| Saturday, 18th July 2026, 9:32 pm

അമേരിക്ക തുടര്‍ച്ചയായി വ്യവസ്ഥകള്‍ തെറ്റിക്കുന്നു; ഇസ്‌ലമാബാദ് കരാറില്‍ നിന്നും പിന്മാറുന്നതായി ഇറാന്‍

ആദർശ് എം.കെ.

ടെഹ്റാന്‍: അമേരിക്കയുമായുള്ള സംഘര്‍ഷം അതിരൂക്ഷമാകുന്നതിനിടെ, പാകിസ്ഥാന്റെ മധ്യസ്ഥതയില്‍ ഒപ്പിട്ട ഇസ്‌ലമാബാദ് ധാരണാപത്രത്തിലെ (MoU) എല്ലാ വ്യവസ്ഥകളും നിര്‍ത്തിവെക്കുന്നതായി ഇറാന്‍. അമേരിക്ക കരാര്‍ വ്യവസ്ഥകള്‍ ലംഘിച്ചുവെന്ന് ആരോപിച്ചാണ് ഇറാന്റെ ഈ സുപ്രധാന പ്രഖ്യാപനം.

പേര്‍ഷ്യന്‍ ഉള്‍ക്കടലില്‍ ഇരുരാജ്യങ്ങളും തമ്മില്‍ പരസ്പരം ആക്രമണങ്ങള്‍ തുടരുന്നതിനിടയിലാണ് ഈ നയതന്ത്ര തകര്‍ച്ച ഉണ്ടായിരിക്കുന്നത്.

ഇറാനും അമേരിക്കയും തമ്മിലുള്ള സംഘര്‍ഷങ്ങള്‍ അവസാനിപ്പിക്കുന്നതിനായി ജൂണില്‍ ഒപ്പിട്ട കരാറില്‍ നിന്ന് തങ്ങള്‍ പിന്മാറുകയാണെന്ന് ഇറാന്റെ ഡെപ്യൂട്ടി വിദേശകാര്യ മന്ത്രി കാസെം ഗരീബാബാദി വ്യക്തമാക്കി.

കരാറിലെ വ്യവസ്ഥകള്‍ പാലിക്കുന്നതില്‍ അമേരിക്ക പരാജയപ്പെട്ടുവെന്നും അതിനാല്‍ തങ്ങള്‍ ഇനി ഈ കരാറിന് വിധേയരല്ലെന്നുമാണ് ഇറാന്റെ നിലപാടെന്നാണ് പാക് മാധ്യമമായ ഡോണ്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

നിലവില്‍ രാജ്യം പ്രതിരോധ നടപടികളില്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുകയാണെന്ന് ഇറാന്‍ വാര്‍ത്താ ഏജന്‍സിയായ ഫാര്‍സ് റിപ്പോര്‍ട്ട് ചെയ്തു.

മേഖലയിലെ സംഘര്‍ഷം ലഘൂകരിക്കുന്നതിനായി രൂപീകരിച്ച 14 ഇന കരാറായിരുന്നു ഇസ്‌ലമാബാദ് ധാരണാപത്രം. ഹോര്‍മുസ് കടലിടുക്ക് വീണ്ടും തുറക്കുക, അമേരിക്കയുടെ നാവിക ഉപരോധം നീക്കുക, ഘട്ടം ഘട്ടമായി സൈനിക നടപടികള്‍ അവസാനിപ്പിക്കുക തുടങ്ങിയവയായിരുന്നു കരാറിലെ പ്രധാന വ്യവസ്ഥകള്‍. എന്നാല്‍ കരാര്‍ നിലവിലിരിക്കെ തന്നെ ഇരുരാജ്യങ്ങളും തമ്മില്‍ സൈനിക പോരാട്ടങ്ങള്‍ തുടരുകയായിരുന്നു.

കരാര്‍ ലംഘനത്തെക്കുറിച്ചുള്ള പ്രഖ്യാപനം വരുമ്പോഴും മേഖലയില്‍ യുദ്ധസമാനമായ സാഹചര്യമാണ് നിലനില്‍ക്കുന്നത്.

ജൂലൈ ആറ് മുതല്‍ നടന്ന അമേരിക്കന്‍ ആക്രമണങ്ങളില്‍ ഇറാനില്‍ കുറഞ്ഞത് 50 പേര്‍ കൊല്ലപ്പെടുകയും 500-ലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി ഇറാന്‍ ആരോഗ്യ മന്ത്രാലയം അറിയിച്ചു.

ഇറാനിലെ ഒരു ജലശുദ്ധീകരണ പ്ലാന്റിന് നേരെ നടന്ന യു.എസ് ആക്രമണത്തില്‍ പതിനായിരത്തോളം ആളുകള്‍ക്ക് കുടിവെള്ളം ലഭിക്കാത്ത അവസ്ഥ വന്നുവെന്നും ഇറാന്‍ വ്യക്തമാക്കി.

സംഘര്‍ഷം പടരുന്ന സാഹചര്യത്തില്‍ ബഹ്റൈനില്‍ വ്യോമാക്രമണ സൈറണുകള്‍ മുഴങ്ങി. ഇറാന്‍ തൊടുത്തുവിട്ട മിസൈലുകളും ഡ്രോണുകളും തങ്ങള്‍ തടഞ്ഞതായി കുവൈറ്റ് സൈന്യം അവകാശപ്പെട്ടു.

യു.എസ് സൈനിക താവളങ്ങള്‍ക്ക് ആതിഥ്യമരുളുന്ന രാജ്യങ്ങള്‍ക്ക് തക്കതായ മറുപടി നല്‍കുമെന്ന് ഇറാന്റെ ഇസ്‌ലാമിക് റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്‌സ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

Content highlight: ‘The US is violating subsequent terms’; Iran signals withdrawal from the  Islamabad MoU

ആദർശ് എം.കെ.

ഡൂള്‍ന്യൂസ് മള്‍ട്ടിമീഡിയ ജേര്‍ണലിസ്റ്റ്, കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more