പാലക്കാട്: ദൽഹിയിൽ എസ്.എഫ്.ഐ അഖിലേന്ത്യാ പ്രസിഡന്റ് ആദർശ് എം. സജി, ജെയ്ക് സി. തോമസ്, ജോൺ ബ്രിട്ടാസ് എം.പി എന്നിവർക്കുനേരെയുണ്ടായ പൊലീസ് അതിക്രമത്തിൽ പ്രതിഷേധിച്ച് സംസ്ഥാനവ്യാപകമായി നടത്തിയ മാർച്ചിൽ വിദ്യാർത്ഥികളെ തല്ലിച്ചതയ്ക്കാൻ മദ്യം നൽകിയാണ് കേരള പൊലീസിനെ യു.ഡി.എഫ് സർക്കാർ രംഗത്തിറക്കിയതെന്ന് എസ്.എഫ്.ഐ സംസ്ഥാന പ്രസിഡന്റ് എം. ശിവപ്രസാദ്.
സംസ്ഥാനത്തെ മുഴുവൻ ജില്ലാ കേന്ദ്രങ്ങളിലും ഭരണഘടനാപരമായ അവകാശം വിനിയോഗിച്ച് സമാധാനപരമായാണ് സമരം സംഘടിപ്പിച്ചത്. എന്നാൽ പാലക്കാട് റെയിൽവേ സ്റ്റേഷനിലേക്ക് നടത്തിയ പ്രതിഷേധത്തിൽ യാതൊരു പ്രകോപനവുമില്ലാതെ പൊലീസ് മൃഗീയമായി അക്രമം അഴിച്ചുവിടുകയായിരുന്നുവെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
ദൽഹിയിൽ വിദ്യാർത്ഥികൾ ജനാധിപത്യ അവകാശങ്ങൾക്ക് വേണ്ടി സമരം ചെയ്യുമ്പോൾ പൊലീസ് തല്ലിച്ചതച്ചപ്പോഴും തിരിച്ച് ആക്രമിക്കുന്ന നിലപാട് എസ്.എഫ്.ഐ സ്വീകരിച്ചിട്ടില്ല. അതേ മാതൃകയിലാണ് കേരളത്തിലും സമരം നടത്തിയത്. റെയിൽവേ സ്റ്റേഷനിലേക്ക് മാർച്ച് നടത്തി സംഘപരിവാറിനെതിരായ രാഷ്ട്രീയം പറഞ്ഞ് മുദ്രാവാക്യം വിളിച്ച് യോഗം അവസാനിപ്പിക്കുമെന്ന് പൊലീസിനോട് മുൻകൂട്ടി വ്യക്തമാക്കിയതാണ്. എന്നിട്ടും സമരവേദിയിലേക്ക് കടത്തിവിടാതെ തടയുകയായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
ദൽഹിയിൽ പ്രക്ഷോഭകരെ ജന്തർ മന്തറിലേക്ക് കടത്തിവിടാതെ തടയുന്ന ദൽഹി പൊലീസിന്റെ അതേ മാതൃകയിൽ നീങ്ങാൻ കേരള പൊലീസിന് ആരാണ് നിർദേശം നൽകിയതെന്ന് ശിവപ്രസാദ് ചോദിച്ചു.
വിദ്യാർത്ഥികളെ ക്രൂരമായി തല്ലിച്ചതയ്ക്കണമെന്ന മുൻകൂട്ടിയുള്ള തീരുമാനത്തോടെയാണ് പൊലീസ് പ്രകോപനം സൃഷ്ടിച്ചത്. എസ്.എഫ്.ഐ സംസ്ഥാന പ്രസിഡന്റ് ഉൾപ്പെടെയുള്ള ഭാരവാഹികളെയും ജില്ലാ നേതാക്കളെയും സെക്രട്ടേറിയറ്റ് അംഗങ്ങളെയും വലിച്ചിഴയ്ക്കുകയും ലാത്തിച്ചാർജ് നടത്തുകയും ചെയ്തു. ഇതിനിടയിലാണ് കേരളം ഗൗരവമായി ചർച്ച ചെയ്യേണ്ട ദൃശ്യങ്ങൾ പുറത്തുവന്നത് എന്ന് പറഞ്ഞുകൊണ്ടാണ് എം.ശിവപ്രസാദ് വീഡിയോ ദൃശ്യങ്ങൾ മാധ്യമങ്ങളെ കാണിച്ചത്.
ഷഹാസ് എന്ന പൊലീസ് ഉദ്യോഗസ്ഥൻ മദ്യലഹരിയിൽ തള്ളിമാറ്റിയത് എസ്.എഫ്.ഐക്കാരെയല്ല, മറിച്ച് സ്പെഷ്യൽ ബ്രാഞ്ച് പൊലീസുകാരനെയാണ്. മാധ്യമപ്രവർത്തകരും പ്രവർത്തകരും ഇത് ചൂണ്ടിക്കാണിച്ചപ്പോൾ മദ്യപിച്ചെത്തിയ ഉദ്യോഗസ്ഥനെതിരെ നടപടിയെടുക്കാതെ തള്ളക്കോഴി കുഞ്ഞുങ്ങളെ ചിറകിനടിയിൽ ഒതുക്കുന്നതുപോലെ സംരക്ഷിച്ച് ജീപ്പിൽ കയറ്റി രക്ഷപ്പെടുത്താനാണ് ഉന്നത പൊലീസ് ഉദ്യോഗസ്ഥർ ശ്രമിച്ചത്. പരിക്കേറ്റതുകൊണ്ടല്ല ഇയാളെ ആശുപത്രിയിലേക്ക് കൊണ്ടുപോയതെന്നും, മദ്യത്തിന്റെ അതികഠിനമായ ഗന്ധം അവിടെയുണ്ടായിരുന്നുവെന്നും വിപിൻ ഉൾപ്പെടെയുള്ള നേതാക്കൾ അത് ചൂണ്ടിക്കാണിച്ചിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ഇത്തരം ഗുരുതരമായ കൃത്യത്തിന് ജില്ലാ നേതൃത്വം എസ്.പിക്ക് പരാതി നൽകി 12 മണിക്കൂർ കഴിഞ്ഞിട്ടും നടപടി ഉണ്ടായിട്ടില്ല. ഇത് തെളിയിക്കുന്നത് വിദ്യാർത്ഥികളെ തല്ലാൻ മദ്യം നൽകിയാണ് കേരള പൊലീസ് ഉദ്യോഗസ്ഥരെ യു.ഡി.എഫ് ഗവൺമെന്റ് ഇറക്കിയിരിക്കുന്നതെങ്ങ് ശിവപ്രസാദ് വിമർശിച്ചു.
