| Monday, 12th May 2025, 12:30 pm

പാര്‍ശ്വവത്ക്കരിക്കപ്പെടുന്ന വിഭാഗത്തില്‍ നിന്നും കെ.പി.സി.സി അധ്യക്ഷന്മാരുണ്ടായിട്ടില്ല; കൊടിക്കുന്നില്‍ സുരേഷ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: കെ.പി.സി.സി പുനസംഘടനയില്‍ അതൃപ്തിയുമായി കോണ്‍ഗ്രസ് നേതാവും എം.പിയുമായ കൊടിക്കുന്നില്‍ സുരേഷ്. കെ.പി.സി.സി അധ്യക്ഷന്മാരായി തെരഞ്ഞെടുക്കപ്പെട്ടവരില്‍ ഇതുവരെയും പാര്‍ശ്വവത്ക്കരിക്കപ്പെടുന്ന വിഭാഗത്തില്‍ നിന്നുമുണ്ടായിട്ടില്ലെന്നാണ് കൊടിക്കുന്നിലിന്റെ വിമര്‍ശനം.

കെ.പി.സി.സി അധ്യക്ഷനായി സണ്ണി ജോസഫ് ചുമതലയേറ്റതിന് പിന്നാലെയാണ് കൊടിക്കുന്നിലിന്റെ പരാമര്‍ശം. കെ.പി.സി.സി ഓഫീസില്‍ സ്ഥാപിച്ച പ്രഥമ പ്രസിഡന്റിന്റെ മുതല്‍ മുല്ലപ്പള്ളി രാമചന്ദ്രന്റേതടക്കമുള്ള ഫോട്ടോകള്‍ ചൂണ്ടിക്കാട്ടിയായിരുന്നു കൊടിക്കുന്നിലിന്റെ വിമര്‍ശനം.

എ.ഐ.സി.സിയില്‍ പ്രാതിനിധ്യമുണ്ടെങ്കിലും കേരളത്തിലില്ലെന്നും നവോത്ഥാന പ്രസ്ഥാനങ്ങളുടെ നാട്ടില്‍ അര്‍ഹമായ പരിഗണന ഈ വിഭാഗങ്ങള്‍ക്ക് ലഭിച്ചില്ലെന്ന പരാതിയുണ്ട് എന്നും കൊടിക്കുന്നില്‍ സുരേഷ് പറഞ്ഞു.

കേരളത്തിലെ കെ.പി.സി.സി അധ്യക്ഷന്മാരുടെ ചിത്രം കെപിസിസി ആസ്ഥാനത്തുണ്ടെന്നും. അവിടെ ഒരു വിഭാഗത്തില്‍പ്പെട്ട ആളുകളുടെ മാത്രം ചിത്രങ്ങളില്ലെന്നും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട വിഭാഗങ്ങള്‍ക്കും അര്‍ഹമായ പരിഗണന നല്‍കണമെന്നും കൊടിക്കുന്നില്‍ കൂട്ടിച്ചേര്‍ത്തു.

കെ.പി.സി.സി പ്രസിഡന്റിനൊപ്പം വര്‍ക്കിങ് പ്രസിഡന്റുമാരായി പി.സി. വിഷ്ണുനാഥും ഷാഫി പറമ്പിലും എ.പി. അനില്‍ കുമാറും ചുമതലയേറ്റെടുത്തു. യു.ഡി.എഫ് കണ്‍വീനറായി അടൂര്‍ പ്രകാശും ചുമലയേറ്റെടുത്തിട്ടുണ്ട്. ഇന്ദിരാഭവനില്‍ വെച്ചായിരുന്നു ചുമതലയേല്‍ക്കല്‍.

എ.ഐ.സി.സി സംഘടനാ ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍, കേരളത്തിന്റെ ചുമതലയുള്ള ജനറല്‍ സെക്രട്ടറി ദീപാദാസ് മുന്‍ഷി, പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍, മുന്‍ യു.ഡി.എഫ് കണ്‍വീനര്‍ എം. എം. ഹസന്‍, രമേശ് ചെന്നിത്തല, കെ. മുരളീധരന്‍. വി. എം. സുധീരന്‍ എന്നിവരും ചടങ്ങില്‍ പങ്കെടുത്തിരുന്നു.

Content Highlight: There have been no KPCC presidents from marginalized groups; Kodikunnil Suresh

Latest Stories

We use cookies to give you the best possible experience. Learn more