സുരേഷ് ഗോപി, അനുപമ പരമേശ്വരൻ എന്നിവരെ പ്രധാനകഥാപാത്രങ്ങളാക്കി പ്രവീൺ നാരായണൻ സംവിധാനം ചെയ്ത ചിത്രമാണ് ജെ.എസ്.കെ (ജാനകി വി. vs സ്റ്റേറ്റ് ഓഫ് കേരള). ജാനകി എന്ന പെൺകുട്ടി ബലാത്സംഗത്തിന് ഇരയാകുന്നതും തുടർന്നുണ്ടാകുന്ന നിയമ പോരാട്ടങ്ങളുമാണ് ചിത്രത്തിന്റെ ഇതിവൃത്തം.
കാർത്തിക് ക്രിയേഷൻസുമായി സഹകരിച്ച് കോസ്‌മോസ് എന്റർടെയ്ൻമെന്റ് ആണ് സിനിമ നിർമിച്ചത്. നിയമപോരാട്ടങ്ങൾക്കൊടുവിലാണ് ചിത്രം തിയേറ്ററിലേക്കെത്തിയത്. ശ്രുതി രാമചന്ദ്രൻ, അസ്‌കർ അലി, ദിവ്യ പിള്ള, ബൈജു സന്തോഷ്, ജയൻ ചേർത്തല എന്നിവരും ചിത്രത്തിൽ വേഷമിട്ടിട്ടുണ്ട്.
ജൂൺ 27 ന് ആയിരുന്നു ചിത്രത്തിന്റെ റിലീസ് തീരുമാനിച്ചിരുന്നത്. എന്നാൽ സെൻസർ ബോർഡ് സർട്ടിഫിക്കറ്റ് നൽകാത്തതിനെ തുടർന്ന് റിലീസ് മാറ്റിവെക്കുകയായിരുന്നു. പിന്നാലെ ചിത്രത്തിന്റെ നിർമാതാക്കൾ ഹൈക്കോടതിയെ സമീപിക്കുകയും ചിത്രം ജൂലൈ 17ന് തിയേറ്ററുകളിലേക്ക് എത്തിയത്. എന്നാൽ സുരേഷ് ഗോപിയെപ്പോലൊരു താരമുണ്ടായിട്ടും ചിത്രം തിയേറ്ററിൽ വിജയം കണ്ടില്ലെന്ന് മാത്രമല്ല വിമർശനങ്ങൾ ഏൽക്കേണ്ടിയും വന്നു. ഇപ്പോൾ ചിത്രത്തിന്റെ പരാജയത്തെക്കുറിച്ച് സംസാരിക്കുകയാണ് അനുപമ പരമേശ്വരൻ.
‘മികച്ചൊരു സിനിമയായിരുന്നു ജെ.എസ്.കെ എന്നിട്ടും അത് പരാജയപ്പെടണമെങ്കിൽ അതിന് അതിന്റേതായ കാരണങ്ങളുണ്ട്. ഞാൻ അതിനോട് യോജിക്കാത്ത പല കാര്യങ്ങളുമുണ്ട്. ഞാൻ സിനിമ കമ്മിറ്റ് ചെയ്യുന്ന സമയത്ത് വായിച്ച സ്‌ക്രിപ്റ്റിൽ ഇല്ലാത്ത പല കാര്യങ്ങളും അതിലുണ്ട്. പൊളിറ്റിക്കലി എനിക്ക് റിലേറ്റ് ചെയ്യാൻ പറ്റാത്ത കാര്യങ്ങളുണ്ട്. സിനിമയിലുള്ളതും പൊളിറ്റിക്കൽ ആണല്ലോ. അപ്പോൾ നമുക്ക് കുറ്റം പറയാൻ പറ്റില്ല,’ അനുപമ പറയുന്നു.
ഞാൻ കമ്മിറ്റ് ചെയ്തത് ജാനകിയുടെ കഥയാണെന്നും നാല് കൊല്ലം മുമ്പ് കമ്മിറ്റ് ചെയ്യുമ്പോൾ ജാനകിയുടെ ഫൈറ്റ് ആയിരുന്നുന്നു ചിത്രത്തിലുടനീളം ഉണ്ടായിരുന്നതെന്നും അനുപമ കൂട്ടിച്ചേർത്തു.
പർദ്ദ സിനിമയെക്കുറിച്ച് പറയുന്നത് പോലെ തന്നെ തിയേറ്ററിൽ എത്താൻ ഓപ്പർച്യുനിറ്റി വേണം എന്നുപറയുന്നത് പോലെ തന്നെയായിരുന്നു ജാനകി സിനിമയുടെ കാര്യമെന്നും നടി പറയുന്നു.
അതുകൊണ്ടാണ് സുരേഷ് ഗോപി പോലെയുള്ള വലിയൊരു സ്റ്റാർ സിനിമയിലേക്ക് എത്തിയതെന്നും അത് സിനിമക്ക് വലിയൊരു ഹെൽപ് ആയെന്നും അവർ പറഞ്ഞു. ജാനകി വി vs സ്റ്റേറ്റ് ഓഫ് കേരള എന്ന സിനിമക്ക് അത്രയും വലിയ റീച്ച് കിട്ടാൻ കാരണം സുരേഷ് ഗോപിയാണെന്നും നടി കൂട്ടിച്ചേർത്തു.
തന്റെ പുതിയ ചിത്രമായ പർദ്ദയുടെ പ്രൊമോഷന്റെ ഭാഗമായി ജിഞ്ചർ മീഡിയയോട് സംസാരിക്കുകയായിരുന്നു അനുപമ പരമേശ്വരൻ.
Content Highlight: There are things I don’t agree with in JSK; it’s not a story I committed to says Anupama Parameswaran