ഒപ്പം, യൂണിഫോമിന്റെ അന്തസ്സിന് വിരുദ്ധമായി ഇടിവള ധരിച്ചാണ് ഈ പൊലീസുകാരൻ എത്തിയത്. ആ ഇടിവള ഉപയോഗിച്ച് സമരത്തിനെത്തിയ വിദ്യാർത്ഥിനികളെയും എസ്.എഫ്.ഐ ജില്ലാ സെക്രട്ടറിയെയും സംസ്ഥാന സെക്രട്ടേറിയറ്റ് അംഗത്തെയും ഉൾപ്പെടെ ഇടിക്കുകയാണുണ്ടായത്. യു.ഡി.എഫ് അധികാരത്തിൽ വന്നതിന് ശേഷം കേരള പൊലീസിന് ഇടിവള മാൻഡേറ്ററി ആക്കിയിട്ടുണ്ടോയെന്നും പെൺകുട്ടികളെ ഇടിവളയിട്ട് ഇടിക്കാൻ അനുവാദം നൽകിയിട്ടുണ്ടോയെന്നും സർക്കാർ വ്യക്തമാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
തിരുവനന്തപുരത്ത് യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ കടന്നുകയറി വിദ്യാർത്ഥികളെ തല്ലിച്ചതച്ച എസ്.ഐ ഗോകുലിന്റെയും സി.ഐ സതീഷ് കുമാറിന്റെയുമൊക്കെ രക്തം പരിശോധിച്ചാൽ പാലക്കാട്ടെ ഉദ്യോഗസ്ഥനേക്കാൾ വീര്യം കൂടിയ സാധനം കണ്ടെത്താനാകുമെന്നും അദ്ദേഹം പറഞ്ഞു.
ഈ മർദ്ദന വിവരങ്ങൾ ദൽഹി പൊലീസ് അറിയാതിരിക്കട്ടെ, അറിഞ്ഞാൽ കേരള പൊലീസിന്റെ ഇതേ മാതൃക ദൽഹി പോലീസും അനുകരിച്ചേക്കാം. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെ പുറത്താക്കണമെന്നാവശ്യപ്പെട്ട് നിയമസഭയിൽ സംയുക്ത പ്രമേയം കൊണ്ടുവരുമ്പോൾ, അതേ വിഷയത്തിൽ പ്രതിഷേധിച്ച വിദ്യാർത്ഥികളെ എന്തിനാണ് ഇടിവളയിട്ടും മദ്യം നൽകിയും തല്ലിച്ചതച്ചതെന്ന് മുഖ്യമന്ത്രിയും ആഭ്യന്തര മന്ത്രിയും വ്യക്തമാക്കണമെന്ന് ശിവപ്രസാദ് ആവശ്യപ്പെട്ടു.
ദൽഹിയിൽ രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ പ്രതിപക്ഷം ജനാധിപത്യത്തിനായി പ്രക്ഷോഭം നയിക്കുമ്പോൾ, കേരളത്തിലെ വിദ്യാർത്ഥി സമരങ്ങളെ അടിച്ചമർത്താൻ പൊലീസിന് മദ്യം നൽകി ഇറക്കുന്ന സമീപനവുമായി പോകുന്ന കോൺഗ്രസ് നേതൃത്വത്തിന് ദൽഹിയിൽ ചെന്ന് തലകുനിക്കേണ്ടി വരുമെന്ന് അദ്ദേഹം പറഞ്ഞു.
ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയ്ക്ക് കസേര മാത്രമാണോ കിട്ടിയത് അതോ അധികാരമുണ്ടോ എന്ന് വ്യക്തമാക്കണം. വി.ഡി. സതീശനും ചില നേതാക്കളും പൊലീസിനെ നിയന്ത്രിക്കുന്ന അരാജകാവസ്ഥയാണ് സംസ്ഥാനത്തുള്ളത്. സംഘപരിവാറിന്റെ അതേ അരാജകത്വ നയമാണ് കേരളത്തിലെ യു.ഡി.എഫ് സർക്കാരും പിന്തുടരുന്നത്. മദ്യപിച്ച് അക്രമം കാട്ടിയ ഉദ്യോഗസ്ഥർക്കെതിരെ ആഭ്യന്തര വകുപ്പ് അടിയന്തര നടപടി സ്വീകരിക്കണമെന്നും എം. ശിവപ്രസാദ് ആവശ്യപ്പെട്ടു.
Content Highlight:The UDF government deployed the police to tackle the student agitation after supplying them with liquor and knuckle-dusters: M. Sivaprasad.