കോഴിക്കോട്: ലൈംഗിക ആരോപണങ്ങള്‍ നേരിടുന്ന പാലക്കാട് എം.എല്‍.എ രാഹുല്‍ മാങ്കൂട്ടത്തിലിനെ പിന്തുണച്ചുകൊണ്ട് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ സംസാരിക്കുന്നു എന്ന തരത്തില് സോഷ്യല് മീഡിയയില് പ്രചരിക്കുന്ന വീഡിയോ വ്യാജം.
2025 ഏപ്രില്‍ മാസത്തില്‍ മറ്റൊരു വിഷയത്തില്‍ രാഹുലിനെ പിന്തുണച്ച് സംസാരിച്ച ഒരു വീഡിയോയാണ് ഇപ്പോള്‍ പ്രചരിപ്പിക്കുന്നത്.
പാലക്കാട് നഗരസഭയിലെ നൈപുണ്യ വികസന കേന്ദ്രത്തിന് ആര്‍.എസ്.എസ് നേതാവ് ഹെഡ്ഗേവാറിന്റെ പേര് നല്‍കാനുള്ള ശ്രമത്തിനെതിരെ വി.ഡി. സതീശന്‍ നല്‍കിയ പ്രതികരണമായിരുന്നു ഇത്. ഈ വീഡിയോ രാഹുല്‍ മാങ്കൂട്ടത്തിലിന് വി.ഡി. സതീശന്റെ പിന്തുണയുണ്ടെന്ന വിധത്തിലാണ് പ്രചരിക്കുന്നത്.
മാസങ്ങള്‍ക്ക് മുമ്പ് വി.ഡി. സതീശന്‍ മാധ്യമങ്ങള്‍ക്ക് നല്‍കിയ പ്രതികരണം ‘രാഹുലിന് വി.ഡിയുടെ പിന്തുണ’ എന്ന അടിക്കുറിപ്പോട് കൂടിയാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ചിരിക്കുന്നത്. ഇതിനുപിന്നില്‍ രാഹുല്‍ അനുകൂലികളാണെന്നാണ് സോഷ്യല്‍ മീഡിയയില്‍ ഒരു വിഭാഗം ആളുകള്‍ അഭിപ്രായപ്പെടുന്നുണ്ട്.
പാലക്കാട് നഗരസഭയിലെ നൈപുണ്യ വികസന കേന്ദ്രവുമായി ബന്ധപ്പെട്ട വിഷയത്തില്‍ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ നേതൃത്വത്തില്‍ വലിയ പ്രതിഷേധമാണ് ജില്ലയില്‍ ഉണ്ടായത്.
പിന്നാലെ രാഹുലിനെ പാലക്കാട് കാലുകുത്താന്‍ അനുവദിക്കില്ലെന്നും രാഹുലിന്റെ തല ആകാശത്ത് കാണേണ്ടി വരുമെന്നും ബി.ജെ.പി ജില്ലാ ജനറല്‍ സെക്രട്ടറി ഓമനക്കുട്ടന്‍ ഭീഷണി മുഴക്കിയിരുന്നു.
തുടര്‍ന്ന് ബി.ജെ.പി നേതാക്കളുടെ കൊലവിളി പ്രസംഗത്തില്‍ കോണ്‍ഗ്രസ് നല്‍കിയ പരാതിയില്‍ പൊലീസ് കേസെടുക്കുകയും ചെയ്തിരുന്നു. ബി.ജെ.പി ജില്ലാ അധ്യക്ഷന്‍ പ്രശാന്ത് ശിവന്‍, ഓമനക്കുട്ടന്‍ എന്നിവര്‍ക്കെതിരെയാണ് കേസെടുത്തത്.
View this post on InstagramA post shared by V D Satheesan (@vdsatheesanleaderofopposition)
ബി.ജെ.പി നേതാക്കളുടെ ഈ കൊലവിളി പ്രസംഗത്തില്‍ രാഹുലിന് പിന്തുണ അറിയിച്ചുകൊണ്ടുള്ള പ്രതിപക്ഷ നേതാവിന്റെ പഴയ വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്.
‘ഭീഷണിക്ക് വഴങ്ങുന്ന പ്രസ്ഥാനമല്ല യൂത്ത് കോണ്‍ഗ്രസും കോണ്‍ഗ്രസും. ഒരു ബി.ജെ.പിക്കാരനും ഒരു യൂത്ത് കോണ്‍ഗ്രസുകാരനെയും ഭീഷണിപ്പെടുത്തേണ്ടതില്ല. പാലക്കാട്ടെ ജനങ്ങള്‍ വലിയ ഭൂരിപക്ഷത്തില്‍ വിജയിപ്പിച്ച ജനപ്രതിനിധിയാണ് രാഹുല്‍ മാങ്കൂട്ടത്തില്‍. അദ്ദേഹം പാലക്കാടും ഇറങ്ങും കേരളത്തിന്റെ എല്ലാ ഭാഗത്തും പോകും. ബി.ജെ.പിയുടേത് വെറും ഭീഷണികളാണ്. അത് അവരുടെ രീതിയാണ്. രാഹുല്‍ മാങ്കൂട്ടത്തില്‍ അടക്കമുളള യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ സംരക്ഷിക്കാനുള്ള സംവിധാനം കേരളത്തിലെ കോണ്‍ഗ്രസിനുണ്ട്,’ എന്നാണ് വി.ഡി. സതീശന്‍ അന്ന് പറഞ്ഞത്.
Content Highlight: The video of V.D. Satheesan speaking in support of Rahul Mamkootathil is fake