| Monday, 5th May 2025, 9:17 pm

എന്നെ കണ്ട് മാതൃകയാക്കാന്‍ പാടില്ലാത്ത കാര്യങ്ങളുണ്ട്, എനിക്ക് പറഞ്ഞുതരാന്‍ ആരും ഉണ്ടായിരുന്നില്ല: വേടന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഇടുക്കി: തന്നെ കണ്ട് മാതൃകയാക്കുന്നവരോട് ചില കാര്യങ്ങളില്‍ തന്നെ മാതൃകയാക്കരുതെന്ന് റാപ്പര്‍ വേടന്‍. തനിക്ക് ഇക്കാര്യങ്ങളൊന്നും പറഞ്ഞുതരാന്‍ ആരുമുണ്ടായിരുന്നില്ലെന്നും തിരുത്താനുള്ള സാഹചര്യത്തിലാണ് നിലവില്‍ താനെന്നും വേടന്‍ പറഞ്ഞു. സര്‍ക്കാരിന്റെ വാര്‍ഷിക പരിപാടിയില്‍ പാടുന്നതിനിടെയാണ് വേടന്റെ പരാമര്‍ശം.

ആളുകള്‍ തന്നെ കണ്ട് ഇന്‍ഫ്‌ളുവന്‍സാവുന്ന പല കാര്യങ്ങളുണ്ടെന്നും എന്നാല്‍ തന്നെ കണ്ട് ഇന്‍ഫ്‌ളുവന്‍സ് ആവാന്‍ പാടില്ലാത്ത കുറച്ച് കാര്യങ്ങളുണ്ടെന്നും വേടന്‍ വ്യക്തമാക്കി. നിങ്ങളെന്നെ കാണുന്നതും കേള്‍ക്കുന്നതും സഹോദരനെന്ന നിലയ്ക്ക് തനിക്ക് ലഭിക്കുന്ന വലിയ കാര്യമാണെന്നും വേടന്‍ പറഞ്ഞു.

ഇക്കാര്യം പല ഇടങ്ങളില്‍ വെച്ചും താന്‍ പറഞ്ഞിട്ടുണ്ടെന്നും തന്നെ കേള്‍ക്കുന്ന കൊച്ചനിയന്മാരും അനിയത്തികളും വേടന്റെ കുറേ ദുശീലങ്ങളില്‍ ഇന്‍ഫ്‌ളുവന്‍സാവാതിരിക്കണമെന്നും അദ്ദേഹം പറഞ്ഞു.

തനിക്കിതൊന്നും പറഞ്ഞ് തരാന്‍ ആരും ഉണ്ടായിരുന്നില്ലെന്നും ഒറ്റയ്ക്കാണ് വളര്‍ന്നുവന്നതെന്നും പറഞ്ഞ വേടന്‍ എന്നെ തിരുത്തപ്പെടാനുള്ള സാഹചര്യത്തിലാണ് താന്‍ എല്ലാവരുടെയും മുന്നില്‍ വന്ന് നില്‍ക്കുന്നതെന്നും വേടന്‍ പറഞ്ഞു.

വേടനെന്ന വ്യക്തി പൊതുസ്വത്താണെന്നും നിങ്ങളുടെ ചേട്ടനും അനിയനുമാണെന്നും വിലപ്പെട്ട സമയം ചെലവാക്കി തന്നെ കാണാനായി വന്ന അമ്മമാര്‍ക്കും ചേട്ടന്‍മാര്‍ക്കും അനിയന്‍മാര്‍ക്കുമെല്ലാം നന്ദിയെന്നും വേടന്‍ വ്യക്തമാക്കി.

കഞ്ചാവുമായും പുലിപല്ല് കൈവശം വച്ചതുമായി ബന്ധപ്പെട്ട കേസിലും അറസ്റ്റിലായതിന് ശേഷമുള്ള വേടന്‍ ആദ്യത്തെ പരിപാടിയാണ് ഇന്ന് ഇടുക്കിയില്‍ നടക്കുന്നത്. സര്‍ക്കാരിന്റെ നാലാം വാര്‍ഷിക പരിപാടിയിലാണ് വേടന്‍ പാടുന്നത്.

Content Highlight: There are things I shouldn’t be emulated for, and I had no one to tell me: Vedan

We use cookies to give you the best possible experience. Learn more