| Monday, 15th June 2026, 12:14 pm

ശത്രുക്കളുടെമേല്‍ ഇറാന്‍ ജനതയുടെ ഇഛാശക്തി വിജയം വരിച്ചു; യു.എസുമായുള്ള സമാധാന കരാറിന് പിന്നാലെ ഇറാന്റെ സെന്‍ട്രല്‍ സൈനിക കമാന്‍ഡ്

നിഷാന. വി.വി

ടെഹ്‌റാന്‍: ഇറാനിലെ ജനങ്ങളുടെ ഇഛാശക്തി ശത്രുക്കളുടെ മേല്‍ വിജയം നേടിയെന്ന് ഇറാന്‍. ഇറാനുമായുള്ള സമാധാന കരാര്‍ പൂര്‍ത്തിയായതായുള്ള യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പ്രഖ്യാപനത്തിന് പിന്നാലെയായിരുന്നു ഇറാന്റെ പരമോന്നത സൈനിക കമാന്‍ഡിന്റെ പ്രസ്താവന.

നൂറ് ദിവസത്തിലധികം നീണ്ടുനിന്ന യുദ്ധത്തില്‍ സായുധ സേനയിലും പ്രതിരോധ മുന്നണിയിലും സേവനമനുഷ്ടിച്ചവരുടെ അചഞ്ചലമായ നിശ്ചയദാര്‍ഢ്യത്തിന്റെ ഫലമാണ് ഈ വിജയമെന്നും സെന്‍ട്രല്‍ കമാന്‍ഡിന്റെ പ്രസ്താവനയില്‍ പറയുന്നു.

‘ഇറാന്‍ ജനതയുടെ ദിവ്യവും ശക്തവുമായ ഇഛാശക്തിക്ക് മുന്നില്‍ അമേരിക്കയും ഇസ്രഈലും ഉള്‍പ്പെടുന്ന ശത്രുക്കള്‍ക്ക് തോല്‍വി സമ്മതിക്കുകയല്ലാതെ മറ്റ് വഴികളൊന്നും ഉണ്ടായിരുന്നില്ല, സെന്‍ട്രല്‍ കമാന്‍ഡ് പറഞ്ഞു. അധിനിവേശ ശക്തികളെ നേരിടാനുള്ള ഒരേയൊരു മാര്‍ഗം പ്രതിരോധമാണെന്നും പ്രസ്താവനയില്‍ പറയുന്നു.

ഇറാനും അമേരിക്കയും തമ്മിലുള്ള യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള ധാരണാപത്രം വെള്ളിയാഴ്ച സ്വിറ്റ്സര്‍ലന്‍ഡില്‍ ഒപ്പുവെക്കുമെന്ന് ഇറാന്റെ വിദേശകാര്യ മന്ത്രാലയം പ്രഖ്യാപിച്ചതിന് പിന്നാലെയായിരുന്നു സെന്‍ട്രല്‍ കമാന്‍ഡിന്റെ പ്രസ്താവന.

ഇറാനുമായുള്ള സമാധാന കരാര്‍ പൂര്‍ത്തിയായെന്നും ഹോര്‍മുസിലുള്ള യു.എസ് നാവിക സേനാ ഉപരോധം പിന്‍വലിക്കുമെന്നും ട്രംപ് പ്രഖ്യാപിച്ചിരുന്നു. ഇരുരാജ്യങ്ങളും തമ്മിലുള്ള ചര്‍ച്ചകള്‍ പൂര്‍ത്തിയായതായും സമാധാന കരാറില്‍ ഒപ്പിടാന്‍ ഒരുങ്ങുന്നതായും ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കിയ പാകിസ്ഥാനും സ്ഥിരീകരിച്ചിരുന്നു.

Content Highlight: The will of the Iranian people has triumphed over the enemies; Iran’s Central Military Command following the peace deal with the US

നിഷാന. വി.വി

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. വാദി ഹുദ കോളേജില്‍ നിന്നും ബി.എ ഇംഗ്ലീഷില്‍ ബിരുദം. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.

Latest Stories

We use cookies to give you the best possible experience. Learn more