| Saturday, 7th February 2026, 9:05 pm

ജൂണില്‍ യുദ്ധം അവസാനിപ്പിച്ചിരിക്കണം; റഷ്യയ്ക്കും ഉക്രൈനും യു.എസ് സമയപരിധി നല്‍കി: സെലന്‍സ്‌കി

അനിത സി

കീവ്: റഷ്യ-ഉക്രൈന്‍ യുദ്ധം ജൂണ്‍ മാസത്തോടെ അവസാനിപ്പിക്കണമെന്ന് യു.എസ് മുന്നറിയിപ്പ് നല്‍കിയതായി ഉക്രൈന്‍ പ്രസിഡന്റ് വ്‌ളോദിമിര്‍ സെലന്‍സ്‌കി.

ഈ യുദ്ധം അവസാനിപ്പിക്കാന്‍ സാധ്യമായതെല്ലാം യു.എസ് ചെയ്യും. എല്ലാ നടപടികളുടെയും വ്യക്തമായ ഷെഡ്യൂള്‍ അവര്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും സെലന്‍സ്‌കി അറിയിച്ചു.

യുദ്ധം അവസാനിപ്പിക്കാന്‍ റഷ്യ തയ്യാറാണെങ്കില്‍ സമയപരിധി നിശ്ചയിക്കുന്നത് വളരെ നല്ലതാണെന്നും സെലന്‍സ്‌കി അഭിപ്രായപ്പെട്ടു.

റഷ്യയും ഉക്രൈനും തമ്മിലുള്ള ചര്‍ച്ചകള്‍ക്കായി യു.എസ് ക്ഷണിച്ചിട്ടിട്ടുണ്ടെന്നും അടുത്ത ആഴ്ചകളിലായി ചര്‍ച്ച നടക്കുമെന്നും സെലന്‍സ്‌കി മാധ്യമങ്ങളോട് പറഞ്ഞു. ചര്‍ച്ചയില്‍ പങ്കെടുക്കാനുള്ള സന്നദ്ധത ഉക്രൈന്‍ അറിയിച്ചിട്ടുണ്ട്. മിയാമിയില്‍ ചര്‍ച്ച നടന്നേക്കുമെന്നാണ് സൂചന.

ഈയാഴ്ച യു.എ.ഇയില്‍ നടന്ന ഉന്നതതല ത്രികക്ഷി ചര്‍ച്ചയില്‍ റഷ്യ-ഉക്രൈന്‍ യുദ്ധം അവസാനിപ്പിക്കുന്ന വിഷയത്തില്‍ പ്രതീക്ഷിച്ച പുരോഗതിയുണ്ടായില്ല. 157 യുദ്ധത്തടവുകാരെ പരസ്പരം വിട്ടുനല്‍കാന്‍ മാത്രമാണ് ചര്‍ച്ചയില്‍ ധാരണയായത്.

പിന്നാലെയാണ് യു.എസ്, ഇരു രാഷ്ട്രങ്ങള്‍ക്കും വേനല്‍ക്കാലം ആരംഭിക്കുന്നതിന് മുമ്പ് യുദ്ധം നിര്‍ത്തണമെന്ന മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.

ട്രംപ് രണ്ടാം തവണ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടപ്പോള്‍ 24 മണിക്കൂറിനുള്ളില്‍ യുദ്ധം അവസാനിപ്പിക്കുമെന്ന് അവകാശപ്പെട്ടിരുന്നു.

പിന്നീട് 100 ദിവസത്തിനുള്ളില്‍ യുദ്ധം അവസാനിപ്പിക്കുമെന്ന അവകാശവാദവും ട്രംപിന്റെ ഓഫീസ് നടത്തി.

എന്നാല്‍ ഇതുരണ്ടും സാധ്യമാകാതെ വന്നതോടെ കഴിഞ്ഞ ഓഗസ്റ്റില്‍ പുതിയ ഒരു കരാറിനും ട്രംപ് ശ്രമിച്ചിരുന്നു, ഡിസംബറില്‍ ഈ കരാറിന്റെ കരട് തയ്യാറായെന്നും ട്രംപ് അറിയിച്ചിരുന്നു.

Content Highlight: The war should have ended in June; US gave Russia and Ukraine a deadline: Zelensky

അനിത സി

ഡൂള്‍ ന്യൂസ് സബ് എഡിറ്റര്‍

Latest Stories

We use cookies to give you the best possible experience. Learn more