പാലക്കാട്: മണ്ണാര്‍ക്കാട് കുമരംപുത്തൂര്‍ പഞ്ചായത്തില്‍ കുട്ടികള്‍ക്കായുള്ള പോളിയോ മൃഗാശുപത്രിയില്‍ നടത്തിയതിന് പ്രതിഷേധവുമായി യു.ഡി.എഫ്. എല്‍.ഡി.എഫ് ഭരിക്കുന്ന പഞ്ചായത്തിലെ 11, 12, 13, 14, 15 എന്നീ വാര്‍ഡുകളിലുള്ള അഞ്ച് വയസിന് താഴെയുള്ള കുട്ടികള്‍ക്കുള്ള പള്‍സ് പോളിയോ മൃഗാശുപത്രിയില്‍ വെച്ച് നല്‍കിയതിലാണ് യു.ഡി.എഫ് പരാതിപ്പെട്ടത്. പ്രതിഷേധത്തിന് പിന്നാലെ മൃഗാശുപത്രിയില്‍ നിന്ന് പോളിയോ അംഗനവാടിയിലേക്ക് മാറ്റിയതായി റിപ്പോര്‍ട്ടര്‍ ടി.വി. റിപ്പോര്‍ട്ട് ചെയ്തു.
കഴിഞ്ഞ 20ാം തിയതി പഞ്ചായത്തില്‍ നടന്ന ചര്‍ച്ചയില്‍ പോളിയോ ഹെല്‍ത്ത് സെന്ററില്‍ വെച്ച് നടത്താന്‍ തീരുമാനമായിരുന്നു. എന്നാല്‍ ഇന്ന് രാവിലെ മൃഗാശുപത്രിയില്‍ വെച്ച് പോളിയോ നല്‍കുകയായിരുന്നു എന്നാണ് യു.ഡി.എഫ് ആരോപിക്കുന്നത്. തുടര്‍ന്ന് യു.ഡി.എഫ് പ്രതിഷേധവുമായി എത്തുകയും പിന്നാലെ വന്ന എല്‍.ഡി.എഫ് പ്രവര്‍ത്തകരുമായി വാക്കേറ്റവും ഉന്തും തള്ളും ഉണ്ടാകുകയും ചെയ്തു. പൊലീസ് എത്തിയതോടെയാണ് തര്‍ക്കം പരിഹരിച്ച് പോളിയോ വിതരണം സമീപത്തുള്ള അംഗനവാടിയിലേക്ക് മാറ്റിയതും.
പട്ടികളെയും പൂച്ചകളേയും പരിചരിക്കുന്ന സ്ഥലത്താണോ കുട്ടികള്‍ക്ക് പോളിയോ നല്‍കുന്നതെന്ന് യു.ഡി.എഫ് ചോദ്യമുയര്‍ത്തിയാണ് പ്രതിഷേധം സംഘടിപ്പിച്ചത്.
എന്നാല്‍ ചില കോടതി വ്യവഹാരങ്ങള്‍ നിലനില്‍ക്കുന്നതിനാലാണ് പോളിയോ ഹെല്‍ത് സെന്ററില്‍ നിന്ന് ഒഴുവാക്കിയതെന്നാണ് പഞ്ചായത്ത് നല്കുന്ന വിശദീകരണം. മാത്രമല്ല മൃഗാശുപത്രിയില്‍ നിന്ന് ഇത്തരത്തില്‍ പോളിയോ വിതരണം നടത്താറുണ്ടെന്നും പഞ്ചായത്ത് പറഞ്ഞു.
കുട്ടികള്‍ക്കുള്ള പോളിയോ മൃഗാശുപത്രിയില്‍ നടത്താന്‍ ഒരുതരത്തിലും അനുവദിക്കില്ലെന്നും ഈ വിഷയം ഇനി ശ്രദ്ധയില്‍ പെട്ടാല്‍ ശക്തമായ പ്രക്ഷോഭം നടത്തുമെന്നും യു.ഡി.എഫ് പ്രവര്‍ത്തകര്‍ വ്യക്തമാക്കി.
Content Highlight: The UDF has protested against the administration of polio drops to children at a veterinary hospital in Kumaramputhur Panchayat, Mannarkkad