| Wednesday, 18th June 2025, 3:05 pm

കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുമായി ഒരു കാലത്തും ഒരു സഖ്യവുമില്ല; ഇത്രയും മനുഷ്യത്വമില്ലാത്ത വേറെയൊരു പാര്‍ട്ടിയില്ല: പി.കെ കൃഷ്ണദാസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുമായി തുടക്കം മുതല്‍ക്കേ ബി.ജെ.പിക്ക് ഒരു കോംപ്രമൈസുമില്ലെന്ന് ബി.ജെ.പി നേതാവ് കൃഷ്ണ ദാസ്. കാരണം ലോകത്ത് ഇത്രയും മനുഷ്യത്വമില്ലാത്ത പാര്‍ട്ടി വേറെയില്ലെന്നും ഹിറ്റ്‌ലറെയും മുസോളിനിയെയും പോലെ ലോകത്ത് നിരവധി പേരെ കൊലപ്പെടുത്തിയ പ്രസ്ഥാനമാണ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെന്നും അദ്ദേഹം പറഞ്ഞു.

കെ.ടി ജയകൃഷ്ണനെയും പന്ന്യന്നൂര്‍ ചന്ദ്രനെയുമൊക്കെ പോലെ ഇരുന്നൂറിലധികം സഹപ്രവര്‍ത്തകരെ കമ്മ്യൂണിസ്റ്റുകാര്‍ കൊലപ്പെടുത്തിയിട്ടുണ്ടെന്നും അതിനാല്‍ യാതൊരു സന്ധിയും അവരുമായില്ലെന്നും കൃഷ്ണദാസ് പറഞ്ഞു. ഒരു കാലത്തും ഉണ്ടാക്കിയിട്ടില്ലെന്നും എന്നാല്‍ അടിയന്തരാവസ്ഥ കാലത്ത് ഇന്ത്യയിലെ എല്ലാ പ്രതിപക്ഷ പാര്‍ട്ടികളും ഒരുമിച്ച് ചേര്‍ന്നപ്പോള്‍ അവരും പങ്കാളികളായിട്ടുണ്ടെന്നും അതല്ലാതെ മറിച്ച് ഒരു തരത്തിലുള്ള ബന്ധവും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുമായി ഇല്ലെന്നും കൃഷ്ണദാസ് കൂട്ടിച്ചേര്‍ത്തു.

ദേശീയതക്കെതിരായി, അതിനെ തകര്‍ക്കാനായി ശ്രമിച്ച പാര്‍ട്ടിയാണ് സി.പി.ഐ.എമ്മെന്നും ഹിന്ദുക്കളെയും ശബരിമലയെയും തകര്‍ക്കാന്‍ ശ്രമിച്ച പാര്‍ട്ടിയാണവരെന്നും കൃഷ്ണദാസ് പറഞ്ഞു. ശബരിമലയുടെയും അയ്യപ്പന്റെയും അസ്ഥിത്വത്തെ സ്ഥാനാര്‍ത്ഥി സ്വരാജ് ചോദ്യം ചെയ്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ശബരിമലയുടെ അസ്ഥിത്വത്തെയും മതവിശ്വാസത്തിന്റെ അസ്ഥിത്വത്തെയും തകര്‍ക്കാന്‍ ശ്രമിച്ച പിണറായി വിജയന്റെ പാര്‍ട്ടിയുമായി ഒരു സഖ്യത്തിനും തയ്യാറല്ലെന്നും കൃഷ്ണദാസ് അഭിപ്രായപ്പെട്ടു. പക്ഷെ ദേശീയതലത്തില്‍ കേരളമൊഴിച്ച് എല്ലാ സ്ഥലത്തും ഒരു സഖ്യമായി പ്രവര്‍ത്തിക്കുന്നത് കോണ്‍ഗ്രസും മാക്‌സിസ്റ്റ് പാര്‍ട്ടിയും തമ്മിലാണെന്നും ഇത് ജനങ്ങള്‍ തിരിച്ചറിയുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അക്ഷരാര്‍ത്ഥത്തില്‍ ഇരുവരും പ്രതികൂട്ടത്തിലായിരിക്കുകയാണെന്നും പഹല്‍ഗാം കൂട്ടക്കൊലയ്ക്ക് നേതൃത്വം കൊടുത്ത രണ്ട് പാര്‍ട്ടികളുമായാണ് അവര്‍ കൂട്ട് പിടിച്ചിരിക്കുന്നതെന്നും ജമാഅത്തെ ഇസ്‌ലാമിയും പി.ഡി.പിയും പാക് അനുകൂല പാര്‍ട്ടികളാണെന്നും അദ്ദേഹം പറഞ്ഞു.

