ന്യൂദല്‍ഹി: ഇന്ത്യയുടെ പതിനഞ്ചാമത് ഉപരാഷ്ട്രപതിയായി തെരഞ്ഞെടുക്കപ്പെട്ട സി.പി രാധാകൃഷ്ണനെ അഭിനന്ദിച്ച് കോണ്‍ഗ്രസ്. നീതിയുടെയും നിക്ഷ്പക്ഷതയുടെയും മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കണമെന്ന് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി ജയറാം രമേശ് എക്‌സ് പോസ്റ്റിലൂടെ പറഞ്ഞു.
രാജ്യത്തിന്റെ ആദ്യത്തെ ഉപരാഷ്ട്രപതിയായിരുന്ന ഡോ.സര്‍വേപ്പള്ളി രാധാകൃഷ്ണന്റെ വാക്കുകള്‍ കടമെടുത്താണ് രാഷ്ട്രീയ ചായ്‌വിന് അതീതമായി നിക്ഷ്പക്ഷതയുടെ മൂല്യം ഉയര്‍ത്തിപ്പിടിക്കണമെന്ന് ഉപരാഷ്ട്രപതിയെ കോണ്‍ഗ്രസ് ഓര്‍മിപ്പിച്ചത്.
‘ഇന്ത്യയുടെ പുതുതായി തിരഞ്ഞെടുക്കപ്പെട്ട ഉപരാഷ്ട്രപതി ശ്രീ സി പി രാധാകൃഷ്ണന് ആശംസകള്‍ നേരുന്നതിനൊപ്പം, രാജ്യസഭയുടെ ആദ്യ ഉപരാഷ്ട്രപതിയും ചെയര്‍മാനുമായ ഡോ. സര്‍വേപ്പള്ളി രാധാകൃഷ്ണന്റെ ജ്ഞാനപൂര്‍വമായ വാക്കുകള്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് ഓര്‍മിക്കുന്നു’. എന്നു പറഞ്ഞാണ് ജയറാം രമേശ് കുറിപ്പ് ആരംഭിക്കുന്നത്.
‘ഞാന്‍ ഒരു രാഷ്ട്രീയ പാര്‍ട്ടിയിലും അംഗമല്ല, അതിനാല്‍ ഈ സഭയിലെ എല്ലാ പാര്‍ട്ടികളിലും ഞാന്‍ ഉള്‍പ്പെടുന്നുവെന്നാണ് അര്‍ത്ഥം.
പാര്‍ലമെന്ററി ജനാധിപത്യത്തിന്റെ ഏറ്റവും ഉയര്‍ന്ന പാരമ്പര്യം ഉയര്‍ത്തിപ്പിടിക്കാന്‍ എല്ലാ പാര്‍ട്ടികളോടും നീതിയോടും നിക്ഷ്പക്ഷതയോടും കൂടി പ്രവര്‍ത്തിക്കാനും ശ്രമിക്കും’, 1952 മേയ് 16ന് രാജ്യസഭയുടെ ഉദ്ഘാടന ദിനത്തില്‍ ഡോ. രാധാകൃഷ്ണന്‍ പറഞ്ഞ വാക്കുകള്‍ ജയറാം രമേശ് പങ്കുവെച്ചു.
ജനാധിപത്യം സ്വേച്ഛാധിപത്യത്തിലേക്ക് അധപതിക്കുക സര്‍ക്കാരിന്റെ നയങ്ങളെ ന്യായമായും, സ്വാതന്ത്രമായും തുറന്നും വിമര്‍ശിക്കാന്‍ പ്രതിപക്ഷത്തെ അനുവാദിക്കാതിരിക്കുള്‍ ആണെന്ന് അന്ന് ഡോ.രാധാകൃഷ്ണന്‍ പ്രസംഗത്തില്‍ പറഞ്ഞിരുന്നു.
ഈ വാക്കുകള്‍ അദ്ദേഹം അക്ഷരത്തിലും ആത്മാവിലും പ്രാവര്‍ത്തികമാക്കിയിരുന്നുവെന്ന് ജയറാം രമേശ് പുതിയ ഉപരാഷ്ട്രപതിയെ ഓര്‍മിപ്പിച്ചുകൊണ്ട് എക്‌സില്‍ കുറിച്ചു.
അതേസമയം, കഴിഞ്ഞദിവസം നടന്ന ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ എന്‍.ഡി.എ സ്ഥാനാര്‍ത്ഥിയായ സി.പി രാധാകൃഷ്ണന്‍ സാധുവായ 752 വോട്ടില്‍ 452 വോട്ടുകള്‍ നേടിയാണ് വിജയിച്ചത്. പ്രതിപക്ഷസഖ്യത്തിന്റെ സ്ഥാനാര്‍ത്ഥിയായ ജ.(റിട്ട.) ബി. സുദര്‍ശന്‍ റെഡ്ഡി 300 വോട്ടുകളും നേടി. ആകെ ചെയ്ത 767 വോട്ടുകളില്‍ 15 എണ്ണം അസാധുവായിരുന്നു.
കണക്കുകളില്‍ വിജയിച്ചെങ്കിലും ഇത് ബി.ജെ.പിയുടെ ധാര്‍മികവും രാഷ്ട്രീയവുമായ പരാജയമാണെന്നാണ് കോണ്‍ഗ്രസ് വിമര്‍ശിച്ചത്.
Content Highlight: Congress reminds that the government should be allowed to criticize; the Vice President should be impartial says Jairam Ramesh