| Thursday, 6th November 2025, 12:01 pm

'ഈ പടത്തിന്റെ ക്ലൈമാക്‌സ് എന്താണെന്ന് ഞാന്‍ തീരുമാനിക്കും'; കിടിലന്‍ സ്വാഗില്‍ ദുല്‍ഖര്‍, കാന്തയുടെ ട്രെയ്‌ലര്‍ പുറത്ത്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

സെല്‍വമണി സെല്‍വരാജിന്റെ സംവിധാനത്തില്‍ ദുല്‍ഖര്‍ സല്‍മാന്‍ നായകനായെത്തുന്ന കാന്തയുടെ ട്രെയലര്‍ പുറത്ത്. ലക്കി ഭാസ്‌കറിന് ശേഷം ദുല്‍ഖര്‍ സല്‍മാന്‍ നായകനായെത്തുന്ന ചിത്രം തമിഴിലും തെലുങ്കിലുമായാണ് ഒരുങ്ങുന്നത്. അനൗണ്‍സ്‌മെന്റ് മുതല്‍ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ചിത്രത്തിന്റെ ട്രെയ്‌ലറാണ് ഇപ്പോള്‍ അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിരിക്കുന്നത്. ഇന്നലെയാണ് ചിത്രത്തിന്റെ സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് പുറത്തുവന്നത്.

പീരീയോഡിക് ഡ്രാമയായി ഒരുങ്ങുന്ന ചിത്രം സൂപ്പര്‍സ്റ്റാറും അയാളെ സിനിമയിലേക്ക് കൈപിടിച്ചു കൊണ്ടുവന്ന സംവിധായകനും തമ്മിലുള്ള ഈഗോ ക്ലാഷിനെ പറ്റിയുമാണ് സംസാരിക്കുന്നതെന്ന് പറഞ്ഞിരുന്നു. ഈ സൂചനകള്‍ എല്ലാം തന്നെ ട്രെയ്‌ലറിലും കാണാം. ദുല്‍ഖര്‍ സല്‍മാന്‍ സൂപ്പര്‍ സ്റ്റാറായി വേഷമിടുമ്പോള്‍ സമുദ്രക്കനിയാണ് സംവിധായകന്റെ വേഷം കൈകാര്യം ചെയ്യുന്നത്. ഇവര്‍ രണ്ടുപേരുടെയും ഇടയില്‍ പെട്ടുപോകുന്ന പുതുമുഖ നടിയുടെ കഷ്ടപ്പാടിനെക്കുറിച്ചും കാന്താ സംസാരിക്കുന്നുണ്ട്.

ഒരു ഗ്രേ ഷെയ്ഡുള്ള കഥാപാത്രമാണ് ദുല്‍ഖറിന്റേതെന്ന് ട്രെയ്‌ലറില്‍ നിന്ന് വ്യക്തമാണ്. ഇതുവരെ കാണാത്ത തരത്തില്‍ ഒരു മികച്ച പെര്‍ഫോമന്‍സ് ദുല്‍ഖറില്‍ നിന്നുണ്ടാകുമെന്നാണ് ആരാധകര്‍ പറയുന്നത്. സിനിമക്കുള്ളിലെ സിനിമയാണ് കാന്ത പറയുന്നതെന്ന സൂചനയും ട്രെയ്‌ലര്‍ നല്‍കുന്നത്.

റാണ ദഗ്ഗുബതി പൊലീസ് വേഷത്തിലാണ് സിനിമയില്‍ എത്തുന്നത്. ട്രെയ്‌ലര്‍ പുറത്ത് വന്ന് നിമിഷങ്ങള്‍ക്കകം തന്നെ കാന്തയെ ഏറ്റെടുത്തിരിക്കുകയാണ് ആരാധകര്‍. ദുല്‍ഖര്‍ സല്‍മാന്റെ ഉടമസ്ഥതയിലുള്ള വേഫേറര്‍ ഫിലിംസും സ്പിരിറ്റ് മീഡിയയും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. ചിത്രം നവംബര്‍ 14ന് ആഗോള റിലീസായെത്തും

Content highlight: The trailer of Dulquer Salmaan’s Kantha, directed by Selvamani Selvaraj, is out

We use cookies to give you the best possible experience. Learn more