ന്യൂദല്‍ഹി:കേന്ദ്ര ആഭ്യന്തര മന്ത്രാലയം സെന്‍സസ് ചട്ടങ്ങളില്‍ വരുത്തിയ ഭേദഗതികളിലൂടെ രാജ്യത്തെ പൗരരുടെ സ്വകാര്യ വിവരങ്ങളിലേക്ക് സംഘപരിവാറിന് നുഴഞ്ഞുകയറാനാവുമെന്ന് സി.പി.ഐ.എം ജനറല്‍ സെക്രട്ടറി എം.എ. ബേബി. കേന്ദ്ര ആഭ്യന്തര മന്ത്രാലയം സെന്‍സസ് ചട്ടങ്ങളില്‍ വരുത്തിയ ഭേദഗതികള്‍ ഒറ്റനോട്ടത്തില്‍ തോന്നുന്നതുപോലെ നിരുപദ്രവകരമല്ലെന്നും അദ്ദേഹം പ്രസ്താവനയില്‍ പറഞ്ഞു.
പുതിയ ഭേദഗതികള്‍ പ്രകാരം, സ്വകാര്യ സ്കൂള്‍ അധ്യാപകര്‍ക്കും, വിവിധ സ്ഥാപനങ്ങള്‍, സൊസൈറ്റികള്‍, ട്രസ്റ്റുകള്‍ എന്നിവയിലെ അംഗങ്ങള്‍ക്കും, അതത് സംസ്ഥാന സര്‍ക്കാരുകളോ കേന്ദ്രഭരണ പ്രദേശങ്ങളിലെ ഭരണകൂടങ്ങളോ അനുയോജ്യര്‍ എന്ന് കരുതുന്ന മറ്റേതൊരു വ്യക്തിക്കും സെന്‍സസ് വിവരശേഖരണ ചുമതല (എന്യൂമറേറ്റര്‍ റോള്‍) വഹിക്കാനാകും. ഇന്ത്യന്‍ പൗരന്മാരുടെ സ്വകാര്യ വിവരങ്ങളിലേക്ക് കടന്നുകയറാന്‍ സംഘപരിവാറിന് ഒരു പിന്‍വാതില്‍ പ്രവേശനം ഒരുക്കാനുള്ള വഴിയാണിതെന്ന് ബേബി ചൂണ്ടിക്കാട്ടി.
സെന്‍സസിന്റെ രണ്ടാം ഘട്ടത്തിനായി തയ്യാറാക്കിയ ചോദ്യാവലിയില്‍ ആധാര്‍, വോട്ടര്‍ ഐഡി, പാസ്പോര്‍ട്ട്, മൊബൈല്‍ നമ്പര്‍, ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍, മാതാപിതാക്കളുടെ മതം, ജനിച്ച സ്ഥലം തുടങ്ങിയ വ്യക്തിഗത വിവരങ്ങള്‍ ശേഖരിക്കാന്‍ നിര്‍ദേശിച്ചിട്ടുണ്ട്.
ഇത് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട്, സി.പി.ഐ.എമ്മിന് വേണ്ടി താന്‍ ഓഗസ്റ്റ് 24-ന് രജിസ്ട്രാര്‍ ജനറല്‍ ആന്‍ഡ് സെന്‍സസ് കമ്മീഷണര്‍ക്ക് ഒരു നിവേദനം നല്‍കിയിരുന്നു. സെന്‍സസ് വിവരങ്ങള്‍ മറ്റ് ഡാറ്റാബേസുകളുമായി ബന്ധിപ്പിക്കുന്നത് തടയാന്‍ കര്‍ശനമായ സുരക്ഷാ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തണമെന്നും അതില്‍ ആവശ്യപ്പെട്ടിരുന്നെന്നും ബേബി പറഞ്ഞു.
സെന്‍സസിന്റെ ലക്ഷ്യവുമായി ബന്ധമില്ലാത്ത വ്യക്തിഗത വിവരങ്ങള്‍ ശേഖരിക്കാന്‍ സംഘപരിവാര്‍ പ്രവര്‍ത്തകരെ നിയോഗിക്കുന്നത്, പൗരത്വം നിര്‍ണ്ണയിക്കുന്നതിനും തെരഞ്ഞെടുപ്പ് പ്രക്രിയയില്‍ നിന്ന് ആളുകളെ ഒഴിവാക്കുന്നതിനുമുള്ള ഒരു ആയുധമായി സെന്‍സസിനെ മാറ്റും. എന്‍.പി.ആര് നടപടികള്‍ക്കെതിരെ രാജ്യവ്യാപകമായി പ്രതിഷേധം നടക്കുന്നതിനിടയിലും മോദി സര്‍ക്കാര്‍ ഈ നീക്കവുമായി മുന്നോട്ട് പോകുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
പൊതുവികാരത്തോടും ഭരണഘടനാപരമായ മാനദണ്ഡങ്ങളോടുമുള്ള അവരുടെ കടുത്ത അവഗണനയാണ് കാണിക്കുന്നത്. ഇത് അനുവദിച്ചുകൂടാ. കൊണ്ടുവന്ന ഭേദഗതികള്‍ പിന്‍വലിക്കണമെന്നും ബേബി ആവശ്യപ്പെട്ടു.
സെന്‍സസ് രീതികളെക്കുറിച്ച് എല്ലാ രാഷ്ട്രീയ പാര്‍ട്ടികളുമായും ഉടന്‍ ചര്‍ച്ച നടത്തണം. മോദി – അമിത് ഷാ – മോഹന്‍ ഭാഗവത് കൂട്ടുകെട്ടിന്റെ കൈകളില്‍ സെന്‍സസ് എന്നത് എന്‍.പി.ആര് പോലെ മറ്റൊരു വിപത്തായി മാറാന്‍ അനുവദിക്കരുതെന്നും അദ്ദേഹം പറഞ്ഞു.
Content Highlight: The Union Home Ministry’s amendments to the Census Rules are not as innocuous as they might seem at first glance: MA Baby