| Thursday, 16th October 2025, 7:25 pm

സനാധന ധർമം, താജ്മഹലിന്റെ അടിയിൽ എന്ത്? ക്ഷേത്രമോ ശവകുടീരമോ; ദി താജ് സ്റ്റോറിയുടെ ട്രെയ്‌ലർ പുറത്തിറങ്ങി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

കശ്മീർ ഫയൽസ്, കേരള സ്റ്റോറി എന്നീ സിനിമകളിലെ പ്രൊപഗണ്ട എല്ലാവരും കണ്ടതാണ്. ചിത്രങ്ങളെ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രൊമോട്ട് ചെയ്തതും ദേശീയ അവാർഡ് വേദിയിൽ ഈ ചിത്രങ്ങളെ പ്രത്യേകം പരിഗണിച്ചതും വലിയ വാർത്തയായിരുന്നു. ഈ ലിസ്റ്റിലേക്കുള്ള അടുത്ത ചിത്രമാണ് ദി താജ് സ്റ്റോറി.

ഫസ്റ്റ് ലുക്ക് പോസ്റ്റർ വന്നപ്പോൾ മുതൽ വാർത്തയിൽ ഇടം പിടിച്ച ചിത്രമാണ് ദി താജ് സ്റ്റോറി. തുഷാർ അമിത് ഗോയൽ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ പരേഷ് റാവലാണ് പ്രധാനവേഷം കൈകാര്യം ചെയ്യുന്നത്. താജ് മഹലിനെക്കുറിച്ച് ആർക്കും അറിയാത്ത കഥ എന്ന ടാഗ്ലൈനാണ് ചിത്രത്തിന് നൽകിയിരിക്കുന്നത്.

ചിത്രത്തിന്റെ ട്രെയ്‌ലർ പുറത്ത് വന്നു. താജ്മഹലിന്റെ ഗൈഡായിട്ടാണ് ചിത്രത്തിൽ പരേഷ് റാവൽ അഭിനയിക്കുന്നത്. ഗൈഡ് തന്നെ താജ്മഹലിന് എതിരെ നിയമപോരാട്ടത്തിന് ഇറങ്ങുന്നതാണ് ചിത്രത്തിന്റെ ഇതിവൃത്തം.

താജ്മഹലിന്റെ അടിയിൽ എന്താണെന്നും ഇത് ക്ഷേത്രമാണോ അതോ ശവകുടീരമാണോ എന്നും ട്രെയ്‌ലറിൽ ചോദിക്കുന്നുണ്ട്. സനാധന ധർമത്തെക്കുറിച്ചും ചിത്രം സംസാരിക്കുന്നുണ്ട്.

ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഇറങ്ങിയപ്പോൾ മുതൽ വിമർശനമുയർന്ന ചിത്രത്തിന്റെ ട്രെയ്‌ലർ പുറത്തിറങ്ങിയപ്പോൾ രൂക്ഷമായി. അടുത്ത പ്രൊപഗണ്ട ചിത്രമാണോ എന്ന തരത്തിലുള്ള കമന്റുകൾ ചിത്രത്തിന് വരുന്നുണ്ട്. സംവിധാനം നരേന്ദ്ര മോദി, അസിസ്റ്റന്റ് ഡയറക്ടർ അമിത് ഷാ, സ്‌ക്രിപ്റ്റ് യോഗി ആദിത്യനാഥ് എന്നാണ് ഒരാൾ കമന്റിട്ടത്. ട്രെയ്‌ലറിലെ അക്ഷരത്തെറ്റും ചർച്ചയാകുന്നുണ്ട്. Anti – National എന്നതിന് പകരം Auty National എന്നാണ് ട്രെയ്‌ലറിലെ പോസ്റ്ററിൽ എഴുതിയിരിക്കുന്നത്.

താജ് മഹലിന്റെ മിനാരം ഇളക്കിയെടുക്കുന്ന പരേഷ് റാവലും ഉള്ളിൽ നിന്ന് ഉയർന്നുവരുന്ന ദൈവത്തിന്റെ രൂപവുമാണ് ഫസ്റ്റ് ലുക്ക് പോസ്റ്ററിൽ. കഴിഞ്ഞ 10 വർഷത്തിനിടയിൽ സംഘപരിവാർ അനുകൂല സംഘടനകൾ താജ് മഹലിൽ ഉന്നയിക്കുന്ന അവകാശവാദങ്ങളെ സപ്പോർട്ട് ചെയ്യുന്ന ചിത്രമാകും ദി താജ് സ്റ്റോറിയെന്ന് ട്രെയ്‌ലറോടെ വ്യക്തമായിരിക്കുകയാണ്.

ഈ വർഷത്തെ ഏറ്റവും വലിയ വിജയങ്ങളിലൊന്നായ ഛാവയുടെ റിലീസിന് പിന്നാലെ മഹാരാഷ്ട്രയിൽ വലിയ കോളിളക്കങ്ങളുണ്ടാക്കിയിരുന്നു. ഔറംഗസേബിന്റെ ക്രൂരതകളാണെന്ന തരത്തിൽ പ്രചരണം നടത്തിയ ഛാവ ഹിറ്റായതിന് പിന്നാലെ മഹാരാഷ്ട്രയിലെ ഔറംഗസേബിന്റെ കല്ലറ പൊളിക്കണമെന്ന് ആവശ്യപ്പെടുകയും ദൽഹിയിലെ ഔറംഗസേബ് റോഡിന്റെ പേര് മാറ്റാൻ ശ്രമിക്കുകയും ചെയ്തിരുന്നു.

Content Highlight: The trailer of The Taj Story film is out

We use cookies to give you the best possible experience. Learn more