| Saturday, 10th May 2025, 3:35 pm

പത്മനാഭ സ്വാമി ക്ഷേത്രത്തില്‍ മോഷണം; മോഷ്ടിച്ചത് ലോക്കറിലെ 13 പവന്‍ സ്വര്‍ണം

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: തിരുവനന്തപുരത്തെ ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തില്‍ മോഷണം. ലോക്കറില്‍ സൂക്ഷിച്ചിരുന്ന 13 പവന്‍ സ്വര്‍ണമാണ് മോഷണം പോയത്. അതിസുരക്ഷ മേഖലയിലാണ് മോഷണം നടന്നത്.

സംഭലത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. നിലവില്‍ ക്ഷേത്രത്തിലെ സി.സി.ടി.വി പരിശോധിച്ച് വരികയാണ്.

സ്വര്‍ണം എടുക്കാനായി വന്നപ്പോഴാണ് സ്വര്‍ണം കാണാതായ വിവരം ക്ഷേത്രം അധികൃതര്‍ അറിഞ്ഞതെന്നാണ്‌ റിപ്പോര്‍ട്ടുകളില്‍ പറയുന്നത്.

മാസങ്ങള്‍ക്ക് മുമ്പ് ക്ഷേത്രത്തിലെ പാത്രം മോഷണം പോയതായി റിപ്പോര്‍ട്ടുണ്ടായിരുന്നു. സംഭവത്തില്‍ ഹരിയാന, ബീഹാര്‍ സ്വദേശികളുള്‍പ്പെടെ മൂന്ന് പേരെ പൊലീസ് കസ്റ്റഡിയിലും എടുത്തിരുന്നു.

എന്നാല്‍ നടന്നത് മോഷണമല്ലെന്നും സംഭവവുമായി ബന്ധപ്പെട്ട് പിടിയിലായ ഹരിയാന സ്വദേശികള്‍ക്ക് മോഷണവുമായി ബന്ധമില്ലെന്ന് പൊലീസ് പിന്നെ കണ്ടെത്തിയിരുന്നു. പുരാവസ്തു വിഭാഗത്തില്‍പ്പെട്ട പാത്രം അബദ്ധത്തില്‍ മറ്റൊരാള്‍ എടുത്ത് നല്‍കിയതാണെന്ന ഹരിയാന സ്വദേശികളുടെ മൊഴി സത്യമാണെന്ന് പൊലീസ് പിന്നീട് സ്ഥിരീകരിച്ചു. വിദേശികളായ ഇവര്‍ വിവിധ ക്ഷേത്രങ്ങളില്‍ ദര്‍ശനം നടത്തുന്നതിന്റെ ഭാഗമായി പദ്മനാഭ സ്വാമി ക്ഷേത്രത്തില്‍ എത്തിയതായിരുന്നു.

ഒക്ടോബര്‍ 13ാം തീയതി പത്മനാഭ സ്വാമി ക്ഷേത്രത്തില്‍ സന്ദര്‍ശനത്തിന് എത്തിയപ്പോഴാണ് പാത്രം കാണാതാവുന്നത്. ഇവരുടെ കൈയിലുണ്ടായിരുന്ന പൂജ സാമഗ്രികള്‍ അടങ്ങിയ പാത്രം നിലത്ത് വീണപ്പോള്‍ എടുത്ത് നല്‍കിയത് മറ്റൊരു പാത്രമായിരുന്നു. തുടര്‍ന്ന് ആ പാത്രവുമായി ഇവര്‍ പുറത്തേക്ക് പോവുകയായിരുന്നു.

ഈ സംഭവത്തിന് പിന്നാലെ ക്ഷേത്രത്തിലെ സുരക്ഷയെ സംബന്ധിച്ച് വലിയ വിമര്‍ശമനം ഉയര്‍ന്നിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ മോഷണം.

Content Highlight: Theft at Sree Padmanabha Swamy Temple; 13 gold pieces stolen from locker

Latest Stories

We use cookies to give you the best possible experience. Learn more