| Friday, 10th October 2025, 7:17 am

'നെതന്യാഹുമാരുടേതല്ല ലോകം കുഞ്ഞുങ്ങളുടേതാണ്'; കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ എസ്.എഫ്.ഐക്ക് വിജയം

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: കാലിക്കറ്റ് സര്‍വകലാശാലക്ക് കീഴിലെ കോളേജുകളിലെ വിദ്യാര്‍ത്ഥി യൂണിയന്‍ തെരഞ്ഞെടുപ്പില്‍ വന്‍വിജയം നേടി എസ്.എഫ്.ഐ. 202 കോളേജുകളില്‍ 127 കോളേജിലും വിജയം നേടിയെന്ന് എസ്.എഫ്.ഐ അറിയിച്ചു.

കോഴിക്കോട് ജില്ലയിലെ 49 കോളേജുകളില്‍ 30 ഇടത്തും യൂണിയന്‍ സ്വന്തമാക്കിയെന്ന് എസ്.എഫ്.ഐ അവകാശപ്പെട്ടു.

എന്നാല്‍, 33 കോളേജുകളില്‍ ഒറ്റക്കും 22 കോളേജ് യൂണിയനുകളില്‍ യു.ഡി.എസ്.എഫ് സഖ്യവും നേടിയെന്നാണ് എം.എസ്.എഫ് അവകാശപ്പെടുന്നത്. യൂണിവേഴ്‌സിറ്റിക്ക് കീഴിലെ 63 കോളേജുകളില്‍ എം.എസ്.എഫിന് വിജയം സ്വന്തമായെന്നാണ് സംഘടനയുടെ അവകാശവാദം.

അതേസമയം, ശക്തമായ രാഷ്ട്രീയം പറഞ്ഞാണ് ഇത്തവണ കോളേജുകളില്‍ എസ്.എഫ്.ഐ തെരഞ്ഞെടുപ്പിനെ നേരിട്ടത്. ഫലസ്തീന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് വിദ്യാര്‍ത്ഥികള്‍ തെരഞ്ഞെടുപ്പിനെ നേരിടുകയും വിജയം സ്വന്തമാക്കുകയും ചെയ്തു.

തൃശൂര്‍ കുന്നംകുളം വിവേകാനന്ദ കോളേജിലെ എസ്.എഫ്.ഐ വിജയാഘോഷം

കോളേജുകളില്‍ എസ്.എഫ്.ഐ വിജയാഘോഷത്തില്‍ മുഴങ്ങിയത് ഫലസ്തീന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചും, ഇസ്രഈലിനെ ശക്തമായി എതിര്‍ത്തുമുള്ള മുദ്രാവാക്യങ്ങളുമായിരുന്നു. ‘ഫ്രം റിവര്‍ ടു സീ, ഫലസ്തീന്‍ വില്‍ ബി ഫ്രീ’ മുദ്രാവാക്യം വിദ്യാര്‍ത്ഥികള്‍ മുഴക്കി.

കുന്നംകുളം വിവേകാനനന്ദ കോളേജില്‍ യൂണിയന്‍ വിജയം നേടിയ എസ്.എഫ്.ഐ ഫലസ്തീന്‍ പതാകയേന്തിയാണ് വിജയം ആഘോഷമാക്കിയത്. തിരൂര്‍ തുഞ്ചന്‍ കോളേജിലെ വിദ്യാര്‍ത്ഥി യൂണിയനില്‍ വിജയം നേടിയ എസ്.എഫ്.ഐ അംഗങ്ങള്‍ ‘നെതന്യാഹുമാരുടേതല്ല ലോകം കുഞ്ഞുങ്ങളുടേതാണ്’ എന്ന ബാനര്‍ ഉയര്‍ത്തി വിജയം ഫലസ്തീന് സമര്‍പ്പിച്ചു.

അതേസമയം, പല കോളേജുകളിലും സഖ്യം പിരിഞ്ഞ് എം.എസ്.എഫ്-കെ.എസ്.യുവും സംഘര്‍ഷങ്ങളിലേര്‍പ്പെട്ടു. പല കോളേജുകളിലും എം.എസ്.എഫും കെ.എസ്.യുവും തനിച്ചാണ് മത്സരിച്ചത്. തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് ശേഷം എം.എസ്.എഫ്-കെ.എസ്.യു സംഘര്‍ഷവുണ്ടായി. കോഴിക്കോട് ജില്ലയിലെ സര്‍ക്കാര്‍ കോളേജുകളില്‍ എസ്.എഫ്.ഐക്കാണ് മുന്‍തൂക്കം.

Content Highlight: ‘The world belongs to children, not Netanyahu’; SFI at Calicut University

We use cookies to give you the best possible experience. Learn more