| Saturday, 15th November 2025, 9:11 pm

ആകാംക്ഷയുടെ മുള്‍മുനയില്‍,സന്ദീപ് നായകനായെത്തുന്ന 'എക്കോ'യുടെ ട്രെയ്‌ലര്‍ പുറത്ത്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

കിഷ്‌കിന്ധാ കാണ്ഡത്തിന് ശേഷം ദിന്‍ജിത്ത് അയ്യത്താന്‍ സംവിധാനം ചെയ്യുന്ന എക്കോയുടെ ട്രെയ്‌ലര്‍ പുറത്ത്. സന്ദീപ് പ്രദീപാണ് സിനിമയില്‍ നായക വേഷത്തിലെത്തുന്നത്. അനൗണ്‍സ്‌മെന്റ് മുതല്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രത്തിന്റെ ട്രെയ്‌ലറാണ് ഇപ്പോള്‍ അണിയറപ്രവര്‍ത്തകര്‍ പുറത്ത് വിട്ടിരിക്കുന്നത്. ചിത്രത്തിന്റെ ടീസര്‍ കഴിഞ്ഞ ദിവസം റിലീസ് ചെയ്തിരുന്നു. ഈ മാസം 21ന് സിനിമ തിയേറ്ററുകൡലെത്തും.

കിഷ്‌കിന്ധാ കാണ്ഡം, കേരള ക്രൈം ഫയല്‍സ് സീസണ്‍ 2 എന്നിവക്ക് ശേഷം ആനിമല്‍ ട്രിലജിയില്‍ വരുന്ന അവസാന ചിത്രമാണ് ‘എക്കോ’. പരസ്പരം ബന്ധമില്ലാത്ത മൂന്ന് വ്യത്യസ്ത കഥകളാണ് ഈ ട്രിലജിയില്‍ ഉള്ളതെങ്കിലും, കഥാഗതിയില്‍ മൃഗങ്ങളുടെ സ്വാധീനം ഉണ്ട്. കിഷ്‌കിന്ധാ കാണ്ഡത്തിലൂടെ ശ്രദ്ധേയനായ ബാഹുല്‍ രമേശ് തന്നെയാണ് എക്കോയുടെ തിരക്കഥയും ക്യാമറയും കൈകാര്യം ചെയ്യുന്നത്.

കിഷ്‌കിന്ധാ കാണ്ഡം പോലെ ഏറെ നിഗൂഢൂത നിറഞ്ഞ ചിത്രമാകും എക്കോയെന്ന് ട്രെയ്‌ലര്‍ സൂചന നല്‍കുന്നുണ്ട്. ചിത്രത്തിന്റെ ടീസറും ഫസ്റ്റ് ലുക്ക് പോസ്റ്ററും നല്‍കിയ അതേ ആകാംഷ ട്രെയ്‌ലറും നല്‍കുന്നുണ്ടെന്ന് നിസംശയം പറയാം. ഇടുക്കിയുടെ ഭംഗി ഒപ്പിയെടുക്കുന്ന ബാഹുല്‍ രമേശിന്റെ ഫ്രെയ്മുകള്‍ ട്രെയ്‌ലറില്‍ ഉടനീളം കാണാം.

പടക്കളം എന്ന സൂപ്പര്‍ ഹിറ്റിന് ശേഷം സന്ദീപ് പ്രദീപ് നായകനായി എത്തുന്ന ചിത്രത്തെ കുറിച്ച് വലിയ പ്രതീഷകളാണ് സിനിമാ ലോകത്തിന്. മികച്ച വിഷ്വല്‍ ട്രീറ്റ് തന്നെയാകും സിനിമ സമ്മാനിക്കുക. ആരാധ്യ സ്റ്റുഡിയോസിന്റെ ബാനറില്‍ എം.ആര്‍.കെ ജയറാമാണ് എക്കോ നിര്‍മിക്കുന്നത്. കിഷ്‌കിന്ധ കാണ്ഡത്തിന്റെ സംഗീത സംവിധായകന്‍ മുജീബ് മജീദും എക്കോയില്‍ ഉണ്ട്.

സൂരജ് ഇ.എസ് ആണ് ചിത്രത്തിന്റെ എഡിറ്റിങ്ങ് നിര്‍വഹിക്കുന്നത്. ഐക്കണ്‍ സിനിമാസ് ആണ് ഡിസ്ട്രിബ്യൂഷന്‍. മിസ്ട്രി ത്രില്ലറായി ഒരുങ്ങുന്ന ചിത്രത്തില്‍ സന്ദീപ് പ്രദീപിന് പുറമെ വിനീത്, നരേന്‍, ബിനു പപ്പു, ബിയാന മോമിന്‍ എന്നിവരും പ്രധാനവേഷങ്ങളിലെത്തുന്നുണ്ട്.

Content highlight: The trailer of the movie Eko is out

We use cookies to give you the best possible experience. Learn more