| Saturday, 29th November 2025, 4:15 pm

'വിത്തുഗുണം' പ്രയോഗം ഹിറ്റ്‌ലറിന്റേത്; വീക്ഷണത്തിനെതിരെ ശിവന്‍കുട്ടി

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: ബലാത്സംഗം അടക്കമുള്ള വകുപ്പുകള്‍ ചുമത്തിയുള്ള കേസ് നേരിടുന്ന രാഹുല്‍ മാങ്കൂട്ടത്തിലിനെ ന്യായീകരിച്ച കോണ്‍ഗ്രസ് മുഖപത്രം വീക്ഷണത്തെ വിമര്‍ശിച്ച് വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി. പത്രത്തിന്റെ മുഖപ്രസംഗത്തില്‍ ഉപയോഗിച്ച ‘വിത്തുഗുണം’ എന്ന പ്രയോഗം തന്നെ അത്ഭുതപ്പെടുത്തിയെന്നും ഇത് ജനാധിപത്യ സമൂഹത്തില്‍ ഉപയോഗിക്കാന്‍ പാടില്ലാത്ത അങ്ങേയറ്റം പ്രതിലോമകരമായ ഒരു വാക്കാണെന്നും അദ്ദേഹം പറഞ്ഞു.

ഇത്തരം ‘വിത്തുഗുണ’ സിദ്ധാന്തങ്ങള്‍ കൊണ്ടുനടന്നിരുന്നത് ഹിറ്റ്‌ലറും, ആര്യന്‍ വംശശുദ്ധിയില്‍ വിശ്വസിച്ചിരുന്ന അദ്ദേഹത്തിന്റെ അനുയായികളുമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ശിവന്‍കുട്ടിയുടെ വിമര്‍ശനം.

‘മനുഷ്യനെ ജന്മത്തിന്റെ അടിസ്ഥാനത്തില്‍ വേര്‍തിരിക്കുന്ന, വംശീയതയില്‍ അഭിരമിക്കുന്ന ആ പഴയ ഹിറ്റ്‌ലര്‍ കാലഘട്ടത്തിന്റെ ആരാധകര്‍ക്ക് മാത്രമേ ഇന്നും ഇത്തരം വാക്കുകള്‍ പ്രയോഗിക്കാന്‍ സാധിക്കൂ. ഹിറ്റ്ലര്‍ ആണ് മാതൃക എന്ന് ഇപ്പോഴും എപ്പോഴും പറയുന്നവരെയാണ് ഇവര്‍ പിന്തുടരുന്നത് എന്നത് വ്യക്തം,’ വി. ശിവന്‍കുട്ടി ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.

ഇന്നത്തെ വീക്ഷണത്തിന്റെ മുഖപ്രസംഗത്തിലാണ് രാഹുലിനെ ന്യായീകരിച്ചത്. ‘പാപം ചെയ്യാത്തവര്‍ കല്ലെറിയട്ടെ’ എന്ന തലക്കെട്ടോടുകൂടിയ മുഖപ്രസംഗത്തില്‍ രാഷ്ട്രീയ ഗൂഢാലോചനയുടെ ഇരയാണ് രാഹുലെന്നും കോണ്‍ഗ്രസിന്റെ കുപ്പായത്തില്‍ വീണ ചാണകത്തുള്ളി കണ്ട് മൂക്കുപൊത്തുന്നത് പോലെയാണ് സി.പി.ഐ.എം രാഹുല്‍ മാങ്കൂട്ടത്തിലിനെ ചൂണ്ടിക്കാട്ടി സദാചാര പ്രസംഗം നടത്തുന്നതും എന്നായിരുന്നു വീക്ഷണത്തിന്റെ ന്യായീകരണം.

കോണ്‍ഗ്രസില്‍ വാദങ്ങളും പ്രതിവാദങ്ങളുമായി ശ്രദ്ധേയമായ ജ്ഞാനതൃഷ്ണയുള്ള ഒരുപറ്റം ചെറുപ്പക്കാര്‍ വേറെയുമുണ്ടെന്നും മറ്റ് പാര്‍ട്ടികള്‍ക്കില്ലാത്ത മികച്ച വിത്തുഗുണത്തെ ചവിട്ടിയരച്ച് കുലമൊടുക്കുകയാണ് ഇത്തരം രാഷ്ട്രീയപ്രേരിത ആരോപണങ്ങളുടെയും വ്യക്തിഹത്യയുടെയും ലക്ഷ്യമെന്ന് ഈ മുഖപ്രസംഗത്തിന്റെ അവസാന ഭാഗത്തുണ്ട്. ഇത് ചൂണ്ടിക്കാട്ടിയാണ് ശിവന്‍കുട്ടിയുടെ വിമര്‍ശനം.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ രൂപം

ഇന്നത്തെ പത്രത്തിലെ ആ എഡിറ്റോറിയല്‍ ശ്രദ്ധയില്‍പ്പെട്ടു. അതില്‍ പരാമര്‍ശിച്ച ഒരു പ്രയോഗമാണ് എന്നെ അത്ഭുതപ്പെടുത്തിയത്; ‘വിത്തുഗുണം’.

ആധുനിക ജനാധിപത്യ സമൂഹത്തില്‍, ഉപയോഗിക്കാന്‍ പാടില്ലാത്ത, അങ്ങേയറ്റം പ്രതിലോമകരമായ ഒരു വാക്കാണത്. ഒരാളുടെ കഴിവോ മിടുക്കോ നിര്‍ണ്ണയിക്കുന്നത് ജന്മമോ, പാരമ്പര്യമോ, വംശശുദ്ധിയോ ആണെന്ന ബോധമാണ് ഇന്നും ഇവരെയൊക്കെ നയിക്കുന്നത്..

ചരിത്രം പരിശോധിച്ചാല്‍ നമുക്ക് വ്യക്തമാകും, ഇത്തരം ‘വിത്തുഗുണ’ സിദ്ധാന്തങ്ങള്‍ കൊണ്ടുനടന്നിരുന്നത് ഹിറ്റ്‌ലറും, ആര്യന്‍ വംശശുദ്ധിയില്‍ വിശ്വസിച്ചിരുന്ന അദ്ദേഹത്തിന്റെ അനുയായികളുമാണ്. മനുഷ്യനെ ജന്മത്തിന്റെ അടിസ്ഥാനത്തില്‍ വേര്‍തിരിക്കുന്ന, വംശീയതയില്‍ അഭിരമിക്കുന്ന ആ പഴയ ഹിറ്റ്‌ലര്‍ കാലഘട്ടത്തിന്റെ ആരാധകര്‍ക്ക് മാത്രമേ ഇന്നും ഇത്തരം വാക്കുകള്‍ പ്രയോഗിക്കാന്‍ സാധിക്കൂ.

ഹിറ്റ്ലര്‍ ആണ് മാതൃക എന്ന് ഇപ്പോഴും എപ്പോഴും പറയുന്നവരെയാണ് ഇവര്‍ പിന്തുടരുന്നത് എന്നത് വ്യക്തം.

Content Highlight: The term ‘Vithugunam’ belongs to Adolf Hitler; V. Sivankutty opposes the Veekshanam Daily

We use cookies to give you the best possible experience. Learn more