| Monday, 2nd March 2026, 8:32 am

പ്രത്യാക്രമണത്തിന് അമേരിക്കയ്ക്ക് ബ്രിട്ടണിന്റെ താവളങ്ങള്‍ ഉപയോഗിക്കാമെന്ന് സ്റ്റാര്‍മര്‍; പിന്നാലെ ബ്രിട്ടീഷ് എയര്‍ബേസിന് നേരെ ആക്രമണം

ആദര്‍ശ് എം.കെ.

ലണ്ടന്‍: ഇറാനിലെ മിസൈല്‍ വിക്ഷേപണ കേന്ദ്രങ്ങളില്‍ പ്രതിരോധത്തിന്റെ ഭാഗമായുള്ള പ്രത്യാക്രമണങ്ങള്‍ക്ക് അമേരിക്കയ്ക്ക് തങ്ങളുടെ സൈനിക താവളങ്ങള്‍ ഉപയോഗിക്കാനുള്ള അനുമതി നല്‍കുമെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി കെയര്‍ സ്റ്റാര്‍മര്‍.

ഇറാന്റെ നടപടികള്‍ കൂടുതല്‍ അപകടകരമാകുന്നുവെന്നും മേഖലയിലുള്ള ഏകദേശം രണ്ട് ലക്ഷത്തോളം ബ്രിട്ടീഷ് പൗരന്മാരുടെ ജീവന്‍ അപകടത്തിലാണെന്നും ചൂണ്ടിക്കാട്ടിയാണ് ബ്രിട്ടണിന്റെ ഈ നിര്‍ണായക തീരുമാനം.

‘പരിമിതമായ പ്രത്യേക പ്രതിരോധങ്ങള്‍ക്കായി ബ്രിട്ടീഷ് ബേസുകള്‍ ഉപയോഗിക്കാന്‍ അമേരിക്ക അനുമതി തേടിയിട്ടുണ്ട്. ഈ ആവശ്യം അംഗീകരിക്കാന്‍ ബ്രിട്ടണ്‍ തീരുമാനിച്ചു.

കെയര്‍ സ്റ്റാര്‍മര്‍

മേഖലയിലുടനീളം മിസൈലുകള്‍ വര്‍ഷിക്കുന്നത് തടയുന്നതിനും നിരവധി നിരപരാധികളായ പൗരന്‍മാരെ കൊലപ്പെടുത്തുന്നതിനും ബ്രിട്ടീഷ് പൗരന്‍മാരുടെ ജീവന്‍ അപകടത്തിലാക്കുന്നതിനും യുദ്ധത്തിന്റെ ഭാഗമല്ലാത്ത രാജ്യങ്ങളെ ആക്രമിക്കുന്നത് തടയുന്നതിനുമായാണ് ഈ അപേക്ഷ സ്വീകരിക്കാന്‍ ഞങ്ങള്‍ തയ്യാറായിരിക്കുന്നത്,’ സ്റ്റാര്‍മര്‍ പറഞ്ഞു.

ബ്രിട്ടീഷ് താത്പര്യങ്ങള്‍ക്ക് വിരുദ്ധമാണ് ഇറാന്റെ പ്രവര്‍ത്തികളെന്നും സ്റ്റാര്‍മര്‍ കൂട്ടിച്ചേര്‍ത്തു.

ഇറാന്‍ തങ്ങളുടെ മിസൈലുകള്‍ വിക്ഷേപിക്കുന്നതിന് മുന്‍പ് തന്നെ അവയുടെ ഉറവിടങ്ങള്‍ (ലോഞ്ചറുകള്‍, സംഭരണ കേന്ദ്രങ്ങള്‍) തകര്‍ക്കുക എന്നതാണ് ഈ നീക്കത്തിന്റെ ലക്ഷ്യം. ഇതിനായി ഇന്ത്യന്‍ മഹാസമുദ്രത്തിലെ ഡീഗോ ഗാര്‍ഷ്യ, സൈപ്രസിലെ അക്രോതിരി തുടങ്ങിയ പ്രധാന സൈനിക താവളങ്ങള്‍ യു.എസ് ഉപയോഗിച്ചേക്കാം.

