| Tuesday, 23rd August 2022, 12:57 pm

'ചന്ദ്രന്‍ ഉടഞ്ഞ് ചന്ദ്രിക പൊലിഞ്ഞ രാവില്‍'; തീര്‍പ്പ് തീം സോങ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

പൃഥ്വിരാജും, ഇന്ദ്രജിത്തും പ്രധാന കഥാപാത്രങ്ങളായി എത്തുന്ന തീര്‍പ്പിന്റെ തീം സോങ് റിലീസ് ചെയ്തു. മുരളി ഗോപിയുടെ തിരക്കഥയില്‍ ഒരുങ്ങുന്ന ചിത്രം നിര്‍മിക്കുന്നത് ഫ്രൈഡേ ഫിലിം ഹൗസിന്റെ ബാനറില്‍ വിജയ് ബാബുവാണ്.

രതീഷ് അമ്പാട്ട് സംവിധാനം നിര്‍വഹിക്കുന്നു. കമ്മാര സംഭവത്തിന് ശേഷം രതീഷ് അമ്പാട്ട് സംവിധാനം ചെയ്യുന്ന ചിത്രമാണിത്. നിഗൂഢതകള്‍ നിലനിര്‍ത്തി പുറത്തിറങ്ങിയ ചിത്രത്തിന്റെ ടീസറും ട്രെയ്ലറും ശ്രദ്ധ നേടിയിരുന്നു.

സയനോര ഫിലിപ്പാണ് തീം സോങ് ആലപിച്ചിരിക്കുന്നത്. മുരളി ഗോപിയുടേതാണ് വരികള്‍. നാല് മിനിറ്റും ഒമ്പത് സെക്കന്റ് ദൈര്‍ഘ്യമുള്ള ഗാനം ഫ്രൈഡേ മ്യൂസിക്ക് കമ്പനി എന്ന യൂട്യൂബ് ചാനലിലാണ് റിലീസ് ചെയ്തിരിക്കുന്നത്.

ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററുള്‍പ്പടെ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. മള്‍ട്ടി സ്റ്റാര്‍ ബിഗ് ബഡ്ജറ്റ് ചിത്രമായിട്ടാണ് തീര്‍പ്പ് എത്തുന്നത്. വലിയ ക്യാന്‍വാസില്‍ ഒരുങ്ങുന്ന ചിത്രത്തില്‍ കമ്മാരസംഭവത്തിനു ശേഷം രതീഷ് അമ്പാട്ടും-മുരളി ഗോപിയും ഒന്നിക്കുന്നു എന്ന പ്രത്യേകത കൂടിയുണ്ട്.

വന്‍ വിജയം നേടിയ ലൂസിഫറിനു ശേഷം മുരളി ഗോപിയുടെ തിരക്കഥയില്‍ ഒരുങ്ങുന്ന ചിത്രമെന്ന നിലയിലും ഈ ചിത്രത്തിന് ആരാധകര്‍ കാത്തിരിക്കുകയാണ്. സൈക്കോളജി ത്രില്ലര്‍ ജോണറിലാണ് തീര്‍പ്പ് ഒരുങ്ങുന്നത്.

ചരിത്രവും കാലിക പ്രാധാന്യമുള്ള സംഭവങ്ങളുമൊക്കെ ഈ ചിത്രത്തിന് അകമ്പടിയായി ഉണ്ട്. ഒരു ബോക്സ് ഓഫീസ് വിജയത്തിനുള്ള എല്ലാ ഫോര്‍മുലകളും കോര്‍ത്തിണക്കിയ ഒരു ക്ലീന്‍ എന്റര്‍ടൈനറാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

വിജയ് ബാബു, സൈജു കുറുപ്പ്, മുരളി ഗോപി, ഇഷാ തല്‍വാര്‍ തുടങ്ങിയവരാണ് മറ്റ് കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സിദ്ദിഖ്, ലുക്മാന്‍ അവറാന്‍, ഷൈജു ശ്രീധര്‍, അന്നാ റെജി, ശ്രീകാന്ത് മുരളി, കോശി എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്.

ഗോപി സുന്ദറാണ്  തീര്‍പ്പിന്റെ പശ്ചാത്തല സംഗീതം. കടുവയാണ് ഒടുവില്‍ റിലീസ് ചെയ്ത പൃഥ്വിരാജ് ചിത്രം. മികച്ച വിജയം നേടി പ്രദര്‍ശനം തുടരുന്ന ചിത്രം ഓഗസ്റ്റ് നാലിന് ആമസോണ്‍ പ്രൈമില്‍ സ്ട്രീമിങ് തുടങ്ങിയിരുന്നു.

അതേസമയം ഷാജി കൈലാസ് തന്നെ സംവിധാനം ചെയ്ത് പൃഥ്വിരാജ് നായകനാകുന്ന കാപ്പയുടെ ചിത്രീകരണം നിലവില്‍ തിരുവനന്തപുരത്ത് പുരോഗമിക്കുകയാണ്.

ചിത്രത്തില്‍ വമ്പന്‍ താര നിരയാണ് അണിനിരക്കുന്നത്. കൊട്ട മധു എന്ന കഥാപാത്രത്തെയാണ് പൃഥ്വിരാജ് ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. ഫെഫ്ക റൈറ്റേഴ്സ് യൂണിയന്‍ നിര്‍മാണ പങ്കാളിയാവുന്ന പ്രഥമ ചലച്ചിത്ര നിര്‍മാണ സംരംഭമാണ് കാപ്പ.


അല്‍ഫോണ്‍സ് പുത്രന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന ഗോള്‍ഡും പൃഥ്വിരാജിന്റെ റിലീസിനൊരുങ്ങുന്ന മറ്റൊരു ചിത്രമാണ്. ഓണം റിലീസായിട്ടാണ് ചിത്രം എത്തുക.

Content Highlight: Theerppu Movie promo song released

Latest Stories

We use cookies to give you the best possible experience. Learn more