ന്യൂദല്‍ഹി: താന്‍ പുറപ്പെടുവിച്ച കോടതി വിധികളില്‍ ഏറ്റവും സുപ്രധാനമെന്ന് തോന്നിയത് ബുള്‍ഡോസര്‍ രാജിന് എതിരായ ഏറ്റവും വിധിയാണെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ബി.ആര്‍ ഗവായ്.
ജോലികളില്‍ സംവരണം നല്‍കുന്നതിനായി സാമ്പത്തികം ഉള്‍പ്പെടെയുള്ളവ പരിഗണിച്ച് എസ്.സി, എസ്.ടി വിഭാഗങ്ങളെ ഉപ-വര്‍ഗീകരിക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് അനുമതി നല്‍കുന്ന വിധിയും സുപ്രധാനമെന്ന് ഗവായ് അഭിപ്രായപ്പെട്ടു.
പട്ടികജാതിക്കാരിലെ ക്രീമിലെയര്‍ വിഭാഗത്തെ സംവരണ ആനുകൂല്യങ്ങളില്‍ നിന്നും ഒഴിവാക്കണമെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുന്നതായും അദ്ദേഹം വിശദീകരിച്ചു.
‘ബുള്‍ഡോസര്‍ രാജ് നിയമവാഴ്ചയുടെ അടിസ്ഥാന തത്വത്തിന് എതിരാണ്. ഒരു വ്യക്തിക്കെതിരെ കുറ്റകൃത്യത്തില്‍ പങ്കുണ്ടെന്ന് ആരോപിക്കപ്പെടുന്നതിന്റെ പേരിലോ അല്ലെങ്കില്‍ ഒരു കേസില്‍ ശിക്ഷിക്കപ്പെടുന്നതിന്റെ പേരിലോ എങ്ങനെ ഒരു വീട് പൊളിക്കാന്‍ സാധിക്കും? ആ വ്യക്തിയുടെ കുടുംബത്തിന്റെയും മാതാപിതാക്കളുടെയും തെറ്റ് എന്താണ്? പാര്‍പ്പിടത്തിനുള്ള അവകാശം മൗലികാവകാശമാണ്,’ ഗവായ് വിശദീകരിച്ചു.
സുപ്രീം കോടതി ബാര്‍ അസോസിയേഷന്‍ സംഘടിപ്പിച്ച ഫെയര്‍വെല്‍ ചടങ്ങിലാണ് ഗവായ് തന്റെ മുമ്പത്തെ വിധ്യാന്യായങ്ങളെ കുറിച്ച് സംസാരിച്ചത്.
പൊതുവെ മുമ്പ് പുറപ്പെടുവിച്ച വിധി ന്യായങ്ങളെ കുറിച്ച് സംസാരിക്കുന്ന പതിവ് ന്യായാധിപന്മാര്‍ക്കിടയിലില്ല. ഈ കീഴ്‌വഴക്കം തെറ്റിച്ചാണ് ഗവായിയുടെ നീക്കം.
അതേസമയം, രാജ്യത്തിന്റെ 52ാമത് സുപ്രീം കോടതി ചീഫ് ജസ്റ്റിസായ ബി.ആര്‍ ഗവായിയുടെ അവസാന പ്രവൃത്തിദിനമായിരുന്നു വെള്ളിയാഴ്ച. കോടതിയില്‍ വെച്ച് സഹപ്രവര്‍ത്തകര്‍ അദ്ദേഹത്തിന് യാത്രയയപ്പ് നല്‍കി. വിരമിക്കാന്‍ രണ്ടുദിവസം ബാക്കി നില്‍ക്കെയായിരുന്നു യാത്രയയപ്പ്.
അിഭാഷകനായും ജസ്റ്റിസായും നിറഞ്ഞുനിന്ന 40 വര്‍ഷത്തെ നിയമ ജീവിതത്തെ കുറിച്ചും അദ്ദേഹം സംസാരിച്ചു.
തനിക്ക് ഏറെ സംതൃപ്തി നല്‍കുന്നതാണ് ഈ നിയമയാത്രയെന്നും സമൂഹത്തെയും രാജ്യത്തെയും സേവിക്കാനുള്ള അവസരമായാണിതിനെ കണ്ടിട്ടുള്ളതെന്നും ജസ്റ്റിസ് ഗവായ് പറഞ്ഞു.
ചടങ്ങില്‍ നിയുക്ത ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത, അറ്റോര്‍ണി ജമനറല്‍ ആര്‍. വെങ്കിട്ടരമണി, സുപ്രീം കോടതി ബാര്‍ അസോസിയേഷന്‍ പ്രസിഡന്റ് വികാസ് സിങ്, മുതിര്‍ന്ന അഭിഭാഷകന്‍ കപില്‍ സിബല്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ഒന്നര മണിക്കൂറോളം ചടങ്ങ് നീണ്ടുനിന്നു.
Content Highlight: The verdict against Bulldozer Raj was the most important one: Chief Justice