്റ്റാഫ് അംഗം എ. സുരേഷ്.
വി.എസ്. കേരളത്തിന്റെ കാവലാളാണെന്നും തന്നെപ്പോലെ പതിനായിരക്കണക്കിന് ആളുകള്‍ക്കും വി.എസ് തിരിച്ചുവരുമെന്ന പ്രതീക്ഷയായിരുന്നുവെന്നും അദ്ദേഹം പറയുന്നു.
കഴിഞ്ഞ 23നാണ് വി.എസിനെ അഡ്മിറ്റ് ചെയ്തതെന്നും അന്ന് മുതല്‍ താന്‍ ഇവിടെയുണ്ടായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. വി.എസ് തിരിച്ചുവരുമെന്ന ഉറച്ച പ്രതീക്ഷയായിരുന്നു തനിക്ക് ഉണ്ടായിരുന്നതെന്നും വി.എസ് ഒരു പോരാളിയും പോരാട്ട വീര്യമുള്ള നേതാവുമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പണ്ട് ഒരു ഘട്ടത്തില്‍ വി.എസ് മരിച്ചുവെന്ന് കരുതി പൊലീസ് ചാക്കില്‍ കെട്ടി മൃതദേഹം ഉപേക്ഷിക്കാന്‍ പോയപ്പോള്‍ കള്ളനാണ് ആ ചാക്കില്‍ ജീവനുണ്ടെന്ന് കരുതി പെലീസിനോട് പറഞ്ഞതെന്നും ആശുപത്രിയില്‍ എത്തിച്ച് തിരിച്ചുവന്നന്നും സുരേഷ് കൂട്ടിച്ചേർത്തു.
അങ്ങനെ ഒരുപാട് ഘട്ടങ്ങള്‍ തരണം ചെയ്ത ആളാണെന്നും ഇന്ന് ഉച്ചക്ക് മുമ്പ് രക്തസമ്മര്‍ദത്തില്‍ വ്യതിയാനം ഉണ്ടായതാണ് കണ്ടീഷന്‍ മോശം ആകാനും മരണപ്പെടാനുമുള്ള കാരണമെന്നും സുരേഷ് പറഞ്ഞു.
ഇപ്പോഴും വി.എസ് ഇല്ലായെന്ന് വിശ്വസിക്കാന്‍ തനിക്കാവുന്നില്ലെന്നും വി.എസ് ഇല്ലാതായപ്പോള്‍ വല്ലാത്തൊരു ശൂന്യതയാണ് അനുഭവിക്കുന്നതെന്നും പറഞ്ഞ അദ്ദേഹം തനിക്ക് വാക്കുകൾ പറയാന്‍ പറ്റുന്നില്ലെന്നും കൂട്ടിച്ചേർത്തു.
Content Highlight: There is a huge void when VS is gone, words cannot express it A Suresh