| Friday, 16th October 2026, 11:21 pm

നേഹ ബോറ എവിടെ? ദല്‍ഹി പൊലീസ് എങ്ങോട്ട് കൊണ്ടുപോയി എന്ന് വിവരമില്ല

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ദല്‍ഹിയില്‍ നടന്ന ലെഹ്‌രാ ദോ തിരംഗ മാര്‍ച്ചിനിടെ ദെല്‍ഹി പൊലീസ് അറസ്റ്റ് ചെയ്ത നേഹ ബോറയെ എങ്ങോട്ട് കൊണ്ടുപോയി എന്ന വിവരമില്ല. മണ്ഡി ഹൗസില്‍ നിന്നും സെന്‍ട്രല്‍ പാര്‍ക്കിലേക്കുള്ള ജെ.എന്‍.യു വിദ്യാര്‍ഥികളുടെ മാര്‍ച്ചിനിടെയാണ് ദെല്‍ഹി പൊലീസ് അറസ്റ്റ് ചെയ്ത് നീക്കിയത്.

നേഹ ബോറയെ അറസ്റ്റ് ചെയ്യുമ്പോള്‍ വാഹനത്തിനുള്ളില്‍ യൂണിഫോമിലല്ലാത്ത രണ്ട് പേര്‍ ഉണ്ടായിരുന്നതായി ഐസ പ്രവര്‍ത്തകര്‍ പറഞ്ഞിരുന്നു. മംഗ്ലാപുരിയിലുള്ള ആന്റി നാര്‍കോടിക് ടാസ്‌ക് ഫോഴ്‌സിന്റെ ഓഫീസിലേക്കാണ് നേഹയെ ആദ്യം കൊണ്ടുപോയത്. അവിടെനിന്നും ഒരു വാഹനത്തില്‍ അജ്ഞാതമായ ഒരു സ്ഥലത്തേക്ക് മാറ്റിയെന്നും ഇത് സംബന്ധിച്ച് ഔദ്യോഗിക വിവരമൊന്നും ലഭിച്ചിട്ടില്ലെന്നും ഐസ അറിയിച്ചു.

നേഹ ബോറയെ എവിടേയ്ക്കാണ് കൊണ്ടുപോയതെന്ന് ജോണ്‍ ബ്രിട്ടാസ് എം.പി ചോദിച്ചു. ഐസ നേതാവ് അഞ്ജലി തന്നെ വിളിച്ചെന്നും ദല്‍ഹി പൊലീസ് അറസ്റ്റ് ചെയ്ത നേഹ ഇപ്പോള്‍ എവിടെയുണ്ടെന്ന് അറിയില്ലെന്നും ജോണ്‍ ബ്രിട്ടാസ് എക്‌സിലൂടെ പറഞ്ഞു.

‘ ദല്‍ഹി പൊലീസ് എന്ത് തരത്തിലുള്ള ക്രമസമാധാനമാണ് അനുവദിക്കുന്നത്? നിങ്ങള്‍ നിയമത്തോട് ഉത്തരവാദിത്തമുള്ളവരാണെന്ന് ഓര്‍മിക്കുക. നിയമത്തിന് മുകളിലല്ല’, ജോണ്‍ ബ്രിട്ടാസ് പറഞ്ഞു.

എവിടെയാണെന്ന് വെളിപ്പെടുത്താതെ ആളുകളെ തടങ്കലില്‍ വെക്കുന്നത് നിയമവിരുദ്ധവും മനുഷ്യത്വ രഹിതവുമാണെന്ന് നേഹയും ദീപ്‌കെയും എവിടെ എന്ന് ചോദിച്ച് തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്‍ എക്‌സില്‍ കുറിച്ചിരുന്നു.

ഇന്ത്യയിലെ പുരോഗമന യുവത്വത്തെ പ്രതിനിധീകരിക്കുന്ന ഒരു യുവ നേതാവിനെ, ഒരു യുവതിയെ, പ്രത്യക്ഷത്തില്‍ ‘അപ്രത്യക്ഷമാക്കി’ എന്ന വസ്തുതയിലേക്ക് ലോകമെമ്പാടും ശ്രദ്ധ ക്ഷണിക്കുക എന്ന് ഗായകന്‍ വിശാല്‍ ദല്‍ദാനി ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.

Content Highlight: “There has been no communication with neha bora”: AISA claims

We use cookies to give you the best possible experience. Learn more