| Friday, 13th November 2026, 3:32 pm

രാമനോടെങ്കിലും അല്പം മര്യാദ കാണിച്ചുകൂടെ; രാമായണയുടെ പതിപ്പ് യൂട്യൂബിലും ഫേസ്ബുക്കിലും വൈറല്‍

അശ്വിന്‍ രാജേന്ദ്രന്‍

ഏറെ കാത്തിരിപ്പിനൊടുവില്‍ തിയേറ്ററുകളിലെത്തിയ ചിത്രമായിരുന്നു നമിത് മല്‍ഹോത്ര സംവിധാനം ചെയ്ത രാമായണ പാര്‍ട്ട് വണ്‍ റൈസ് ഓഫ് എ ലെജന്‍ഡ്. ഹിന്ദു മിത്തോളജിയിലെ എപ്പിക്കുകളിലൊന്നായ രാമായണത്തിന്റെ ചലച്ചിത്രാവിഷ്‌കാരം അതിന്റെ പൂര്‍ണതയില്‍ ആര് അവതരിപ്പിക്കും എന്ന വലിയ ചോദ്യത്തിനുള്ള ഉത്തരം കൂടിയായിരുന്നു നമിത് മല്‍ഹോത്ര നിര്‍മിച്ച ചിത്രം.

ഇന്ത്യയിലെ തന്നെ ഏറ്റവും മുതല്‍മുടക്കില്‍ ഒരുങ്ങുന്ന ചിത്രം എന്ന ലേബലില്‍ നാലായിരം കോടി മുതല്‍മുടക്കില്‍ രണ്ട് ഭാഗങ്ങളിലായിട്ടാണ് ചിത്രം ഒരുങ്ങുന്നത് എന്ന വാര്‍ത്ത പുറത്തുവന്നത് മുതല്‍ ഒരുപാട് സംശയങ്ങള്‍ പ്രേക്ഷകര്‍ക്കുണ്ടായിരുന്നു. ഇന്ത്യയില്‍ ഇതുവരെ പുറത്തിറങ്ങിയതില്‍ വെച്ച് ഏറ്റവും ചെലവേറിയ ചിത്രം 600 കോടി ചെലവിട്ട കല്‍ക്കിയും ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ ചിത്രം 2100 കോടി നേടിയ ആമിര്‍ ഖാന്‍ നായകനായ ദംഗലും ആണെന്നിരിക്കെ രാമായണയുടെ വിജയത്തിന് അത്ഭുതങ്ങള്‍ സംഭവിക്കേണ്ടതായിട്ടുണ്ട്.

രാമായണ പാര്‍ട്ട് വണ്‍ റൈസ് ഓഫ് എ ലെജന്‍ഡ്. Photo: X.com

പ്രതീക്ഷിച്ചതിലും ഗംഭീരമായി അണിയറപ്രവര്‍ത്തകര്‍ രാമായണ അണിയിച്ചൊരുക്കിയതോടെ മികച്ച സ്വീകാര്യതയാണ് ചിത്രത്തിന് തിയേറ്ററുകളില്‍ ലഭിക്കുന്നത്. റിലീസ് ചെയ്ത് ഒരാഴ്ച പിന്നിടുന്നതിന് മുമ്പ് ചിത്രം ആയിരം കോടി പിന്നിടുകയും ചെയ്തിരുന്നു. ഇതോടെ ഹോളിവുഡ് നിലവാരത്തിലുള്ള ചിത്രങ്ങള്‍ ഇന്ത്യയിലും നിര്‍മിക്കാമെന്നും വിജയമാക്കി മാറ്റാമെന്നുള്ള പ്രതീക്ഷയാണ് രാമായണ സിനിമാ ലോകത്തിന് സമ്മാനിച്ചത്.

എന്നാല്‍ എല്ലാ പ്രതീക്ഷകള്‍ക്കും തുരങ്കം വെക്കുന്ന കാര്യങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ നടന്നുകൊണ്ടിരിക്കുന്നത്. റിലീസ് ചെയ്ത് ദിവസങ്ങള്‍ പിന്നിടുന്നതിന് മുമ്പ് രാമായണയുടെ മുഴുവന്‍ പതിപ്പും പ്രധാനപ്പെട്ട ഭാഗങ്ങളും സോഷ്യല്‍ മീഡിയയില്‍ വൈറലായതാണ് പലരെയും ആശങ്കപ്പെടുത്തുന്നത്. കോടിക്കണക്കിന് രൂപ ചെലവിട്ട് സംവിധായകനും മറ്റ് അണിയറപ്രവര്‍ത്തകരും വര്‍ഷങ്ങള്‍ മാറ്റിവെച്ച് നിര്‍മിച്ച ചിത്രം ഫേസ്ബുക്കും യൂട്യൂബും അടക്കമുള്ള സമൂഹ്യ മാധ്യമങ്ങളില്‍ വൈറലാകുന്നത് നിരാശാജനകമാണ്.

പുരാണ കഥയായ രാമായണ ഇന്ത്യയില്‍ ഭൂരിഭാഗം പേര്‍ക്കും സുപരിചിതമാണെന്നിരിക്കെ അതിന്റെ ദൃശ്യാവിഷ്‌കാരത്തിനായാണ് ചിത്രം വലിയ മുതല്‍ മുടക്കില്‍ തിയേറ്ററുകളിലേക്കെത്തിച്ചിരിക്കുന്നത്. ത്രീ ഡി സാങ്കേതിക വിദ്യയുടെ സഹായത്തോടെ മികച്ച സ്‌ക്രീനുകളില്‍ കാണേണ്ട ചിത്രത്തിന്റെ പതിപ്പ് ചെറിയ സ്മാര്‍ട്ട് ഫോണ്‍ സ്‌ക്രീനുകളില്‍ കണ്ട് നിര്‍വൃതിയടഞ്ഞ് ഒരു ചിത്രത്തെ തന്നെ നശിപ്പിക്കുന്നവരുടെ മാനസികാവസ്ഥയെ ആണ് പലരും ചോദ്യം ചെയ്യുന്നത്.

രാമായണ പാര്‍ട്ട് വണ്‍ റൈസ് ഓഫ് എ ലെജന്‍ഡ്. Photo: X.com

ആദ്യനാളുകളില്‍ ഡാര്‍ക്ക് വെബ്ബിലും ചില വെബ് സൈറ്റുകളിലും ടെലഗ്രാം ചാനലുകളിലും മാത്രമായിരുന്നു ഇത്തരം തിയേറ്റര്‍ പതിപ്പുകള്‍ ലഭ്യമായിരുന്നതെങ്കില്‍, ഇപ്പോള്‍ ലക്ഷകണക്കിന് ആളുകള്‍ ഉപയോഗിക്കുന്ന സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളിലും ഇവ സുലഭമായതോടെ ചിത്രങ്ങളുടെ വിജയത്തെ തന്നെ ഈ പ്രവര്‍ത്തി ദോഷകരമായി ബാധിക്കുന്നു. സാമാന്യ മര്യാദ പോലും ഇല്ലാതെ ഇത്തരം ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യുന്നവര്‍ക്കെതിരെ പലരും രംഗത്തെത്തിയിട്ടുണ്ട്.

Content Highlight: Theatre prints of latest released Ramayana Movie available on social media platforms

അശ്വിന്‍ രാജേന്ദ്രന്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദം. കര്‍ണാടക കേന്ദ്രസര്‍വ്വകലാശാലയില്‍ നിന്നും എം.എ. മാസ് കമ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more