‘പ്രേമലു’വിലെ ആദിയിലൂടെ പ്രേക്ഷകരെ ഒരേസമയം ചിരിപ്പിക്കുകയും പെര്‍ഫോമന്‍സുകൊണ്ട് ഞെട്ടിപ്പിക്കുകയും ചെയ്ത ശ്യാം മോഹന്‍, ‘ബെത്ലഹേം കുടുംബ യൂണിറ്റിലെ ഹരിയിലൂടെ വീണ്ടും പ്രേക്ഷക ശ്രദ്ധ നേടിയിരിക്കുകയാണ്.
ആദിയെയും ബെത്ലഹേം കുടുംബ യൂണിറ്റിലെ ഹരിയെയും താരതമ്യം ചെയ്യുകയാണ് ശ്യാം മോഹന്‍. ഇരുവരിലും ചില സാമ്യതകളുണ്ടെങ്കിലും, സ്വഭാവത്തിലും കഥാപാത്രത്തെ അവതരിപ്പിക്കുന്ന രീതിയിലും ഇരുവരും വ്യത്യസ്തരാണെന്നാണ് ശ്യാം മോഹന്‍ പറയുന്നത്.
ആദിയും ഹരിയും എവിടെയൊക്കെയോ സമാനമായ ഷേഡുകളുള്ള കഥാപാത്രങ്ങളാണെന്നും ഇരുവരും തങ്ങള്‍ പറയുന്നതുപോലെ മറ്റുള്ളവര്‍ പെരുമാറണമെന്ന് ആഗ്രഹിക്കുന്നവരാണെന്നും ശ്യാം മോഹന്‍ പറയുന്നു. മീഡിയ വണ്‍ ഷോമാളിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആദിയും ഹരിയുമായി എവിടെയൊക്കെയോ സിമിലര്‍ ഷേഡുകളുണ്ട്. കണ്‍ട്രോള്‍ഡ് ഫേക്കായുള്ള രണ്ട് കഥാപാത്രങ്ങളാണ്. എല്ലാവരും ഞാന്‍ പറയുന്നതുപോലെ കേള്‍ക്കണം എന്ന് കരുതുന്നയാളാണ്. എന്നാല്‍ ആദി അത് ഷുഗര്‍ കോട്ടഡായി അവതരിപ്പിക്കുന്നയാളാണ്,’ ശ്യാം മോഹന്‍ പറഞ്ഞു.
ആദിയുടെ യഥാര്‍ഥ സ്വഭാവം പ്രേക്ഷകര്‍ക്ക് അറിയാമെങ്കിലും, അയാള്‍ അത് മറ്റുള്ളവരിലേക്ക് അവതരിപ്പിക്കുന്ന രീതി കാരണം പലര്‍ക്കും അയാള്‍ നല്ലൊരു വ്യക്തിയായി തോന്നിയിരുന്നുവെന്നും ശ്യാം മോഹന്‍ പറയുന്നു. അതിന് ഉദാഹരണമായി ‘പ്രേമലു’ പുറത്തിറങ്ങിയ ശേഷം ഹൈദരാബാദില്‍ നിന്ന് ലഭിച്ച പ്രതികരണവും താരം പങ്കുവച്ചു.
‘മറ്റുള്ളവര്‍ നോക്കുമ്പോള്‍ ആദിക്ക് ഒരു കുഴപ്പവുമില്ലല്ലോ എന്ന് തോന്നും. ‘പ്രേമലു’ ഇറങ്ങിയ ശേഷം ഹൈദരാബാദ് സൈഡില്‍ നിന്നൊക്കെ എനിക്ക് കിട്ടിയ ചില റെസ്പോണ്‍സുണ്ട്. ‘എന്തുകൊണ്ടാണ് റീനു ആദിയെ സ്വീകരിക്കാത്തത്?’ എന്ന് ചോദിച്ചവരുണ്ട്. തെലുങ്ക് പടത്തിന്റെ ഷൂട്ടിന് പോയപ്പോഴൊക്കെ ‘യൂ ആര്‍ ദ റിയല്‍ ഹീറോ’ എന്നൊക്കെ പറഞ്ഞു,’ ശ്യാം മോഹന്‍ പറയുന്നു.
ആദി തന്റെ യഥാര്‍ഥ സ്വഭാവം മറച്ചുവെച്ച് മറ്റുള്ളവരുടെ മുന്നില്‍ അവതരിപ്പിക്കുന്ന രീതിയിലാണ് വ്യത്യസ്തനാകുന്നതെങ്കില്‍, ഹരിക്ക് അത്തരമൊരു ‘ഷുഗര്‍ കോട്ടിങ്’ ഇല്ലെന്നും താരം പറഞ്ഞു.
‘നമുക്കറിയാം ആദി ഭയങ്കര ടോക്സിക്കായിട്ടുള്ള ക്യാരക്ടറാണെന്ന്. അയാള്‍ അത് പ്രസന്റ് ചെയ്യുന്ന രീതിയില്‍ ആള്‍ക്കാര്‍ക്ക് ‘ഇയാള്‍ നല്ലതാണല്ലോ’ എന്ന് തോന്നും. എന്നാല്‍ ഹരി അങ്ങനെ പ്രസന്റ് ചെയ്യുന്ന ആളല്ല. ഹരി കാണുമ്പോള്‍ തന്നെ പിശകാണ്. റഫാണ്. ഷുഗര്‍ കോട്ട് ചെയ്യുന്ന ആളല്ല. തുറന്നങ്ങ് പറഞ്ഞിട്ട് കാര്യങ്ങള്‍ ചെയ്യും. പുള്ളി പുള്ളിയുടെ ലോകത്താണ്,’ താരം പറയുന്നു.
ഹരിയുടെ ശരീരഭാഷ പോലും അയാളുടെ സ്വഭാവത്തെക്കുറിച്ച് പ്രേക്ഷകര്‍ക്ക് സൂചന നല്‍കുന്നതാണെന്നും ശ്യാം മോഹന്‍ പറയുന്നു.
‘ഈ കവിള് വിറയ്ക്കുന്നതൊക്കെ കാണിക്കുമ്പോള്‍ തന്നെ നമുക്ക് തോന്നും ഇയാള്‍ക്ക് എന്തോ പ്രശ്നമുണ്ടല്ലോ എന്ന്. സ്വഭാവത്തില്‍ ചില സാമ്യതകള്‍ ഉണ്ടെങ്കിലും തികച്ചും വ്യത്യസ്തമായ കഥാപാത്രമാണ്. ഒരാള്‍ പക്കാ അര്‍ബനാണ്. ഹരി തനി നാട്ടിന്‍പുറത്തുകാരനും’ ശ്യാം മോഹന്‍ പറഞ്ഞു.
Content Highlight: There are similarities between Adi and Hari, but Hari is flawed right from his appearance says actor shyam mohan