| Thursday, 23rd April 2026, 6:49 pm

തെരഞ്ഞെടുപ്പ് കഴിഞ്ഞാലും പെട്രോള്‍ വില കൂട്ടില്ല; പ്രചരിക്കുന്ന വാര്‍ത്ത വ്യാജമെന്ന് പെട്രോളിയം മന്ത്രാലയം

ആദര്‍ശ് എം.കെ.

ന്യൂദല്‍ഹി: അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പിന് പിന്നാലെ രാജ്യത്ത് പെട്രോള്‍, ഡീസല്‍ വില വര്‍ധിക്കുമെന്ന തരത്തില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ തള്ളി കേന്ദ്ര പെട്രോളിയം മന്ത്രാലയം.

ഇത്തരത്തിലുള്ള റിപ്പോര്‍ട്ടുകള്‍ പൂര്‍ണ്ണമായും വ്യാജമാണെന്നും ഇന്ധനവില വര്‍ധിപ്പിക്കാനുള്ള യാതൊരു ആലോചനയും സര്‍ക്കാരിന്റെ പരിഗണനയിലില്ലെന്നും മന്ത്രാലയം വ്യക്തമാക്കി.

എക്‌സില്‍ പങ്കുവെച്ച പോസ്റ്റിലൂടെയാണ് മന്ത്രാലയത്തിന്റെ വിശദീകരണം.

ഇത്തരം വാര്‍ത്തകള്‍ ജനങ്ങള്‍ക്കിടയില്‍ ഭീതിയും പരിഭ്രാന്തിയും സൃഷ്ടിക്കാന്‍ ലക്ഷ്യമിട്ടുള്ളതും തെറ്റിദ്ധരിപ്പിക്കുന്നതുമാണെന്ന് മന്ത്രാലയം ചൂണ്ടിക്കാട്ടി.

ആഗോള വിപണിയില്‍ ക്രൂഡ് ഓയില്‍ വില വര്‍ധിക്കുന്ന സാഹചര്യത്തിലാണ്, ഇന്ത്യയില്‍ വോട്ടെടുപ്പ് അവസാനിച്ചാലുടന്‍ ഇന്ധനവില പരിഷ്‌കരിക്കുമെന്ന അഭ്യൂഹങ്ങള്‍ പ്രചരിച്ചത്.

കഴിഞ്ഞ നാല് വര്‍ഷത്തിനിടയില്‍ പെട്രോള്‍, ഡീസല്‍ വില വര്‍ധിപ്പിക്കാത്ത ഏക രാജ്യം ഇന്ത്യയാണെന്ന് മന്ത്രാലയം പോസ്റ്റില്‍ കുറിച്ചു.

അന്താരാഷ്ട്ര വിപണിയിലെ വിലവര്‍ധനയുടെ ആഘാതത്തില്‍ നിന്ന് പൗരന്മാരെ സംരക്ഷിക്കുന്നതിനായി ഇന്ത്യാ ഗവണ്‍മെന്റും പൊതുമേഖലാ എണ്ണക്കമ്പനികളും നിരന്തരമായ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്.

ക്രൂഡ് ഓയില്‍ വിലയിലെ ഏറ്റക്കുറച്ചിലുകള്‍ തങ്ങള്‍തന്നെ സഹിച്ച്, റീട്ടെയില്‍ വില മാറ്റമില്ലാതെ നിലനിര്‍ത്താന്‍ എണ്ണക്കമ്പനികള്‍ തയ്യാറായതായും സര്‍ക്കാര്‍ വ്യക്തമാക്കി.

സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്ന സ്ഥിരീകരിക്കാത്ത വിവരങ്ങളില്‍ വഞ്ചിതരാകരുതെന്നും കൃത്യമായ വിവരങ്ങള്‍ക്കായി ഔദ്യോഗിക സ്രോതസ്സുകളെ മാത്രം ആശ്രയിക്കണമെന്നും പൊതുജനങ്ങളോട് ആവശ്യപ്പെട്ടു.

നിലവില്‍ രാജ്യത്തുടനീളം ഇന്ധനവിലയില്‍ മാറ്റമില്ലാതെ തുടരുകയാണെന്ന് മന്ത്രാലയം വ്യക്തമാക്കി.

Content Highlight: The Union Petroleum Ministry has denied reports that fuel prices will increase in the country after the assembly elections.

ആദര്‍ശ് എം.കെ.

ഡൂള്‍ന്യൂസ് മള്‍ട്ടിമീഡിയ ജേര്‍ണലിസ്റ്റ്, കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more