| Monday, 23rd December 2019, 11:34 pm

റോഡരികില്‍ പഞ്ചര്‍ കടനടത്തുന്നവരെ പോലെ വിദ്യഭ്യാസമില്ലാത്തവരാണ് പൗരത്വ ഭേദഗതിക്കെതിരെ സമരം നടത്തുന്നത്; ബി.ജെ.പി എം.പി തേജസ്വി സൂര്യ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ബെംഗളൂരു: റോഡരികില്‍ പഞ്ചര്‍ കട നടത്തുന്നവരെ പോലെ വിദ്യാഭ്യാസമില്ലാത്തവരാണ് പൗരത്വ ഭേദഗതി നിയമത്തെക്കുറിച്ച് ഒന്നുമറിയാതെ രാജ്യത്ത് പ്രതിഷേധം നടത്തുന്നതെന്ന് ബി.ജെ.പി എം.പി തേജസ്വി സൂര്യ.

ബെംഗളൂരു സൗത്തില്‍ നിന്നുള്ള എം.പിയായ തേജസ്വി സൂര്യയുടെ പ്രസ്താവനയ്ക്ക് എതിരെ വ്യാപക പ്രതിഷേധങ്ങളാണ് ഉയരുന്നത്. പൗരത്വ ഭേദഗതി നിയമത്തിനെ അനുകൂലിച്ച് നടത്തിയ റാലിയിലായിരുന്നു തേജസ്വിയുടെ പ്രസ്താവന.

‘ബാംഗ്ലൂരിലെ ഐ.ടി മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവര്‍, അഭിഭാഷകര്‍, വികസനത്തിന് സംഭാവന ചെയ്യുന്നവര്‍. പതിവ് ദൈനംദിന തൊഴിലാളികള്‍, റിക്ഷാ ഡ്രൈവര്‍മാര്‍ എല്ലാവരും ഈ റാലിയില്‍ ഒരുമിച്ച് നില്‍ക്കുന്നു. എന്നാല്‍ ഈ നിരക്ഷരര്‍ ആണ് ഇതിന് എതിരെ നിക്കുന്നത്. നിങ്ങള്‍ അവരുടെ നെഞ്ച് മുറിക്കുകയാണെങ്കില്‍, അവയ്ക്കുള്ളില്‍ രണ്ട് വാക്കുകള്‍ പോലും കണ്ടെത്താന്‍ കഴിയില്ല – പഞ്ചര്‍ ഒട്ടിക്കുന്നവരെ പോലെ അവര്‍ ഈ നിയമത്തെ എതിര്‍ക്കുന്നവര്‍ മാത്രമാണ്,’ എന്നായിരുന്നു തേജസ്വിയുടെ പരാമര്‍ശം.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

ട്വിറ്ററിലടക്കം വ്യാപക പ്രതിഷേധമാണ് തേജസ്വിക്ക് എതിരെ ഉയരുന്നത്. അതേസമയം തിരുവനന്തപുരത്ത് ക്ഷേത്ര ദര്‍ശനത്തിന് എത്തിയ കര്‍ണാടക മുഖ്യമന്ത്രി ബി.എസ് യെദ്യൂരപ്പയ്ക്ക് എതിരെ യൂത്ത് കേണ്‍ഗ്രസ്, കെ.എസ്.യു പ്രവര്‍ത്തകര്‍ രംഗത്ത് എത്തി.

അരിസ്റ്റോ ജംഗ്ഷനിലാണ് പ്രതിഷേധം നടന്നത്. മുദ്രാവാക്യം വിളിച്ച് പ്രതിഷേധിച്ച പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി.പതിനേഴ് കെ.എസ്.യു, യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെയാണ് പൊലീസ് കസ്റ്റഡിയില്‍ എടുത്തത്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

യെദ്യൂരപ്പ ദര്‍ശനം നടത്തി തിരിച്ച് പോകുന്നതു വരെ സ്ഥലത്ത് കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്.

DoolNews Video

We use cookies to give you the best possible experience. Learn more