അബുദാബി: ഇറാനെതിരായ ഇസ്രഈല്‍-യുഎസ് യുദ്ധത്തില്‍ യുണൈറ്റഡ് അറബ് എമിറേറ്റ്‌സ് (യു.എ.ഇ) സജീവമായി പങ്കെടുത്തിരുന്നതായി റിപ്പോര്‍ട്ടുകള്‍.
ഇസ്രഈലിനും അമേരിക്കയ്ക്കുമൊപ്പം ഒരു മൂന്നാം കക്ഷിയായി നിന്നുകൊണ്ട് യു.എ.ഇ ഇറാനില്‍ ഡസന്‍ കണക്കിന് വ്യോമാക്രമണങ്ങള്‍ നടത്തിയതായാണ് വാള്‍സ്ട്രീറ്റ് ജേര്‍ണലിനെ ഉദ്ധരിച്ച് വിവിധ അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
യുദ്ധത്തിന്റെ പ്രാരംഭ ഘട്ടം മുതല്‍ തന്നെ യു.എഇ. ഈ സൈനിക നീക്കത്തില്‍ പങ്കാളികളായിരുന്നു. കഴിഞ്ഞ ഏപ്രിലില്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചതിന് ശേഷവും യു.എ.ഇ ഇറാനെതിരെ ആക്രമണങ്ങള്‍ തുടര്‍ന്നതായാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.
ഹോര്‍മുസ് കടലിടുക്കിലെ ഖേഷം, അബു മൂസ ദ്വീപുകള്‍, ബന്ദര്‍ അബ്ബാസ്, ലവന്‍ ഐലന്റ് ഓയില്‍ റിഫൈനറി, അസലൂയ പെട്രോകെമിക്കല്‍ കോംപ്ലക്‌സ് എന്നിവിടങ്ങളിലായിരുന്നു പ്രധാനമായും യു.എ.ഇ ആക്രമണം നടത്തിയത്.
ഇതില്‍ അസലൂയ സമുച്ചയത്തിന് നേരെയുണ്ടായ ആക്രമണം അന്താരാഷ്ട്ര തലത്തില്‍ വലിയ പ്രതിഷേധത്തിന് കാരണമാവുകയും ഊര്‍ജ്ജ കേന്ദ്രങ്ങള്‍ ആക്രമിക്കുന്നത് നിര്‍ത്താന്‍ വാഷിങ്ടണ്‍ ഇസ്രഈലിനോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു.
അമേരിക്കയുടെയും ഇസ്രഈലിന്റെയും ഇന്റലിജന്‍സ് പിന്തുണയോടെയാണ് യു.എ.ഇ ഈ ആക്രമണങ്ങള്‍ ഏകോപിപ്പിച്ചത്.
തങ്ങളുടെ മണ്ണോ ആകാശമോ ഇറാനെതിരായ സൈനിക നീക്കങ്ങള്‍ക്ക് വിട്ടുനല്‍കില്ലെന്ന ഗള്‍ഫ് രാജ്യങ്ങളുടെ പരസ്യമായ നിലപാട് യുദ്ധം തുടങ്ങിയതോടെ അബുദാബി ഉപേക്ഷിച്ചു.
ഈ ആക്രമണങ്ങള്‍ക്ക് ചിരിച്ചടിയെന്നോണം 2,800-ലധികം മിസൈലുകളും ഡ്രോണുകളും ഉപയോഗിച്ച് ഇറാന്‍ യു.എ.ഇയെ ലക്ഷ്യം വെച്ചു. യു.എ.ഇയിലെ നഗരങ്ങള്‍, വിമാനത്താവളങ്ങള്‍, ഊര്‍ജ കേന്ദ്രങ്ങള്‍ എന്നിവയ്ക്ക് നേരെ ഇറാന്‍ ആക്രമണം നടത്തി.
യുദ്ധം യു.എ.ഇയുടെ സമ്പദ്‌വ്യവസ്ഥയെ സാരമായി ബാധിച്ചു. ദുബായ്, അബുദാബി സ്റ്റോക്ക് എക്‌സ്‌ചേഞ്ചുകളില്‍ നിന്നായി ഏകദേശം 120 ബില്യണ്‍ ഡോളര്‍ വിപണി മൂല്യം നഷ്ടപ്പെട്ടു.
ഏപ്രില്‍ അവസാനം വരെ 18,400-ലധികം വിമാന സര്‍വീസുകള്‍ റദ്ദാക്കി. ടൂറിസം, റിയല്‍ എസ്റ്റേറ്റ് മേഖലകളെയും ഈ സാഹചര്യം മോശമായി ബാധിച്ചു.
യു.എ.ഇയുടെ ഈ സൈനിക ഇടപെടല്‍ ഗള്‍ഫ് രാജ്യങ്ങള്‍ക്കിടയില്‍ വലിയ വിള്ളലുണ്ടാക്കി. യു.എ.ഇയുടെ ആക്രമണങ്ങള്‍ മേഖലയിലെ എണ്ണ വിപണിയെ തകിടം മറിക്കുമെന്നും ഇറാന്റെ പ്രത്യാക്രമണത്തിന് കാരണമാകുമെന്നും സൗദി അറേബ്യ അമേരിക്കയോട് പരാതിപ്പെട്ടു.
സൈനിക നീക്കത്തില്‍ പങ്കുചേരാന്‍ സൗദി വിസമ്മതിച്ചതില്‍ യു.എ.ഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദിന് സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാനോട് അതൃപ്തിയുണ്ടായതായും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു
ഫലസ്തീനിലെ ഇസ്രഈല്‍ നടപടികളും മേഖലയിലെ സംഘര്‍ഷങ്ങളും നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് ഈ റിപ്പോര്‍ട്ട് പുറത്തുവരുന്നത്.
Content Highlight: The United Arab Emirates (UAE) reportedly actively participated in the Israeli-US war against Iran.