ന്യൂദല്‍ഹി: സി.ജെ.പി പ്രതിഷേധത്തിന് പിന്നാലെ രാജി വെച്ച ധര്‍മേന്ദ്ര പ്രധാന് പകരം പുതിയ കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയായി ചുമതലയേറ്റ പ്രള്‍ഹാദ്ജോഷിക്ക് മുന്നറിയിപ്പുമായി സി.ജെ.പി വക്താവ് സൗരവ് ദാസ്.
യുവജനങ്ങള്‍ എല്ലാം കാണുന്നുണ്ടെന്നും അധികാരത്തില്‍ ഇരിക്കുന്നവരില്‍ നിന്ന് യുവജനം ഇനിയും മറുപടി ആവശ്യപ്പെടുമെന്നും സൗരവ് പറഞ്ഞു.
‘ഞങ്ങളുടെ ആശങ്കകള്‍ക്കും ആവശ്യങ്ങള്‍ക്കും പരിഹാരമായിട്ടുണ്ട്. വിദ്യാഭ്യാസ മന്ത്രിയാകുന്ന ആരും അറിയണം, യുവാക്കള്‍ നിങ്ങളെ നിരീക്ഷിക്കുന്നുണ്ട്. അവര്‍ കണക്ക് ചോദിക്കും. അത് കൊണ്ട് തന്നെ സമയം വരുമ്പോള്‍ യുവാക്കളുടെ നന്മയ്ക്കായി പ്രവര്‍ത്തിക്കുക. ചോദ്യപേപ്പര്‍ ചോര്‍ച്ച തടയുകയും ഞങ്ങളുടെ ഡിമാന്‍ഡ് ചാര്‍ട്ടറില്‍നിര്‍ദേശിച്ചിട്ടുള്ള അഞ്ചിന ശുപാര്‍ശകള്‍ നടപ്പാക്കുകയും ചെയ്യുക.
ഞങ്ങള്‍ വൈകാതെ പുതിയ വിദ്യാഭ്യാസ മന്ത്രിയെ കാണും. ഒരു മാസത്തിനുള്ളില്‍ യോഗം ചേരാമെന്ന് സര്‍ക്കാര്‍ ഉറപ്പുനല്‍കിയിട്ടുണ്ട്, അതിനുശേഷം എന്താണ് സംഭവിക്കുന്നതെന്ന് നോക്കാം,’ സൗരവ് ദാസ് പറഞ്ഞു.
ധര്‍മേന്ദ്ര പ്രധാന്റെ രാജി രാജ്യത്തുടനീളമുള്ള യുവാക്കള്‍ക്ക് ലഭിച്ച വലിയ വിജയമാണെന്നും ചരിത്രം എഴുതപ്പെട്ടുവെന്നും അദ്ദേഹം പറഞ്ഞു. രാജിവെക്കില്ലെന്ന് പറഞ്ഞ സര്‍ക്കാര്‍ രാജിവെച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
‘ ഇത് യുവാക്കള്‍ക്ക് ലഭിച്ച വലിയ വിജയമാണ്. ഈ സര്‍ക്കാരിന് കീഴില്‍ രാജി നടക്കില്ലെന്ന് നിരന്തരം പറഞ്ഞ് കൊണ്ടിരുന്ന സര്‍ക്കാര്‍ രാജിവെക്കുക മാത്രമല്ല, മറ്റ് രണ്ട് ആവശ്യങ്ങള്‍ കൂടി അവര്‍ അംഗീകരിച്ചു. പ്രതിഷേധക്കാര്‍ക്കെതിരായ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യില്ല, പിന്‍വലിക്കും,
പ്രതിഷേധക്കാര്‍ക്കെതിരെ ഭാവിയില്‍ നടപടികളൊന്നും ഉണ്ടാകില്ലെന്ന് ചൊവ്വാഴ്ചയ്ക്കകം രേഖാമൂലം ഉറപ്പുനല്‍കും. ചോദ്യപേപ്പര്‍ ചോര്‍ച്ചയെ തുടര്‍ന്ന് ആത്മഹത്യ ചെയ്ത വിദ്യാര്‍ത്ഥികളുടെ കുടുംബങ്ങള്‍ക്ക് ഒരു കോടി രൂപ നഷ്ടപരിഹാരം നല്‍കുക എന്നതാണ് മൂന്നാമത്തെ ആവശ്യം. നിയമാനുസൃതമായി അര്‍ഹമായ നഷ്ടപരിഹാരം നല്‍കുമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്,’ സൗരവ് പറഞ്ഞു.
Content Highlight: The youth are watching everything! CJP issues a warning to new Education Minister Pralhad Joshi.