വാഷിങ്ടണ്‍: ഹോര്‍മുസ് കടലിടുക്കിലൂടെയുള്ള സുരക്ഷിതമായ യാത്രയ്ക്കായി ഇറാന് പണമോ മറ്റ് പ്രതിഫലങ്ങളോ നല്‍കുന്ന കപ്പല്‍ കമ്പനികള്‍ക്കെതിരെ കര്‍ശനമായ സാമ്പത്തിക ഉപരോധം ഏര്‍പ്പെടുത്തുമെന്ന മുന്നറിയിപ്പുമായി അമേരിക്ക.
യു.എസ് ട്രഷറി ഡിപ്പാര്‍ട്ട്മെന്റിന്റെ ഓഫീസ് ഓഫ് ഫോറിന്‍ അസറ്റ് കണ്‍ട്രോള്‍ ആണ് ഈ മുന്നറിയിപ്പ് പുറപ്പെടുവിച്ചത്.
അമേരിക്കന്‍ കമ്പനികള്‍ക്കും വ്യക്തികള്‍ക്കും മാത്രമല്ല, ഇറാനുമായി ഇത്തരത്തില്‍ ഇടപാടുകള്‍ നടത്തുന്ന വിദേശ വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും ഈ ഉപരോധം ബാധകമായിരിക്കും. നിയമലംഘനം നടത്തുന്ന വിദേശ ധനകാര്യ സ്ഥാപനങ്ങള്‍ക്ക് അമേരിക്കന്‍ സാമ്പത്തിക വ്യവസ്ഥയിലേക്കുള്ള പ്രവേശനം തടഞ്ഞേക്കാമെന്നാണ് ട്രംപ് ഭരണകൂടം നല്‍കുന്ന മുന്നറിയിപ്പ്.
നേരിട്ട് പണം നല്‍കുന്നത്, ഡിജിറ്റല്‍ ആസ്തികള്‍, മറ്റെന്തെങ്കിലും വസ്തുക്കള്‍ പകരം നല്‍കുന്നത് എന്നിവയ്ക്ക് പുറമെ, ഇറാനിയന്‍ എംബസികള്‍ വഴി നല്‍കുന്ന പണമോ ചാരിറ്റബിള്‍ ഡൊണേഷനായി പരിഗണിക്കുന്ന തുകയോ ഉപരോധത്തിന്റെ പരിധിയില്‍ വരും.
ഇറാനിയന്‍ റെഡ് ക്രസന്റ് സൊസൈറ്റി, ബോന്യാദ് മൊസ്തസഫാന്‍ തുടങ്ങിയ സ്ഥാപനങ്ങളിലേക്കുള്ള പണമൊഴുക്കും കര്‍ശനമായി നിരീക്ഷിക്കപ്പെടും.
ആഗോള എണ്ണ-പ്രകൃതിവാതക വ്യാപാരത്തിന്റെ ഏകദേശം 20 ശതമാനത്തോളം കടന്നുപോകുന്നത് ഹോര്‍മുസ് കടലിടുക്കിലൂടെയാണ്. ഫെബ്രുവരി അവസാനം മുതല്‍ ഇറാന്‍ ഈ പാത ഭാഗികമായി തടയുകയും പകരമുള്ള വഴിയിലൂടെ പോകുന്ന കപ്പലുകളില്‍ നിന്ന് ടോള്‍ ഈടാക്കുകയും ചെയ്യുന്നുണ്ട്.
ഇതിനെ ഒരു ‘ടോള്‍ബൂത്ത്’ സംവിധാനം എന്നാണ് അമേരിക്ക വിശേഷിപ്പിച്ചത്.
ഇറാന്റെ നടപടികള്‍ക്ക് മറുപടിയായി ഏപ്രില്‍ 13 മുതല്‍ അമേരിക്ക നാവിക ഉപരോധം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഏകദേശം 45 ഓളം വാണിജ്യ കപ്പലുകളെ ഈ പാതയില്‍ നിന്ന് തിരിച്ചുവിട്ടതായി യു.എസ് സെന്‍ട്രല്‍ കമാന്‍ഡ് അറിയിച്ചു.
ഈ സംഘര്‍ഷം ആഗോള ഊര്‍ജ്ജ വിപണിയെ സാരമായി ബാധിക്കുകയും ഇന്ധനവില വര്‍ധനവിന് കാരണമാവുകയും ചെയ്തിട്ടുണ്ട്.
അതേസമയം, ഇറാന്‍ പുതിയ സമാധാന നിര്‍ദ്ദേശങ്ങള്‍ മുന്നോട്ട് വെച്ചെങ്കിലും യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അതില്‍ തൃപ്തനല്ലെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
Content Highlight: The US warned that shipping companies may face financial sanctions if they pay protection fees to Iran.