| Wednesday, 22nd April 2026, 6:11 pm

മറ്റൊരു യുദ്ധമുണ്ടായാല്‍ ആക്രമിക്കാന്‍ അമേരിക്കയുടെ പക്കല്‍ ആയുധമുണ്ടാകില്ല; റിപ്പോര്‍ട്ട്

ആദര്‍ശ് എം.കെ.

വാഷിങ്ടണ്‍: ഇറാനെതിരായ യുദ്ധത്തെത്തുടര്‍ന്ന് അമേരിക്കയുടെ മിസൈല്‍ ശേഖരത്തില്‍ വന്‍ കുറവ് രേഖപ്പെടുത്തിയതായി റിപ്പോര്‍ട്ട്. ഏഴ് ആഴ്ച നീണ്ട യുദ്ധത്തില്‍ രാജ്യത്തിന്റെ പ്രധാന മിസൈല്‍ ശേഖരത്തിന്റെ പകുതിയോളം ഉപയോഗിച്ചു തീര്‍ത്തതായും, ഭാവിയില്‍ മറ്റൊരു യുദ്ധമുണ്ടായാല്‍ രാജ്യത്തെ പ്രതിസന്ധിയിലാക്കുമെന്നും സെന്റര്‍ ഫോര്‍ സ്ട്രാറ്റജിക് ആന്‍ഡ് ഇന്റര്‍നാഷണല്‍ സ്റ്റഡീസ് (സി.എസ്.ഐ.എസ്) നടത്തിയ വിശകലനത്തില്‍ പറയുന്നു.

തങ്ങളുടെ പ്രിസിഷന്‍ സ്‌ട്രൈക് മിസൈലുകളുടെ 45 ശതമാനവും യു.എസ് ഉപയോഗിച്ച് തീര്‍ത്തതായാണ് റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത്. ഒപ്പം ബാലിസ്റ്റിക് മിസൈലുകളെ പ്രതിരോധിക്കാന്‍ ഉപയോഗിക്കുന്ന താഡ് മിസൈലുകളുടെ പകുതിയോളം ശേഖരം അമേരിക്ക ഇതിനോടകം ഉപയോഗിച്ചു.

കൂടാതെ വ്യോമ പ്രതിരോധത്തിനായുള്ള പേട്രിയറ്റ് മിസൈലുകളുടെ ഏകദേശം 50 ശതമാനവും ടോമഹോക് മിസൈലുകളില്‍ 30 ശതമാനവും ഈ യുദ്ധത്തില്‍ ട്രംപ് ഭരണകൂടം തൊടുത്തുവിട്ടു.

മറ്റ് മിസൈലുകളായ ലോങ്ങ് റേഞ്ച് ജോയിന്റ് എയര്‍-ടു-സര്‍ഫസ് സ്റ്റാന്‍ഡോഫ് മിസൈലുകളുടെ 20 ശതമാനവും, SM3, SM6 മിസൈലുകളുടെ ഏകദേശം 20 ശതമാനവും ഉപയോഗിച്ചു കഴിഞ്ഞു.

ഈ മിസൈല്‍ ശേഖരം പഴയ പടിയാക്കാന്‍ കുറഞ്ഞത് നാല് മുതല്‍ അഞ്ച് വര്‍ഷം വരെ സമയമെടുക്കുമെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.

ഇറാനെതിരെയുള്ള ചെറിയ നീക്കങ്ങള്‍ക്ക് നിലവില്‍ മിസൈലുകള്‍ തികയുമെങ്കിലും, ചൈനയെപ്പോലെയുള്ള ഒരു വലിയ ശക്തിയുമായി ഏറ്റുമുട്ടാന്‍ നിലവിലെ മിസൈല്‍ ശേഖരം പര്യാപ്തമല്ലെന്നും റിപ്പോര്‍ട്ട് മുന്നറിയിപ്പ് നല്‍കുന്നു.

ഇത് പസഫിക് മേഖലയില്‍ അമേരിക്കയുടെ സുരക്ഷയ്ക്ക് വലിയ ഭീഷണിയുയര്‍ത്തുന്നുണ്ട്.

യുദ്ധം തുടങ്ങുന്നതിന് മുന്‍പ് തന്നെ മിസൈല്‍ ശേഖരത്തിലുണ്ടാകാന്‍ സാധ്യതയുള്ള ഈ കുറവിനെക്കുറിച്ച് സൈനിക ഉദ്യോഗസ്ഥര്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് മുന്നറിയിപ്പ് നല്‍കിയിരുന്നതായി പറയപ്പെടുന്നു.

എന്നാല്‍ കാര്യങ്ങളിങ്ങനെയാണെങ്കിലും അമേരിക്കന്‍ സൈന്യത്തിന് ആയുധങ്ങളുടെ കുറവില്ലെന്നാണ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ അവകാശവാദം. പെന്റഗണ്‍ വക്താവ് ഷോണ്‍ പാര്‍ണലും രാജ്യം ഏത് സാഹചര്യവും നേരിടാന്‍ സജ്ജമാണെന്ന് അറിയിച്ചിട്ടുണ്ട്.

എന്നിരുന്നാലും, മിസൈല്‍ ശേഖരം വര്‍ധിപ്പിക്കുന്നതിനായി ട്രംപ് കൂടുതല്‍ ഫണ്ട് ആവശ്യപ്പെട്ടിട്ടുണ്ട് എന്നതും ശ്രദ്ധേയമാണ്.

ഇറാനുമായുള്ള വെടിനിര്‍ത്തല്‍ പരാജയപ്പെട്ടാല്‍ ചുരുങ്ങിയ കാലത്തേക്ക് സൈനിക നീക്കങ്ങള്‍ തുടരാനുള്ള ആയുധങ്ങള്‍ കൈവശമുണ്ടെങ്കിലും, ദീര്‍ഘകാലാടിസ്ഥാനത്തില്‍ ഇത് വലിയ പ്രതിസന്ധിയുണ്ടാക്കുമെന്നാണ് വിദഗ്ധതര്‍ വ്യക്തമാക്കുന്നത്.

Content Highlight: There has been a reported significant reduction in the US missile stockpile following the war against Iran.

ആദര്‍ശ് എം.കെ.

ഡൂള്‍ന്യൂസ് മള്‍ട്ടിമീഡിയ ജേര്‍ണലിസ്റ്റ്, കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more