| Monday, 21st April 2025, 10:03 pm

പാര്‍ലമെന്ററി പ്രവര്‍ത്തനങ്ങളില്‍ തങ്ങള്‍ കൈയേറ്റം നടത്തുന്നുവെന്ന് ആരോപണമുണ്ട്; ബി.ജെ.പി നേതാക്കളുടെ പരാമര്‍ശങ്ങളില്‍ സുപ്രീം കോടതി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ബി.ജെ.പി നേതാക്കളുടെ ജുഡീഷ്യറിക്കെതിരായ പരാമര്‍ശങ്ങള്‍ക്ക് പിന്നാലെ അതൃപ്തി പ്രകടമാക്കി സുപ്രീം കോടതി. പാര്‍ലമെന്ററി പ്രവര്‍ത്തനങ്ങളില്‍ സുപ്രീം കോടതി കൈയേറ്റം നടത്തുന്നുണ്ടെന്ന ആരോപണങ്ങള്‍ പുറത്തുവരുന്നുവെന്ന് കാണിച്ചായിരുന്നു സുപ്രീം കോടതിയുടെ പരാമര്‍ശം.

പാര്‍ലമെന്ററി, എക്‌സിക്യൂട്ടീവ് പ്രവര്‍ത്തനങ്ങളില്‍ തങ്ങള്‍ കൈയേറ്റം നടത്തുന്നുണ്ടെന്ന് ആരോപണങ്ങള്‍ ഉയരുന്നുണ്ടെന്ന് ജസ്റ്റിസ് ബി.ആര്‍ ഗവായ് മറ്റൊരു ഹരജി പരിഗണിക്കവേ പറഞ്ഞു. നിയമനിര്‍മാണ പ്രവര്‍ത്തനങ്ങളില്‍ ഇടപെടുന്നതായി വിമര്‍ശനമുണ്ടെന്നും കോടതി വ്യക്തമാക്കി.

ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളില്‍ ലൈംഗികത പ്രകടമാക്കുന്ന ഉള്ളടക്കം നിരോധിക്കണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹരജിയില്‍ വാദം കേള്‍ക്കുകയായിരുന്നു സുപ്രീം കോടതി. ഇക്കാര്യങ്ങള്‍ നിയന്ത്രിക്കാന്‍ കേന്ദ്രത്തിന് കഴിയുമെന്നും സുപ്രീം കോടതി പറഞ്ഞു.

നേരത്തെ സുപ്രീം കോടതി സൂപ്പര്‍ പാര്‍ലമെന്റായി പ്രവര്‍ത്തിക്കുന്നുവെന്ന് ഉപരാഷ്ടപതി ജഗ്ദീപ് ധന്‍കര്‍ പറഞ്ഞിരുന്നു. പിന്നാലെ സുപ്രീം കോടതിയെയും ചീഫ് ജസ്റ്റിനെയും വിമര്‍ശിച്ച് ബി.ജെ.പി എം.പി നിഷികാന്ത് ദുബെയും രംഗത്തെത്തിയിരുന്നു.

രാജ്യത്ത് സുപ്രീം കോടതി മതയുദ്ധത്തിന് പ്രേരിപ്പിക്കുന്നുവെന്നും ജുഡീഷ്യറി രാജ്യത്തെ അരാജകത്വത്തിലേക്ക് നയിക്കുന്നുവെന്നുമാണ് നിഷികാന്ത് ദുബെ ശനിയാഴ്ച പറഞ്ഞത്. ബില്ലുകളില്‍ തീരുമാനമെടുക്കാന്‍ രാഷ്ട്രപതിക്കും ഗവര്‍ണര്‍ക്കും സമയപരിധി നിശ്ചയിച്ചുള്ള കോടതി ഉത്തരവിലായിരുന്നു ദുബെയുടെ വിവാദ പ്രസ്താവന.

ആര്‍ട്ടിക്കിള്‍ 368 പ്രകാരം പാര്‍ലമെന്റിന് മാത്രമേ നിയമങ്ങള്‍ നിര്‍മിക്കാന്‍ അധികാരമുള്ളൂവെന്നും അവയെ വ്യാഖ്യാനിക്കുന്നതില്‍ മാത്രമാണ് സുപ്രീം കോടതിക്ക് പങ്കുള്ളുവെന്നും ബി.ജെ.പി എം.പി പറഞ്ഞിരുന്നു. സുപ്രീം കോടതിയാണ് നിയമം നിര്‍മിക്കുന്നതെങ്കില്‍ പാര്‍ലമെന്റ് മന്ദിരം അടച്ചുപൂട്ടണമെന്നും ദുബെ പ്രസ്താവിച്ചിരുന്നു.

Content Highlight: There are allegations that they are interfering in parliamentary proceedings; Supreme Court on BJP leaders’ remarks

We use cookies to give you the best possible experience. Learn more