നടന്‍ ശ്രീനിവാസന്റെ മരണവും അതുമായി ബന്ധപ്പെട്ടുള്ള ചില വിവാദങ്ങളുമാണ് ഇന്ന് സോഷ്യല്‍മീഡിയകളിലെ പ്രധാന ചര്‍ച്ച.
മക്കളായ വിനീതിന്റേയും ധ്യാനിന്റേയും ഭാര്യ വിമലയുടേയും ശ്രീനിവാസന്റെ സഹപ്രവര്‍ത്തകരുടേയും വിഷമവും അവരുടെ കണ്ണീരും ക്യാമറയില്‍ പകര്‍ത്താന്‍ മത്സരിക്കുന്ന മാധ്യമങ്ങള്‍ വലിയ രീതിയില്‍ വിമര്‍ശിക്കപ്പെട്ടു.
ഇതെല്ലാം വിവാദമാകുമ്പോള്‍ തന്നെ അനുകരണീയമായ ചിലത് കൂടി ഇതിനിടെ ചര്‍ച്ച ചെയ്യപ്പെടുന്നുണ്ട്. അതിലൊന്നാണ് ശ്രീനിവാസന്റെ ചിതയ്ക്ക് തീ കൊളുത്താന്‍ ശ്രീനിവാസന്റെ മകനായ ധ്യാന്‍ സ്വീകരിച്ച രീതി.
പൊതുവെ കണ്ടുശീലിച്ച രീതികളില്‍ നിന്നും വ്യത്യസ്തമായി ഷര്‍ട്ട് ധരിച്ചായിരുന്നു ധ്യാന്‍ അച്ഛന്റെ ചിതയ്ക്ക് തീകൊളുത്തിയത്. സോഷ്യല്‍ മീഡിയയില്‍ ചിലരിത് ചൂണ്ടിക്കാട്ടിയിട്ടുമുണ്ട്.
ഒരു കാര്‍മ്മികന്റെയും കീഴില്‍ നിന്നല്ല ധ്യാന്‍ അത് ചെയ്തത്. താറും പാച്ചി പൂണൂലും ധരിച്ച് അയാള്‍ നടന്നില്ല.
പകരം ഷര്‍ട്ടും ചെരുപ്പുമൊക്കെ ധരിച്ചു തന്നെ അയാള്‍ അച്ഛന്റെ ചിതയ്ക്ക് തീ കൊളുത്തി. അതിനുമുന്നെ മുഷ്ടി ചുരുട്ടി അച്ഛന് അഭിവാദ്യം അര്‍പ്പിച്ചു,’ മനോജ് സി.ആര്‍ ഫേസ്ബുക്കില്‍ എഴുതി.
ആണ്‍കുട്ടികള്‍ കരയരുതെന്ന മലയാളികള്‍ക്കിടയിലെ പൊതുബോധത്തെ വെല്ലുവിളിയ്ക്കുന്ന ഒന്നുകൂടിയായി ധ്യാനിന്റേയും വിനീതിന്റേയും സമീപനം.
ശ്രീനിവാസന്റെ രണ്ട് ആണ്‍മക്കള്‍ നിര്‍ത്താതെ പൊട്ടിക്കരയുന്നത് കണ്ട് ‘ഇങ്ങനെ കരയുന്ന ആണുങ്ങളെ ഞാനാദ്യമായി കാണുകയാണ്’ എന്ന് പലരും കമന്റുകളിട്ടു.
എന്നാല്‍ ആ അച്ഛന്റെ വളര്‍ത്തല്‍ അത്ര നിഷ്പക്ഷവും സുരക്ഷിതവും ആയത് കൊണ്ടായിരിക്കാം ആ മക്കള്‍ക്ക് അവരുടെ ദുഃഖത്തെ ഇതുപോലെ സ്വതന്ത്രമായി പ്രകടിപ്പിക്കാനുള്ള പ്രാപ്തി കൈ വന്നതെന്നായിരുന്നു അനുചന്ദ്രയുടെ മറുപടി.
അച്ഛന്‍ എന്ന നിലക്ക് അദ്ദേഹം മക്കള്‍ക്ക് നല്‍കിയിട്ടുള്ള സ്‌പെയ്സിനെ കുറിച്ച് മലയാളികള്‍ ഇതിന് മുന്‍പും ചര്‍ച്ചകള്‍ നടത്തിയിട്ടുണ്ട്. മക്കള്‍ക്ക് അവരുടെ വികാരങ്ങളെ തുറന്നുപറയാന്‍ അവകാശം നല്‍കിയ ഗംഭീര മനസ്സുള്ള ഒരച്ഛനാണ് ശ്രീനിവാസനെന്നാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്ന കുറിപ്പുകളില്‍ ചിലത്.
‘ആണ്‍കുട്ടികള്‍ കരയരുത്’ എന്ന് പറയുന്ന സകല മനുഷ്യരോടുമായി പറയുകയാണ്. നിങ്ങള്‍ ശ്രീനിവാസന്റെ ആ രണ്ടാണ്‍മക്കളെയും ഒന്ന് ശ്രദ്ധിക്കൂ.
ആ മക്കള്‍ അത്രത്തോളം സത്യസന്ധവും സ്‌നേഹപരവുമായി ഇന്ന് ആ അച്ഛന് മുന്‍പില്‍ ഇങ്ങനെ കണ്ണീരോടെ നില്‍ക്കുന്നുവെങ്കില്‍, ആ അമ്മയെ ചേര്‍ത്തു നിര്‍ത്തുന്നെങ്കില്‍ അതിനുള്ള എല്ലാ അഭിനന്ദനങളും ആ അച്ഛന് അവകാശപ്പെട്ടതാണ്. ആ അമ്മക്കും.
തങ്ങളുടെ ഉള്ളിലെ വികാരങ്ങളെ എത്രത്തോളം സ്വാഭാവികമായി സ്വീകരിച്ചത് കൊണ്ടാണ് ഇന്നാ മക്കള്‍ക്ക് തനി മനുഷ്യരായി നില്‍ക്കാന്‍ കഴിയുന്നത്. അച്ഛന്റെ മക്കള്‍…സോഷ്യല്‍ മീഡിയ കുറിക്കുന്നു.
ശ്രീനിവാസന്റെ മക്കളും അമ്മയും സങ്കടപ്പെടുന്നതും അവര്‍ ഒരുമിച്ച് ചേര്‍ന്ന് നിന്ന് ആശ്വസിപ്പിക്കുന്നതുമായ കാഴ്ച നിരവധിപ്പേരെ ദുഃഖത്തിലാഴ്ത്തിയെന്നും സ്‌നേഹവും കരുണയും സഹകരണവും മനുഷ്യര്‍ പ്രദര്‍ശിപ്പിക്കുമ്പോള്‍ അത് കണ്ട് അതിനോട് ചേരുന്ന മനുഷ്യര്‍ തീര്‍ച്ചയായും പ്രതീക്ഷയാണെന്നും ചിലര്‍ കുറിക്കുന്നു.
Content Highlight: The way Dhyan attended Sreenivasan’s funeral rites wearing a shirt is becoming a topic of discussion