ന്യൂദല്‍ഹി: പ്ലാറ്റ്‌ഫോം ഫീ ഈടാക്കാനൊരുങ്ങി ആമസോണും. ഓരോ ഓര്‍ഡറിനും അഞ്ച് രൂപ മാര്‍ക്കറ്റ് പ്ലെയ്‌സ് ഫീസ് ഈടാക്കാനാരംഭിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.
പ്ലാറ്റ്‌ഫോമിന്റെ പ്രവര്‍ത്തന ചെലവുകള്‍ താങ്ങാനായുള്ള നീക്കമാണിതെന്നാണ് വിവരം. എല്ലാ ഉപഭോക്താക്കള്‍ക്കും ഫീസ് ബാധകമാണെന്നും തടസമില്ലാത്തതും വിലപ്പെട്ടതുമായ ഷോപ്പിങ് അനുഭവം നല്‍കാനുള്ള ആമസോണിന്റെ പ്രതിബദ്ധതയെയാണ് ഫീ ഈടാക്കല്‍ പിന്തുണക്കുന്നതെന്നും കമ്പനി വ്യക്തമാക്കി.
ആമസോണ്‍ പ്രൈം ഉപയോക്താക്കള്‍ക്കുള്‍പ്പെടെ പുതിയ പ്ലാറ്റ് ഫോം ഫീ ബാധകമാണെന്നും ആമസോണ്‍ നൗ, ആമസോണ്‍ ബിസിനസ്, ബസാര്‍ എന്നീ ഉത്പന്നങ്ങള്‍ക്ക് ഇത് ബാധകമല്ലെന്നും കമ്പനി അറിയിച്ചു.
കൂടാതെ ആമസോണിലൂടെയുള്ള ഗിഫ്റ്റ് കാര്‍ഡുകള്‍, മൊബൈല്‍ റീചാര്‍ജുകള്‍, യൂട്ടിലിറ്റി ബില്‍ പെയ്‌മെന്റുകള്‍ തുടങ്ങിയ വിഷയങ്ങള്‍ക്കും പ്ലാറ്റ്‌ഫോം ഫീ ബാധകമാകില്ല. പേ ഓണ്‍-ഡെലിവറി ഓര്‍ഡറുകള്‍ക്കോ മറ്റോ ബാധകമായ ഫീസുകള്‍ (ഓഫര്‍ പ്രോസസ്സിംഗ് അല്ലെങ്കില്‍ എക്‌സ്‌ചേഞ്ച് ഫീസ് പോലുള്ളവ) ഉള്‍പ്പെടുന്ന പ്രീപെയ്ഡ് ഓര്‍ഡറുകള്‍ക്കോ ഫീ ഈടാക്കില്ലെന്നും ആമസോണ്‍ അറിയിച്ചു.
അതേസമയം ഫ്‌ളിപ്കാര്‍ട്ട്, സൊമാറ്റോ, സെപ്‌റ്റോ, സ്വിഗ്ഗി പോലുള്ള പ്ലാറ്റ്‌ഫോമുകളെല്ലാം നിലവില്‍ ഫിക്‌സഡായി ഓര്‍ഡറുകള്‍ക്ക് ഫീ ഈടാക്കുന്നതായി നേരത്തെ റിപ്പോര്‍ട്ടുകളുണ്ട്. ഇതിന് പിന്നാലെയാണ് ആമസോണും പ്ലാറ്റ്‌ഫോം ഫീ ഈടാക്കാനുള്ള നീക്കത്തിലെത്തിയത്.
കഴിഞ്ഞ വര്‍ഷമാണ് ഫ്‌ളിപ്കാര്‍ട്ട് 10,000 രൂപ വരെയുള്ള ഓര്‍ഡറുകള്‍ക്ക് മൂന്ന് രൂപ പ്ലാറ്റ്‌ഫോം ഫീ ഈടാക്കാന്‍ തുടങ്ങിയത്. ക്വിക്ക് കൊമേഴസിന് ഒരു മിനുട്ടില്‍ ഒമ്പത് രൂപയും ഈടാക്കിയിരുന്നു. മിന്ത്രയും ഒരു ഓര്‍ഡറിന് 20 രൂപ ഈടാക്കുന്നുണ്ട്.
Content Highlight: There is a fee of five rupees; Amazon is also preparing to charge a platform fee for orders