| Friday, 27th November 2026, 5:51 pm

പ്രേംപാറ്റ പ്രതീക്ഷയ്‌ക്കൊത്തുയര്‍ന്നില്ല; ആദ്യഷോയ്ക്ക് പിന്നാലെ ചിത്രത്തിന് സമ്മിശ്ര പ്രതികരണം

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഈ മാസം പുറത്തിറങ്ങാനിരുന്ന ചിത്രങ്ങളുടെ കൂട്ടത്തില്‍ ഏവരും കാത്തിരുന്ന ചിത്രമാണ് ആമിര്‍ പള്ളിക്കല്‍ സംവിധാനം ചെയ്ത് ഇന്ന് തിയേറ്ററുകളിലെത്തിയ പ്രേംപാറ്റ. വാഴയും വാഴ 2വും വലിയ വിജയമായ മോളിവുഡില്‍ നിന്നും യുവാക്കളെ പ്രധാനവേഷത്തിലെത്തിച്ച് ഒരുക്കുന്ന മറ്റൊരു ചിത്രം എന്ന സവിശേഷതയോടെ പ്രേംപാറ്റ ശ്രദ്ധിക്കപ്പെട്ടിരുന്നു.

പ്രേംപാറ്റ. Photo: X.com

ജോമോന്‍ ജ്യോതിര്‍, സൈജു കുറുപ്പ്, അനുശ്രീ, രാജേഷ് മാധവന്‍, സിദ്ദിഖ്, സഞ്ജു ശിവറാം, സാഫ്‌ബോയ്, ജുനൈസ് വി പി, നയന എല്‍സ, ടിസ് തോമസ് തുടങ്ങിയവര്‍ പ്രധാനവേഷത്തിലെത്തിയ ചിത്രം ഒരു എന്‍.എസ്.എസ് ക്യാമ്പിനെയും അവിടെ നടക്കുന്ന സംഭവങ്ങളെയും പശ്ചാത്തലമാക്കിയാണ് ഒരുക്കിയിരിക്കുന്നത്. ഒരു റോം-കോം ആയി ഒരുക്കിയ ചിത്രത്തിന് എന്നാല്‍ ആദ്യഷോയ്ക്ക് പിന്നാലെ സമ്മിശ്ര പ്രതികരണമാണ് ലഭിക്കുന്നത്.

പ്രതീക്ഷിച്ച പോലെ ചിത്രത്തിന് പ്രേക്ഷകരെ പിടിച്ചിരുത്താന്‍ കഴിഞ്ഞിട്ടില്ലെന്നാണ് പ്രേംപാറ്റ കണ്ടിറങ്ങിയവര്‍ ഭൂരിഭാഗവും അഭിപ്രായപ്പെടുന്നത്. ചിത്രത്തിലെ കോമഡികളൊന്നും വര്‍ക്കായില്ലെന്നും പല സീനുകളും ബോറടിപ്പിച്ചുവെന്നും പലരും അഭിപ്രായപ്പെടുന്നുണ്ട്. ജോമോന്‍ ജ്യോതിര്‍ അടക്കമുള്ള താരങ്ങളുടെ മികച്ച പെര്‍ഫോമന്‍സ് പ്രതീക്ഷിച്ചിരുന്നുവെങ്കിലും നിരാശയായിരുന്നു ഫലം എന്നും പ്രതികരണങ്ങളുണ്ട്.

പ്രേംപാറ്റയ്‌ക്കൊപ്പം തിയേറ്ററുകളിലെത്തിയ സന്ദീപ് പ്രദീപ് നായകനായ കോസ്മിക് സാംസണും സമ്മിശ്ര പ്രതികരണങ്ങളാണ് ലഭിക്കുന്നത്. അതേസമയം കഴിഞ്ഞ ദിവസം തിയേറ്ററുകളിലെത്തിയ കുഞ്ചാക്കോ ബോബന്‍ നായകനായ ഹെയ്ല്‍ മേരിക്ക് മികച്ച പ്രതികരണമാണ് പ്രേക്ഷകരില്‍ നിന്നും ലഭിക്കുന്നത്.

Content Highlight: Theatre First response of Malayalam Movie PremPatta

We use cookies to give you the best possible experience. Learn more