പ്രധാനമന്ത്രിയുടെ പ്രഖ്യാപനം വന്ന് മണിക്കൂറുകള്‍ക്കകം സൈപ്രസിലെ ബ്രിട്ടീഷ് വ്യോമസേനാ താവളമായ അക്രോതിരിക്ക് നേരെ ഡ്രോണ്‍ ആക്രമണം ഉണ്ടായി. ആക്രമണത്തില്‍ നിസ്സാര നാശനഷ്ടങ്ങള്‍ മാത്രമാണ് സംഭവിച്ചതെന്നും ആര്‍ക്കും പരിക്കില്ലെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

തങ്ങളുടെ ഷാഹെദ് I36 – കാമികാസെ ഡ്രോണുകള്‍ ഉപയോഗിച്ച് ഡീഗോ ഗാര്‍ഷ്യയെ ആക്രമിക്കാനും ഇറാന് സാധിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഈ പ്രദേശത്ത് 4,000-ഓളം ആളുകള്‍ താമസിക്കുന്നുണ്ട്. യു.എസ്. സൈനികവിഭാഗമാണ് അധികവും.

പ്രാദേശിക സഖ്യകക്ഷികളുടെ കളക്ടീവ് സെല്‍ഫ് ഡിഫന്‍സ് മുന്‍നിര്‍ത്തിയാണ് ഈ നടപടിയെന്ന് ബ്രിട്ടീഷ് സര്‍ക്കാര്‍ അറിയിച്ചു. നിലവില്‍ ബ്രിട്ടീഷ് യുദ്ധവിമാനങ്ങള്‍ ആകാശത്ത് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി വിന്യസിച്ചിട്ടുണ്ടെന്നും ഇറാന്റെ ചില ആക്രമണങ്ങള്‍ തടഞ്ഞുവെന്നും സ്റ്റാര്‍മര്‍ പറഞ്ഞു.

കെയര്‍ സ്റ്റാര്‍മറുടെ ഈ തീരുമാനത്തിനെതിരെ വലിയ പ്രതിഷേധം ബ്രിട്ടണില്‍ നിന്നും ഉയരുന്നുണ്ട്. ഈ നീക്കം ബ്രിട്ടനെ മറ്റൊരു വലിയ യുദ്ധത്തിലേക്ക് നയിക്കുമെന്നാണ് ലിബറല്‍ ഡെമോക്രാറ്റുകളും ഗ്രീന്‍ പാര്‍ട്ടിയും മുന്നറിയിപ്പ് നല്‍കുന്നത്.

യു.എസ് നടത്തുന്നത് അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണെന്നും ഈ വിഷയത്തില്‍ പാര്‍ലമെന്റില്‍ വോട്ടെടുപ്പ് വേണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു.

അതേസമയം, കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയും റിഫോം യു.കെയും അമേരിക്കയ്ക്ക് കൂടുതല്‍ പിന്തുണ നല്‍കണമെന്ന അഭിപ്രായക്കാരാണ്. ഇക്കാര്യം അവര്‍ നേരത്തെ തന്നെ ആവശ്യപ്പെടുകയും ചെയ്തിരുന്നു.

ഇറാനിലെ മിസൈല്‍ ഭീഷണി ഇല്ലാതാക്കാന്‍ സൈനിക നടപടി അനിവാര്യമാണെന്ന് ബ്രിട്ടണ്‍ നിലപാടെടുക്കുമ്പോഴും, ഇത് മേഖലയില്‍ കൂടുതല്‍ സംഘര്‍ഷങ്ങള്‍ക്ക് വഴിതെളിക്കുമെന്ന ആശങ്ക ശക്തമാണ്.

സൈപ്രസിലെ താവളത്തിന് നേരെയുണ്ടായ ആക്രമണം വരാനിരിക്കുന്ന വലിയ പോരാട്ടങ്ങളുടെ സൂചനയായാണ് വിദഗ്ധര്‍ കാണുന്നത്.

Content Highlight: The UK will allow the US to use British bases for defensive strikes against Iran.

ആദര്‍ശ് എം.കെ.

ഡൂള്‍ന്യൂസ് മള്‍ട്ടിമീഡിയ ജേര്‍ണലിസ്റ്റ്, കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more