പ്രതികൂട്ടില്‍ നിന്നും പുറത്ത് കടക്കാനാന്‍ കോണ്‍ഗ്രസും മാക്‌സിസ്റ്റ് പാര്‍ട്ടിയും സ്ഥലകാല ബോധം നഷ്ടപ്പെട്ട് എന്തൊക്കെയോ ചെയ്യുകയാണെന്നും അതിനാലാണ് ബി.ജെ.പിക്ക് എതിരായി ആരോപണങ്ങളും കൊണ്ട് രംഗത്തെത്തുന്നതെന്നും കൃഷ്ണദാസ് പറഞ്ഞു.

രാജ്യദ്രോഹ ശക്തികളെ കൂട്ട് പിടിച്ചതിനാല്‍ കോണ്‍ഗ്രസും മാക്‌സിസ്റ്റ് പാര്‍ട്ടിയും തികഞ്ഞ ആശങ്കയിലാണെന്നും അവര്‍ക്ക് അവ്യക്തതയുണ്ടെന്നും ബി.ജെ.പി നേതാവ് പറഞ്ഞു. ഹിന്ദുക്കളുടെയും ക്രിസ്ത്യാനികളുടെയും മുസ്‌ലിങ്ങളുടെയും ഇടയില്‍ പോലും ഈ രണ്ട് പാര്‍ട്ടികളും സ്വീകരിച്ച ദേശവിരുദ്ധ സഖ്യത്തെ കുറിച്ച് കടുത്ത അമര്‍ഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഇവരൊക്കെ എന്‍.ഡി.എയ്ക്ക് വോട്ട് ചെയ്യുമെന്ന് ഇരു പാര്‍ട്ടികളും ഭയപ്പെടുന്നുണ്ടെന്നും കൃഷ്ണദാസ് പറഞ്ഞു. മാത്രമല്ല രണ്ട് പാര്‍ട്ടികളും കേരളത്തിലൊഴിച്ച് ബാക്കി എല്ലാ ഇടങ്ങളും ഒരുമിച്ചാണെന്നും കര്‍ണാടകയില്‍ കോണ്‍ഗ്രസ് അധികാരത്തില്‍ വന്നപ്പോള്‍ കൈ പിടിക്കാന്‍ പോയത് മുഖ്യമന്ത്രി പിണറായി വിജയനാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മഹാരാഷ്ട്രയില്‍ കൈപിടിക്കാന്‍ പോയിട്ടുണ്ടെന്നും കൃഷ്ണദാസ് പറഞ്ഞു.

കോണ്‍ഗ്രസും മാക്‌സിസ്റ്റ് പാര്‍ട്ടിയും ഒരേ സഖ്യത്തിലാണെന്ന കാര്യം ജനങ്ങള്‍ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും ഇതിന്റെ തിരിച്ചടി നിയമസഭ ഉപതെരഞ്ഞെടുപ്പില്‍ ഉണ്ടാവുന്ന തിരിച്ചറിവ് അവരുടെ ഇടയില്‍ വലിയ തോതിലുള്ള ആശങ്കയുണ്ടാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഈ ഒരു പശ്ചാത്തലത്തിലാണ് പുതിയ വിവാദങ്ങളെ കാണേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ആര്‍.എസ്.എസുമായി അടിയന്തരാവസ്ഥ കാലത്ത് സഖ്യമുണ്ടായിരുന്നുവെന്ന എം.വി ഗോവിന്ദന്റെ പരാമര്‍ശം വിവാദമായതിന് പിന്നാലെയാണ് കൃഷ്ണദാസിന്റെ പ്രതികരണം. പരാമര്‍ശം വിവാദമായതിന് പിന്നാലെ എം.വി ഗോവിന്ദന്‍ വിശദീകരണവുമായി രംഗത്തെത്തിയിരുന്നു.

ആര്‍.എസ്.എസ് പരാമര്‍ശത്തെ വളച്ചൊടിച്ചുവെന്നാണ് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍ പറഞ്ഞത്. ചരിത്രത്തെ ചരിത്രമായി കാണാന്‍ പഠിക്കണമെന്നും യു.ഡി.എഫ് പച്ചക്കള്ളം പ്രചരിപ്പിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

വിമോചന സമരത്തിന്റെ ഘട്ടത്തില്‍ ആര്‍.എസ്.എസുമായി ചേര്‍ന്ന് പ്രവര്‍ത്തിച്ചത് കോണ്‍ഗ്രസാണെന്നും 1980ല്‍ ജനതാപാര്‍ട്ടിയുമായി സഖ്യമുണ്ടാക്കിയത് കോണ്‍ഗ്രസാണെന്നും അദ്ദേഹം പറഞ്ഞു. ആര്‍.എസ്.എസിന്റെ വോട്ട് വേണ്ടെന്ന് ഇ.എം.എസ് തന്നെ പ്രഖ്യാപിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

Content Highlight: There has never been an alliance with the Communist Party; there is no other party so inhumane: P.K. Krishnadas

We use cookies to give you the best possible experience. Learn more